പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ അഭിനന്ദിക്കാന്‍ ലഡു വിതരണം നടത്തി ബിജെപി പ്രവര്‍ത്തകര്‍. ഇടുക്കി മൂലമറ്റത്ത് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് പുതുക്കിപണിയുന്നതിന് മന്ത്രിയുടെ ഓഫീസ് നടത്തിയ അടിയന്തര ഇടപെടലിന് പിന്നാലെയാണ് മന്ത്രിയെ അഭിനന്ദിച്ച് ബിജെപി പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തിയത്.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇവിടെ 2 തവണ സമരം നടത്തിയിരുന്നു. ഇതോടൊപ്പം തകർന്നു കിടക്കുന്ന റോഡിന്റെ ഫോട്ടോയും പത്രവാർത്തകളും സഹിതം മന്ത്രിക്ക് നിവേദനവും ബിജെപി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുക്കുമെന്ന് മന്ത്രിയുടെ മറുപടിയും ലഭിച്ചു. വർഷങ്ങളായി തകർന്ന് കിടന്നിരുന്ന അശോക കവല മുതൽ മൂലമറ്റം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികളാണ് ആരംഭിച്ചത്.
റോഡിന്‍റെ ശോചനീയാവസ്ഥമൂലം ഗതാഗതം ദുര്‍ഘടമായ മൂലമറ്റം ബസ് സ്റ്റാൻഡിന്റെ മുൻവശത്തും സെന്റ് ജോർജ് ഫൊറോന പള്ളിയുടെ സമീപവും ടൈൽ വിരിക്കുന്നതിനും ബാക്കി ഭാഗത്തെ കുഴിയടയ്ക്കുന്നതിനുമാണ് നടപടിയായത്. കുഴിയടയ്ക്കുന്ന ജോലി മഴ മാറിയ ശേഷം മാത്രമേയുണ്ടാവുകയുള്ളു എന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ റോഡ് നേരത്തെ തന്നെ കരാർ നൽകിയിരുന്നതായും ഈ ജോലികളാണ് നടക്കുന്നതെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Minister Mohammad Riyas