തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലെടുക്കുന്നതോടെ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്ന് പിണറായി വിജയൻ പരസ്യമായി പ്രഖാപിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രകോപനകരമായ നീക്കമാണെന്നും തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ ചടങ്ങിൽ അധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.
Also Read-=പിണക്കം മാറി ഗവർണറും സർക്കാരും; സഭാസമ്മേളനം നയപ്രഖ്യാപനത്തോടെ ആരംഭിക്കും
ഭരണഘടനയേയും ഭരണഘടനാ ശിൽപ്പികളെയും അപമാനിച്ച സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രതിഷേധാർഹമാണ്. നിയമവാഴ്ചയെ പൂർണമായും അനാദരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. സാമ്രാജ്യത്വശക്തികളോടൊപ്പം ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പറഞ്ഞ പാർട്ടിയായ സിപിഎമ്മിൽ നിന്നും മറിച്ചൊരു തീരുമാനം ആരും പ്രതീക്ഷിക്കേണ്ടതില്ല. ജോൺ ബ്രിട്ടാസ് എംപി മുജാഹിദ് സമ്മേളനത്തിൽ പോയി രാജ്യത്തിനെതിരെ കലാപാഹ്വാനം നടത്തിയിരിക്കുകയാണ്. 20 കോടി മുസ്ലിംങ്ങളെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read- സജി ചെറിയാന്റെ സത്യപ്രതിജ്ഞ വീണ്ടും; പ്രതിപക്ഷം ബഹിഷ്കരിക്കും; ഭരണഘടനാ സംരക്ഷണ ദിനവുമായി ബിജെപി
മുഖ്യമന്ത്രി പറയുന്നത് പാർലമെന്റ് പാസാക്കിയ നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ്. യുജിസി മാനദണ്ഡങ്ങൾ കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കില്ലെന്നാണ് അദ്ദേഹം വീമ്പിളക്കുന്നത്. ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച മുഖ്യമന്ത്രിക്ക് നമ്മുടെ സംസ്കാരത്തോട് പുച്ഛമാണ്. ഏകാധിപതിയെ പോലെ ഭരിക്കാമെന്നാണ് പിണറായി വിജയൻ കരുതുന്നത്. ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. കേരളം എന്നത് ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. രാജ്യദ്രോഹശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണിത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ റെയിഡിന്റെ വിവരങ്ങൾ ചോർത്തിയത് ഇവിടുത്തെ പൊലീസാണെന്നും സുരേന്ദ്രൻ പറഞ്ഞു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.