കണ്ണൂര്‍ സര്‍വകലാശാലയിലെ (kannur University) വിവാദമായ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം (Board of Studies Appointment) ഹൈക്കോടതി റദ്ദാക്കി. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. ചാൻസലർ നിര്‍ദേശിക്കുന്നവരെയാണ് നിയമിക്കേണ്ടതെന്നും സിൻഡിക്കറ്റ് നടത്തിയ നിയമനം നിയമവിരുദ്ധമായിരുന്നെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു സർവകലാശാല സെനറ്റ് അംഗം വി.വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവരാണ് അപ്പീൽ നൽകിയത്.
ചാന്‍സലറായ ഗവര്‍ണറുടെ വിശദീകരണവും പരിഗണിച്ചായിരുന്നു അപ്പീലില്‍ ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എതിര്‍കക്ഷികളായ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്കു നോട്ടിസ് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
നിയമപ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെയും അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത് ചാന്‍സലറും നിയമനം നടത്തേണ്ടതു സിന്‍ഡിക്കറ്റ് ആണെന്നുമാണു ഗവര്‍ണര്‍ നല്കിയ വിശദീകരണം. വൈസ് ചാന്‍സലറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നേരത്തെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചിരുന്നതെന്നും നിലവിലെ വൈസ് ചാന്‍സലറും മുന്‍പ് ശുപാര്‍ശ നല്‍കിയിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
ചാന്‍സലറായ ഗവര്‍ണറുടെ അധികാരം മറികടന്നാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം നടത്തിയിരിക്കുന്നതെന്നും യോഗ്യതയില്ലാത്തവരെ നിയമിച്ചെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാലാ സെനറ്റ് അംഗം വി.വിജയകുമാര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവര്‍ നല്കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
തുടര്‍ന്നാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കുന്നതില്‍ സിന്‍ഡിക്കറ്റിന്റെയും ചാന്‍സലറുടെയും അധികാരവും നിയമന രീതിയും വിശദമാക്കുന്ന പട്ടിക ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ജോര്‍ജ് പൂന്തോട്ടം സമര്‍പ്പിച്ചിരുന്നു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവര്‍ണറുടെ നാമനിര്‍ദേശം ഇല്ലാതെ സിന്‍ഡിക്കറ്റ് തന്നെ നേരിട്ടു നിയമിക്കുന്നതിനുള്ള ചട്ട ഭേദഗതി നിര്‍ദേശം കഴിഞ്ഞ സിന്‍ഡിക്കറ്റ് യോഗം അംഗീകരിച്ചിരുന്നു. ഈ തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും അദ്ദേഹം ഒപ്പിടാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ചാന്‍സലര്‍ പദവി ഒഴിയാന്‍ ഗവര്‍ണര്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു സിന്‍ഡിക്കറ്റിന്റെ നിയമനം.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.