തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജിക സ്ഥാനം രാജിവയ്ക്കേണ്ടതും അനിവാര്യമാണ്.
ധാർമികമായും നിയമപരമായും എംഎൽഎ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അര്‍ഹതയില്ല. രാജിയ്ക്ക് തയ്യാറായില്ലെങ്കിൽ നിയമനടപടിയുമായി ബിജെപി മുന്നോട്ടു പോവുമെന്നും സുരേന്ദ്രൻ പറഞ്ഞു. സജിചെറിയാന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരാതികളുണ്ടായിട്ടും പൊലീസ് കേസെടുത്തിട്ടില്ല.
സ്വതന്ത്ര തീരുമാനപ്രകാരമാണ് രാജിയെന്ന് സജി ചെറിയാൻ പറയുന്നത്. ഇത്രയും ഗുരുതരമായ തെറ്റുചെയ്തിട്ടും പാർട്ടി രാജിവയ്ക്കാൻ ആവശ്യപ്പെടാത്തത് നിയമവിരുദ്ധമാണ്. രാജ്യത്തോട് കൂറില്ലാത്തവരാണ് സിപിഎം എന്ന് വീണ്ടും തെളിയിക്കുകയാണ്.
ഭരണഘടനയക്കെതിരായ പരാമർശത്തിലാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചത്. രാജിയില്ലെന്ന് ആവർത്തിച്ച സജി ചെറിയാൻ, പാർട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വൈകിട്ടോടെ രാജി സമർച്ചതെന്നാണ് വിവരം. എന്നാൽ രാജി സ്വതന്ത്ര തീരുമാനപ്രകാരമാണെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാദ പ്രസംഗം ആദ്യമായി പുറത്തുവിട്ടത് ന്യൂസ് 18 ആയിരുന്നു. പിന്നാലെ രാജി ആവശ്യം ശക്തമാവുകയായിരുന്നു.
അതേസമയം സജി ചെറിയാൻ എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. പ്രസംഗത്തെ തള്ളി പറയാത്തത് അത്ഭുതപ്പെടുത്തുന്നെന്ന് വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തിൽ സജി ചെറിയാനെതിരെ എഫഐആർ രജിസ്റ്റർ ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.