തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം സിപിഎമ്മിനെതിരെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
കള്ളുഷാപ്പിലെ തർക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമർശിക്കുന്നതിൽ അത്ഭുതമില്ല. പ്രകടനത്തിനിടയിൽ പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണെന്ന പാംപ്ലാനിയുടെ പരാമർശം രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്നലെ വൈകുന്നേരം കണ്ണുർ ചെറുപുഴയിൽ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനി വിവാദ പരാമർശം നടത്തിയത്.
രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലൻമാരെന്നും പാംപ്ലാനി പറഞ്ഞു. റബറിന് താങ്ങുവില 300 രൂപയാക്കിയാൽ ബി ജെ പിക്ക് വോട്ട് ചെയ്യാൻ മടിയില്ലെന്ന പാംപ്ലാനിയുടെ പ്രസ്താവന നേരത്തെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, BJP president K Surendran, Thalassery