തിരുവനന്തപുരം: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സംസ്ഥാന സര്‍ക്കാർ കള്ളക്കേസെടുക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ. മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെ ഒന്നാം പ്രതിയായി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാരിനെ വിമര്‍ശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി പ്രതികരിച്ചു. കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തുടരുമെന്ന വാർത്തയും സംസ്ഥാനത്തെ ബിജെപിയുടെ ശക്തമായ പ്രവർത്തനവുമാണ് പിണറായി വിജയനെ വിറളി പിടിപ്പിക്കുന്നത്.
Also Read-മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ചു
ലാവ്ലിൻ കേസിൽ കുറ്റാരോപിതനായ പിണറായി വിജയൻ സുരേന്ദ്രനെതിരെ കള്ളക്കേസെടുത്ത് രാഷ്ട്രീയ വിരോധം തീർക്കുകയാണ്. ബിജെപിയുടെ ബഹുജനപിന്തുണയിൽ വിറളിപൂണ്ടതുകൊണ്ടാണ് യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിൽക്കുന്നതെന്ന് പ്രകാശ് ജാവഡേക്കർ പറഞ്ഞു. സുരേന്ദ്രനെതിരായകള്ളക്കേസ് ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ മറച്ചുപിടിക്കാനാണ് കെ.സുരേന്ദ്രനെതി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു. ഒന്നരവർഷമായി അന്വേഷിച്ചിട്ടും എവിടെയുമെത്താത്ത കേസ് വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നത് സർക്കാർ പ്രതിസന്ധിയിലായതു കൊണ്ട് മാത്രമാണെന്ന് കുമ്മനം പ്രതികരിച്ചു.
Also Read-വിഭാഗീയത; കുട്ടനാട്ടിൽ സിപിഎമ്മിൽ കൂട്ടരാജി; ഒരുമാസത്തിനിടെ പാർട്ടിവിട്ടത് 250ലേറെ പേർ
കെ.സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റപത്രം സമർപ്പിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സികെ പത്മനാഭൻ ആരോപിച്ചു. കെ.സുരേന്ദ്രനെ വേട്ടയാടാൻ ബിജെപി പ്രവർത്തകർ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.