• HOME
 • »
 • NEWS
 • »
 • kerala
 • »
 • അവിണ്ണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്; ഹരി സി നരേന്ദ്രൻ പ്രസിഡന്‍റാകും

അവിണ്ണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്; ഹരി സി നരേന്ദ്രൻ പ്രസിഡന്‍റാകും

പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബി. ജെ. പി. ബി. ജെ. പി ആറ്, എല്‍. ഡി. എഫ് അഞ്ച്, യു. ഡി. എഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

News18 Malayalam

News18 Malayalam

 • Share this:
  തൃശൂര്‍: അവിണ്ണിശ്ശേരി പഞ്ചായത്ത് ഭരണം കോടതി വിധിയിലൂടെ ബി ജെ പിക്ക് ലഭിച്ചു. ബി. ജെ. പി സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഹരി സി.നരേന്ദ്രനെ പഞ്ചായത്ത് പ്രസിഡന്റായി കേരള ഹൈക്കോടതി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. വൈസ് പ്രസിഡന്റായി ഗീത സുകുമാരനെയും ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്

  പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബി. ജെ. പി. ബി. ജെ. പി ആറ്, എല്‍. ഡി. എഫ് അഞ്ച്, യു. ഡി. എഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ബി. ജെ. പിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രണ്ട് തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇടതുമുന്നണിക്ക് വോട്ടുചെയ്യുകയായിരുന്നു. എന്നാല്‍ രണ്ട് തവണയും കോണ്‍ഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ച്‌ ഇടതുമുന്നണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ രാജിവെക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹരിയും ഗീതയും ഹൈക്കോടതിയിൽ ഹർജി നൽകിയത്. രാജിനാടകം പഞ്ചായത്തില്‍ ഭരണസ്തംഭനമുണ്ടാക്കുന്നുവെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരിയും ഗീതയും ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമാരായി പ്രഖ്യാപിക്കണമെന്ന് ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

  കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് ഹരി സി. നരേന്ദ്രനായിരുന്നു. ആദ്യ തവണ രാജിവെച്ചപ്പോള്‍ പഞ്ചായത്തിലെ മുതിര്‍ന്ന അംഗത്തിന് ചുമതല നല്‍കിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാം തെരഞ്ഞെടുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. ഇതും രാജിവെച്ചതോടെ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ബി. ജെ. പിയിലെ സൂര്യ ഷോബിയായിരുന്നു ഭരണച്ചുമതല നിര്‍വഹിച്ചിരുന്നത്.

  ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇനിയെങ്കിലും ഇടത്-വലത് പാര്‍ട്ടികള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇത്തരം നാണം കെട്ട കളികള്‍ അവസാനിപ്പിച്ച് ജനവിധി അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ കെ. കെ അനീഷ്‌കുമാര്‍ പറഞ്ഞു.

  ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്തിലും സമാനമായ സ്ഥിതിവിശേഷം നിലവിലുണ്ട്. ഇവിടെ പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ രാജിവച്ചിരുന്നു. കോൺഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനത്തെ തുടർന്നാണ് രാജി. രാജിവച്ചില്ലെങ്കിൽ വിജയമ്മയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സി.പി.എം മുന്നറിയിപ്പ് നൽകിയിരുന്നു. രാജിവയ്ക്കണമെന്ന സി.പി.എം നിർദ്ദേശം പാലിക്കാൻ ആദ്യഘട്ടത്തിൽ വിജയമ്മ തയാറായിരുന്നില്ല.

  ചെന്നിത്തല പഞ്ചായത്തിൽ  പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അ‍ഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിക്കും എല്‍ഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബിജെപി അധികാരത്തിൽ എത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്.
   Also Read ചെന്നിത്തല തൃപ്പെരുംതുറയിലെ പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കിൽ നടപടിയെന്ന് CPM; താക്കീത് തള്ളി പ്രാദേശിക നേതൃത്വം

  ചെന്നിത്തല തൃപ്പെരുംതുറയിലെ പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കിൽ നടപടിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ താക്കീതിനെ നേരത്തെ  പ്രാദേശിക നേതൃത്വം തള്ളിയിരുന്നു. നോട്ടീസ് കൈപ്പറ്റിയെങ്കിലും ഉടൻ രാജിയില്ലെന്ന പ്രതികരണമാണ് പ്രസിഡൻറ് വിജയമ്മ ഫിലേന്ദ്രൻ്റതും. ലോക്കൽ കമ്മറ്റികളുടെ പിന്തുണയോട് കൂടിയുള്ള നീക്കത്തിൽ സി.പി.എം ജില്ലാ നേതൃത്വും പ്രതിസന്ധിയിലായിരുന്നു.
  Published by:Anuraj GR
  First published: