കൊച്ചി: മാലിന്യ നിർമാർജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്‌തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലോകബാങ്ക് 2021-ല്‍ 105 മില്യണ്‍ ഡോളറിന്റെ സഹായം കേരളത്തിന് പ്രഖ്യാപിച്ചിരുന്നുവെന്ന് തൃപ്പൂണിത്തുറയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും വലിയ തുകയാണ് ശുചീകരണത്തിന് സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ഇതെല്ലാം കൊള്ളയടിക്കുന്ന ഒരു സമീപനമാണുണ്ടായത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ എത്ര തുക സംസ്ഥാനത്തിന് മാലിന്യ നിര്‍മാർജനത്തിന് ലഭിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ബ്രഹ്‌മപുരം മാലിന്യ നിർമാർജന പ്ലാന്റുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുമായി കരാറുകാര്‍ വിദേശത്ത് ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കമ്പനിക്ക് കരാര്‍ കൊടുത്തത്. അതിന് ശേഷമാണ് കേരളത്തിലെ കോര്‍പ്പറേഷനുകളില്‍ ഈ കമ്പനിക്ക് കരാര്‍ ലഭിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്താണ് ഡീല്‍ നടന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
Also Read- ബ്രഹ്മപുരത്ത് പുകയെരിച്ചത് സർക്കാരെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ; വേണ്ടി വന്നാൽ 500 കോടി പിഴ ചുമത്തും
എറണാകുളത്തെ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളാണ് മാലിന്യ നിര്‍മാര്‍ജ്ജന കരാര്‍ ഏറ്റെടുത്ത് നടത്തുന്നത്. യുഡിഎഫ് നേതാക്കള്‍ക്കും പങ്ക് കിട്ടുന്നുണ്ട്. യുഡിഎഫും എല്‍ഡിഎഫും നിയമസഭയില്‍ കയ്യാങ്കളി നടത്തി വിഷയം മാറ്റുകയാണ്. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഷാഡോ ബോക്‌സിംഗാണിത്. നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ മാത്രമാണ്. തീ അണഞ്ഞെങ്കിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടണം. സര്‍ക്കാരിന്റെ കള്ളക്കളി പുറത്തെത്തിക്കും വരെ ബിജെപി സമരം ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.