കോഴിക്കോട്: മുസ്ലിം സമുദായത്തെ (Muslims) കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്ന് പൂഞ്ഞാർ (Poonjar) മുൻ എം എൽ എ പി സി ജോർജ് (PC George). 'ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ പറഞ്ഞു പോയതാണ്. ഇനിയുണ്ടാവാതെ നോക്കാം. എസ് ഡി പി ഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ. ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം'- പി സി ജോർജ് കോഴിക്കോട്ട് പറഞ്ഞു.
കെ റെയിൽ സംസ്ഥാനത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യൻമാരെ വിളിച്ചു ചർച്ച നടത്തുകയാണ്. സമ്പന്നൻമാർ മാത്രമാണ് പിണറായിക്ക് മാന്യൻമാർ. ഇരകളോട് സംസാരിക്കാൻ പിണറായി തയാറാവുന്നില്ല. ആക്രി കച്ചവടത്തിനാണ് കെ റെയിൽ നടത്തുന്നത്. 15000 കോടിയുടെ അഴിമതിയാണ് സിൽവർ ലൈൻ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ടി വില നൽകിയാൽ പിണറായിയുടെ സ്ഥലം തനിക്ക് നൽകുമോയെന്ന് അദ്ദേഹം ചോദിച്ചു. ജപ്പാനിൽ നിന്ന് ആക്രി ട്രെയിൻ കൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പി സി ജോർജ് നടത്തിയ ചില പരാമർശങ്ങൾ മുസ്ലിം സമുദായത്തിന്റെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ജോര്‍ജിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. പിന്നീട് ഈ വിഷയത്തില്‍ പി സി ജോര്‍ജ് ക്ഷമ പറഞ്ഞിരുന്നു.
2030 ഓടെ രാജ്യത്തെ മുസ്ലിം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും പി സി ജോർജ് പറഞ്ഞിരുന്നു. ഹലാല്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട പരാമർശങ്ങളും വിവാദമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.