കാസര്‍കോട്: തൃക്കരിപ്പൂരില്‍ സിപിഎം പ്രവര്ത്തകന് കള്ളവോട്ട് ചെയ്തെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി തെരഞ്ഞെടുപ്പ് കമ്മീഷന്. കള്ളവോട്ട് ചെയ്ത കെ. ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്കി. പിലാത്തറയിലെ കള്ളവോട്ട് സംഭവത്തില്‍ സിപിഎം വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തതിനു പിന്നാലെയാണ് തൃക്കരിപ്പൂരിലും കള്ളവോട്ട് നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
തൃക്കരിപ്പൂരിലെ 48ാം നമ്പര്‍ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകനായ കെ ശ്യാം കുമാര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണം ശരിയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം കെ. ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്കി. കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അന്വേഷണം നടത്തി ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Also Read: 'കോൺഗ്രസ് സ്ഥാനാർഥികൾ BJP വോട്ട് ഭിന്നിപ്പിക്കും' - പ്രിയങ്ക ഗാന്ധിയുടെ വിവാദ പ്രസ്താവനയ്ക്ക് എതിരെ മഹാസഖ്യംഅതെ സമയം പിലാത്തറ കള്ളവോട്ട് സംഭവത്തില്‍ കണ്ണൂര്‍ ചെറുതാഴം പഞ്ചായത്ത് അംഗം സലീന എം.പി, മുന്‍ അംഗം കെ. പി സുമയ്യ, പത്മിനി എന്നിവര്‍ക്ക് എതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ക്രിമിനല്‍ കേസ് രെജിസ്റ്റര്‍ ചെയ്തു. പിലാത്തറ എ യു പി സ്കൂളിലെ ബൂത്തില്‍ കള്ളവോട്ട് നടന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ആയിരുന്നു പുറത്ത് വിട്ടത്.
കല്ല്യാശ്ശേരിയിലെ പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്തതെന്ന് ആരോപണമുയര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കളക്റ്റര്‍ക്ക് മുന്നില്‍ ഹാജരായിട്ടുമുണ്ട്. പുതിയങ്ങാടി ജമാ അത്ത് ഹൈസ്ക്കൂളിലെ 69, 70 ബൂത്തുകളില്‍ കള്ള വോട്ടു ചെയ്തതായി പരാതി ഉയര്‍ന്ന മുസ്ലിം ലീഗ് പ്രവര്ത്തകന് മുഹമ്മദ് ഫായിസും ആഷിഖും കാസര്‍ഗോഡ് കളക്ടര്‍ക്ക് മുന്നില്‍ ഹാജരായാണ് മൊഴി നല്‍കിയത്.
തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ ബൂത്തില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സിപിഎം പുറത്തുവിട്ടിരുന്നു. ഇതില്‍ പരിശോധന പുരോഗമിക്കുകയാണ്. അനസ്, മുബഷീര്‍ സാദിഖ്, മര്‍ഷാദ്, മുസ്തഫ എന്നീ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.