തിരുവനന്തപുരം: ശബരിമല പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും എത്തിക്കാൻ ബിജെപി നീക്കം. ദക്ഷിണേന്ത്യയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ അൽഫോൺസ് കണ്ണന്താനം, പൊൻ രാധാകൃഷ്ണൻ, സദാനന്ദ ഗൗഡ എന്നിവരെ ശമ്പരിമലയിൽ എത്തിക്കാനാണ് നീക്കം. ഇതിന്‍റെ തുടക്കമെന്നോണം കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം നാളെ പമ്പയിലെത്തും. രാവിലെ ഒമ്പത് മണിയോടെ അൽഫോൺസ് കണ്ണന്താനം പമ്പയിലെത്തുമെന്നാണ് വിവരം. പമ്പയിലെയും മറ്റും അടിസ്ഥാന സൌകര്യങ്ങൾ കേന്ദ്രമന്ത്രി വിലയിരുത്തും. ഇതിനുശേഷമായിരിക്കും പൊൻ രാധാകൃഷ്ണൻ സുരേഷ് ഗോപി, വി മുരളീധരൻ തുടങ്ങി ബിജെപി എംപിമാരേയും ശബരിമലയിൽ എത്തിക്കുമെന്നാണ് സൂചന.
കെ സുരേന്ദ്രന്‍റെ അറസ്റ്റ്: ദേശീയ പാത ഉപരോധിച്ച് ബിജെപിയുടെ പ്രതിഷേധം
ശബരിപാതയിലും സന്നിധാനത്തും ശക്തമായ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല എന്നിവരുടെ അറസ്റ്റോടെ ശബരിമല സമരം ദേശീയതലത്തിലേക്ക് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശബരിമലയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് സമരം ഈ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്. ഇതിന്‍റെ ഭാഗമായാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള കേന്ദ്രമന്ത്രിമാരെയും എം.പിമാരെയും നേതാക്കളെയും ശബരിമലയിൽ എത്തിക്കാൻ ബിജെപി നേതൃത്വം നീക്കം ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Sabarimala agitation, ബിജെപി, ശബരിമല പ്രതിഷേധം