• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാലാ ബിഷപ്പിന്റെ നിലപാട് ഭീകരവാദികള്‍ക്കെതിരെ; സിപിഎമ്മിനും കോണ്‍ഗ്രസിനും അസഹിഷ്ണുത'; കെ സുരേന്ദ്രന്‍

'പാലാ ബിഷപ്പിന്റെ നിലപാട് ഭീകരവാദികള്‍ക്കെതിരെ; സിപിഎമ്മിനും കോണ്‍ഗ്രസിനും അസഹിഷ്ണുത'; കെ സുരേന്ദ്രന്‍

ഇരു പാര്‍ട്ടികളും വോട്ടുബാങ്ക് താത്പര്യം മുന്‍നിര്‍ത്തി മതവാദശക്തികളെ പ്രൊത്സാഹിപ്പിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

  • Share this:
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നിലപാട് ഭീകരവാദികള്‍ക്കെതിരെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്നാല്‍ അത് ചെന്ന് കൊണ്ടത് സിപിഎമ്മിനും കോണ്‍ഗ്രസിനുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു പാര്‍ട്ടികളും വോട്ടുബാങ്ക് താത്പര്യം മുന്‍നിര്‍ത്തി മതവാദശക്തികളെ പ്രൊത്സാഹിപ്പിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും അസഹിഷ്ണുതയാണിതെന്നും സത്യം പറയുന്നവരെയെല്ലാം സംഘപരിവാര്‍ ആക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നാര്‍കോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. അത് കണ്ണുതുറന്ന് കാണാന്‍ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നാർക്കോട്ടിക്ക് ജിഹാദ്: പാലാ ബിഷപ്പിന് ഐക്യദാർഢ്യമായി പ്രകടനപരമ്പര

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗം വലിയ വിവാദങ്ങൾക്ക് കാരണം ആകുമ്പോഴും ബിഷപ്പ് അനുകൂലികളുടെ പ്രകടനവും തുടരുകയാണ്. ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയുടെ പേരിലാണ് ഇന്നലെ ബിഷപ്പ് ഹൗസിലേക്ക് അനുകൂല പ്രകടനവുമായി രംഗത്തുവന്നത്. വൻ ജനപങ്കാളിത്തത്തോടെ നടന്ന പ്രകടനം പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജ് ബിജെപി സമിതി അംഗം എൻ ഹരി, ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, എന്നിവരുടെ സാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമായത്. സഭാവിശ്വാസികളുടെ പ്രകടനം എന്നതിനപ്പുറം പ്രാദേശികമായുള്ള ഒരു വിഭാഗം രാഷ്ട്രീയനേതൃത്വവും ബിഷപ്പിന് അനുകൂലമായി രംഗത്തുവന്നു എന്നതാണ് ശ്രദ്ധേയം. കേരള കോൺഗ്രസ് വിഭാഗങ്ങളുടെ പ്രാദേശിക നേതാക്കളും ഈ മാർച്ചിൽ പങ്കെടുത്തിരുന്നു.

ജിഹാദികൾക്ക് എതിരായ ബിഷപ്പിന്റെ പരാമർശം വിവാദമാക്കേണ്ട സാഹചര്യമില്ല എന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പിസി ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ ലൗ ജിഹാദിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നു. ബിഷപ്പിനെതിരെ നടക്കുന്ന ഒരു നീക്കവും അംഗീകരിക്കാനാവില്ല എന്ന് ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരി വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ബിഷപ്പിനെ ക്രൂശിക്കാൻ അനുവദിക്കില്ല എന്നും നേതാക്കൾ വ്യക്തമാക്കി. നൂറുകണക്കിന് വിശ്വാസികളാണ് ഇന്നലെ നടന്ന പ്രകടനത്തിൽ പങ്കെടുത്തത്

ഇന്നും ബിഷപ്പ് അനുകൂല പ്രകടനം പാലായിൽ നടന്നു. കത്തോലിക്കാ സഭയുടെ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് പ്രകടനം നടന്നത്. അഞ്ഞൂറോളം യുവാക്കൾ  മൂന്ന് ഘട്ടങ്ങളിലായി നടന്ന പ്രകടനത്തിൽ പങ്കെടുത്തു. യുവതികളും വൈദികരും പ്രകടനത്തിന്റെ ഭാഗമായിരുന്നു.  തുടർന്ന് കുരിശുപള്ളി കവലയിൽ നടന്ന പൊതുയോഗത്തിൽ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.  ബിജെപി നേതാവ് ജോർജ് കുര്യൻ ഉൾപ്പെടെയുള്ളവർ ഈ സമ്മേളനത്തിൽ പങ്കെടുത്തു

വിവിധ മുസ്ലിം സംഘടനകൾ കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മുസ്ലിം ഐക്യവേദി കോട്ടയം ജില്ലാ ഘടകമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രകടനം നടത്തിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു മുസ്‌ലിം സംഘടനകൾ പ്രകടനം നടത്തിയത്. പിഡിപിയും കഴിഞ്ഞദിവസം പാലാ ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തിയിരുന്നു. മുസ്ലിം സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് ഇതിനെ പ്രതിരോധിക്കാൻ എന്ന നിലയിൽ ക്രൈസ്തവ സംഘടനകളും തെരുവിലേക്ക് ഇറങ്ങിയത്. ചില രാഷ്ട്രീയ നേതാക്കളുടെ എങ്കിലും പിന്തുണ പ്രകടനങ്ങൾക്ക് ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ സംസ്ഥാന നേതാക്കൾ  പിന്തുണ അർപ്പിക്കുന്നതിനു മുൻപ് തന്നെ പ്രാദേശിക നേതാക്കൾ നേരിട്ട് സമരരംഗത്തിറങ്ങി എന്നതാണ് ശ്രദ്ധേയമായ കാര്യം. പാലാ എംഎൽഎ മാണി സി കാപ്പനും  ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ഇന്നലെ രംഗത്തുവന്നിരുന്നു. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ പരിശോധിക്കണം എന്നായിരുന്നു മാണി സി കാപ്പൻ ആവശ്യപ്പെട്ടത്. ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല ബിഷപ്പിനെ നിലപാട് എന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷൻ സജി മഞ്ഞക്കടമ്പിലും കഴിഞ്ഞദിവസം ബിഷപ്പിനെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. മുസ്ലിം സംഘടനകൾ കൂടുതൽ പ്രതിഷേധം നടത്തിയാൽ അതിനെതിരെ   കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ക്രൈസ്തവ സംഘടനകളുടെ തീരുമാനം. ഏതായാലും ലൗജിഹാദ് നാർകോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ പിന്നോട്ട് പോകാൻ ഇല്ല എന്നതാണ് കത്തോലിക്ക സഭയുടെ നിലപാട്. സഭയുടെ പത്രത്തിൽ എഴുതുന്ന ലേഖനങ്ങളും ഇതിന് തെളിവാണ്.
Published by:Jayesh Krishnan
First published: