നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കൊല്ലത്തു നിന്ന് മത്സ്യബന്ധന ബോട്ട് വാങ്ങിയത് മനുഷ്യക്കടത്തിനെന്ന് കണ്ടെത്തൽ

    കൊല്ലത്തു നിന്ന് മത്സ്യബന്ധന ബോട്ട് വാങ്ങിയത് മനുഷ്യക്കടത്തിനെന്ന് കണ്ടെത്തൽ

    കുളത്തൂപ്പുഴയിൽ ശ്രീലങ്കൻ തമിഴ് വംശജർ താമസിക്കുന്ന പ്രദേശത്തെ സ്ത്രീയെ ബിനാമിയാക്കി ജോസഫ് രാജ് ബോട്ടു വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കൊല്ലം: മനുഷ്യക്കടത്തിന് കൊല്ലത്തു നിന്ന് ബോട്ട് വാങ്ങിയ സംഭവത്തിൽ രാമേശ്വരം സ്വദേശി തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ. രമേശ്വരം സ്വദേശി ജോസഫ് രാജാണ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിൽ ഉള്ളത്. ഇയാൾ ബോട്ടുവാങ്ങിയത് നീണ്ടകര സ്വദേശി ഷഫീർ എന്നയാളിൽ നിന്നുമാണ്. കുളത്തൂപ്പുഴയിൽ ശ്രീലങ്കൻ തമിഴ് വംശജർ താമസിക്കുന്ന പ്രദേശത്തെ സ്ത്രീയെ ബിനാമിയാക്കി ജോസഫ് രാജ് ബോട്ടു വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ബോട്ടു വിറ്റുവെന്നും എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയില്ലെന്നും ഷഫീർ പറഞ്ഞു.

    ശ്രീലങ്കൻ തമിഴ് വംശജരെ തമിഴ്നാട്ടിൽ പാർപ്പിച്ചിട്ടുള്ള നാലു ക്യാമ്പുകളിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് മനുഷ്യകടത്ത് നടന്നുവെന്ന സംശയത്തിലാണ് ക്യൂ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. നീണ്ടകര സ്വദേശി ഷഫീർ തമിഴ്നാട് രാമേശ്വരം സ്വദേശി ജോസഫ് രാജ് എന്നിവർ പങ്കാളിത്തത്തോടെ സെന്റ് അലക്സ് എന്ന ബോട്ട് ഉപയോഗിച്ചിരുന്നു.

    ഈ വർഷം ഏപ്രിലിൽ 45 ലക്ഷം രൂപ നീണ്ടകര സ്വദേശിക്ക് നൽകിയാണ് ജോസഫ് രാജിൻ്റെ ഇടപാടിൽ ബോട്ട് വില്പന നടന്നത്. കുളത്തൂപ്പുഴയിൽ ശ്രീലങ്കൻ തമിഴ് വിഭാഗം കഴിയുന്ന കേന്ദ്രത്തിലെ സ്ത്രീയെ ബിനാമിയാക്കിയാണ് ബോട്ട് വാങ്ങിയത്. കേരളത്തിലെ ബോട്ടിൻ്റെ രജിസ്ട്രേഷൻ തമിഴ്നാട്ടിലേക്ക് മാറ്റുന്നതിന് നിയമപരമായി നിരവധി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ഒഴിവാക്കുന്നതിനുവേണ്ടി കുളത്തുപുഴയിലെ സ്ത്രീയുടെ പേരിൽ ബോട്ട് വാങ്ങുന്നു എന്ന വിശദീകരണമാണ് ജോസഫ് രാജ് ഉടമയ്ക്ക് നൽകിയത്.

    രാമേശ്വരത്ത് എത്തിച്ച ബോട്ട് രൂപമാറ്റം വരുത്തിയ കാര്യം ക്യൂ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. ഡീസൽ ടാങ്കിൻ്റെ വലിപ്പം കൂട്ടുകയും 50 പേർക്ക് സഞ്ചരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്തു. ബോട്ട് കാണാനില്ലെന്നു പറഞ്ഞ് ജോസഫ് രാജ് രാമേശ്വരം പോലീസിനെ സമീപിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാണ്മാനില്ല എന്ന പരാതി വ്യാജമെന്ന് തെളിഞ്ഞത്. നിലവിൽ ജോസഫ് രാജ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലാണ്. ബിനാമിയായ സ്ത്രീയെ തമിഴ്നാട് പോലീസ് ചോദ്യം ചെയ്തുവെന്നും വിവരമുണ്ട്. നീണ്ടകരയിൽ നിന്ന് മനുഷ്യക്കടത്തിന് ബോട്ട് കൊണ്ടുപോയ സംഭവത്തിൽ നേരത്തെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



    കേരളത്തിൽ അടുത്തിടെ വില്പന നടത്തിയ മത്സ്യബന്ധന ബോട്ടുകളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. നീണ്ടകരയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ ബോട്ട് മനുഷ്യക്കടത്തിന് ഉപയോഗിച്ചുവെന്ന നിഗമനത്തെ തുടർന്നാണ് വിവിധ ഏജൻസികളുടെ അന്വേഷണം. അതേസമയം തമിഴ്നാട് ക്യൂ ബ്രാഞ്ച് കൊല്ലത്തെത്തി ബോട്ട് ഉടമകൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായും റിപ്പോർട്ടുണ്ട്.

    ജോസഫ് രാജിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തീരത്ത് വ്യാപക പരിശോധന നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വിൽപ്പന നടത്തിയ മത്സ്യബന്ധന ബോട്ടുകളെ കുറിച്ചാണ് അന്വേഷണം. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

    തമിഴ്നാട്ടിലെ പുനരധിവാസ ക്യാമ്പുകളിൽ നിന്ന് ശ്രീലങ്കൻ തമിഴ് കുടുംബങ്ങളെ കാണാതായിട്ടുമുണ്ട്. രണ്ടു ദിവസമായി ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലയുടെ തീരദേശത്ത് കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ ബോട്ടുകൾ തമിഴ്നാട് കേന്ദ്രീകരിച്ച് പോയിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായാണ് സൂചന.
    Published by:user_57
    First published:
    )}