• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വി.മുരളീധരനെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്‍റെ വ്യാമോഹം'; വേട്ടയാടാൻ ബിജെപി അനുവദിക്കില്ലെന്ന് കെ.സുരേന്ദ്രൻ

'വി.മുരളീധരനെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്‍റെ വ്യാമോഹം'; വേട്ടയാടാൻ ബിജെപി അനുവദിക്കില്ലെന്ന് കെ.സുരേന്ദ്രൻ

മെയ് രണ്ട് കഴിഞ്ഞാൽ ഇന്ത്യാ ഭൂപടത്തിൽ നിന്നും തന്നെ പുറം തള്ളപ്പെടാനിരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപാമ്പാണ്. മുരളീധരനെ വേട്ടയാടാൻ സിപിഎമ്മിനെ ബിജെപി അനുവദിക്കില്ല

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    കോഴിക്കോട്: വി.മുരളീധരനെ വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം മുരളീധരനെ ആക്രമിക്കുകയാണെന്നും അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നുമാണ് സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്നാരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത് വന്നിരുന്നു.

    ഇതിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ മാന്യതയ്‌ക്ക്‌ നിരക്കാത്ത മുരളീധരന്റെ നടപടികള്‍ തിരുത്തുന്നതിന്‌ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്താവനയും ഇറക്കിയിരുന്നു. മുരളീധരനെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു സിപിഎം നേതാവിന്‍റെ പ്രസ്താവന. ഇതിന് മറുപടിയായാണ് ഇപ്പോൾ സുരേന്ദ്രന്‍റെ പ്രതികരണം.

    Also Read-മുഖ്യമന്ത്രിക്കെതിരായ കോവിഡിയറ്റ് പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു: വി മുരളീധരൻ

    കോവിഡ് പ്രോട്ടോകോൾ ലംഘിക്കുകയും രോ​ഗ വ്യാപനം തടയുന്നതിൽ പരാജയപ്പെടുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്ച മറയ്ക്കാൻ സിപിഎം, വി.മുരളീധരനെ ആക്രമിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആരോപിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് പ്രവർത്തിച്ചതിനെ ചോദ്യം ചെയ്തതിനാണ് സിപിഎം മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിൽ കേരളം ലോക റെക്കോഡിലെത്തി നിൽക്കുമ്പോൾ വിഷയം വഴിമാറ്റാനാണ് സർക്കാരിന്റെ ശ്രമം. കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡൽ വെറും പി.ആർ തള്ള് മാത്രമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.



    വി.മുരളീധരനെ വളഞ്ഞിട്ടാക്രമിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. സിപിഎമ്മിന്റെ പ്രതാപകാലത്ത് അവരുടെ പാർട്ടി ​കോട്ടയിൽ ദേശീയ പ്രസ്ഥാനത്തിന്റെ പതാക പാറിച്ച നേതാവാണ് മുരളീധരൻ. മെയ് രണ്ട് കഴിഞ്ഞാൽ ഇന്ത്യാ ഭൂപടത്തിൽ നിന്നും തന്നെ പുറം തള്ളപ്പെടാനിരിക്കുന്ന സിപിഎമ്മിന്റെ ഭീഷണി അദ്ദേഹത്തിന് വെറും ഓലപാമ്പാണ്. മുരളീധരനെ വേട്ടയാടാൻ സിപിഎമ്മിനെ ബിജെപി അനുവദിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

    കോവിഡ് പോസിറ്റീവായ മകൾ താമസിച്ച വീട്ടിൽനിന്ന് നിരവധി പേരെ കൂട്ടി പ്രകടനമായി മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തി മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാണ് കേന്ദ്രമന്ത്രി മുരളീധരൻ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധന സംബന്ധിച്ചും അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പോസിറ്റീവായി പത്ത് ദിവസത്തിന് ശേഷമാണ് പരിശോധന നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ പരിശോധന നടത്തിയത് ഏഴാം ദിവസത്തിൽ ആണ്. എന്നാൽ രോഗ ബാധ ഏപ്രിൽ നാല് മുതൽ ഉണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഏപ്രിൽ നാല് കണക്കാക്കിയാണ് പരിശോധന നടത്തിയതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കുന്നു എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചത്. മുഖ്യമന്ത്രിയെ 'കോവിഡിയറ്റ്' എന്ന് വിളിച്ച മുരളീധരന്‍, നിരന്തരം പ്രോട്ടോക്കോൾ ലംഘിക്കുന്നവരെ മറ്റെന്തു വിളിക്കുമെന്നും ചോദിച്ചിരുന്നു.
    Published by:Asha Sulfiker
    First published: