HOME » NEWS » Kerala »

കണ്ണൂരിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർഥിനികളുടെ മൃതദേഹം സംസ്കരിച്ചു; പൊലീസ് അന്വേഷണം തുടരുന്നു

News18 Malayalam | news18-malayalam
Updated: October 28, 2019, 7:32 PM IST
കണ്ണൂരിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർഥിനികളുടെ മൃതദേഹം സംസ്കരിച്ചു; പൊലീസ് അന്വേഷണം തുടരുന്നു
News18 Malayalam
  • Share this:
കണ്ണൂർ: ചക്കരക്കല്ലിൽ ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിനികളുടെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ വൈകിട്ട് ആണ് സുഹൃത്തുക്കളെ പെൺകുട്ടികളിൽ ഒരാളുടെ വീടിന്റെ ഒന്നാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായിരുന്നു ഇരുവരും. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ആണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചത്. തുടർന്ന് വിദ്യാർഥിനികൾ പഠിച്ച സ്കൂളിലെ പൊതു ദർശനത്തിന് ശേഷം ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ക്ലാസ് മുറിയിൽ സഹപാഠികൾ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടർന്നാണു ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ചില സഹപാഠികൾ കളിയാക്കിയതായി മൃതദേഹങ്ങൾക്കു സമീപത്തു നിന്നു കിട്ടിയ കത്തിൽ പരാമർശമുണ്ട്. മരിച്ച പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്തിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിൽ പെൺകുട്ടിയുമായി നടത്തിയ വാട്സാപ് ചാറ്റ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും പെൺകുട്ടികൾ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങൾക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല.

Also Read- പെണ്ണുങ്ങളുടെ കാര്യത്തിൽ നാടും കാലവും അത്ര നല്ലതല്ല; വാളയാർ വിഷയത്തിൽ പ്രതികരണവുമായി ശ്രീകുമാർ മേനോൻ

പെൺകുട്ടികൾ രണ്ടു പേരും ഹൈസ്കൂൾ തലം മുതൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്കൂളിൽ സ്പെഷൽ ക്ലാസിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികൾ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. മാതാപിതാക്കൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടികളാണ് ഇരുവരും. വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള സമ്മർദം ഇരുവർക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കൾ പറയുന്നത്.

ഇതിനിടെ, ചക്കരക്കല്ലിൽ വിദ്യാർഥിനികളുടെ ആത്മഹത്യയെത്തുടർന്നു വാട്സാപിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്നു പൊലീസ് വ്യക്തമാക്കി. സൗഹൃദ ഗ്രൂപ്പുകളിലെ ചാറ്റുകൾ സംബന്ധിച്ച പ്രശ്നങ്ങളാണു മരണകാരണമെന്നു സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.

First published: October 28, 2019, 7:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories