തിരുവനന്തപുരം: കള്ളവോട്ട് ആരോപണം തിരുവനന്തപുരം മണ്ഡലത്തിലും. നാട്ടിൽ ഇല്ലാത്തവരുടെ പേരിൽ സിപിഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് ബിജെപി പരാതിപ്പെട്ടു. വെബ് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണം 18 നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്നാണ് ബിജെപിയുടെ പരാതി. വിദേശത്ത് സ്ഥിരതാമസമാക്കിയവരുടെയും നാട്ടിൽ ഇല്ലാത്ത മറ്റുള്ളവരുടെയും പേരിലായിരുന്നു കള്ളവോട്ട് നടന്നത്. സിപിഎം ശക്തികേന്ദ്രമായ കാട്ടായിക്കോണത്ത് നേരത്തെയും കള്ളവോട്ട് നടന്നിരുന്നെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, പൊലീസിലെ കള്ളവോട്ട് വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർണ്ണായക തീരുമാനം ഇന്നുണ്ടാകും. ഡിജിപി നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും തീരുമാനമെന്ന് ടിക്കാറാം മീണ അറിയിച്ചു. കുറ്റക്കാർക്ക് എതിരെ കേസെടുക്കണം എന്നത് അടക്കമുള്ള ശുപാർശകൾ ആണ് ഡിജിപി സമർപ്പിച്ചത്.
പൊലീസിൽ പോസ്റ്റൽ വോട്ട് തിരിമറി നടന്നെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയത്. കുറ്റക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് ലഭിച്ചെന്ന് സ്ഥിരീകരിച്ച ടിക്കാറാം മീണ, ഇന്ന് തീരുമാനം എടുക്കുമെന്നും അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.