സർക്കാരിന്റെ വിലക്ക് തള്ളി എം. ശിവശങ്കർ (M. Sivasankar) പുറത്തിറക്കിയ പുസ്തകം ന്യൂസ് 18 കേരള ആണ് ആദ്യമായി പുറത്തുകൊണ്ടുവന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും കടുത്ത വിമർശനമാണ് പുസ്തകത്തിന്റെ പ്രധാന അന്തസത്ത. സർക്കാരിന്റെ എതിർപ്പു വന്നതോടെ കഴിഞ്ഞ ദിവസം രാത്രി തന്നെ തിരക്ക് പിടിച്ച് കോട്ടയത്തെ പുസ്തകശാലകൾ വഴി വിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോട്ടയത്തെ പുസ്തകശാലകൾ വഴി 'അശ്വത്ഥാമാവ് വെറുമൊരു ആന' എന്ന പുസ്തകം ശിവശങ്കർ പുറത്തിറക്കിയത്.
സ്വർണക്കടത്ത് കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് ശിവശങ്കർ പുസ്തകത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ കസ്റ്റംസ് ഭാര്യയെയും മകനെയും ഭീഷണിപ്പെടുത്തി. കേസിൽ ശിവശങ്കറിനെ കുറ്റക്കാരനാക്കാൻ തുടക്കത്തിലേ ഗൂഢാലോചന നടന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. സ്വപ്ന രണ്ടുവർഷം മുൻപ് താമസിച്ച ഫ്ലാറ്റിലെ ജീവനക്കാരനെ വരെ എത്തിച്ചാണ് മാധ്യമങ്ങൾ ഗൂഢാലോചനക്ക് തുടക്കമിട്ടത്. അന്വേഷണ ഏജൻസികൾ എത്തും മുൻപേയാണിത്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് പുസ്തകം. സ്വർണ്ണം എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉന്നതൻ വിളിച്ചുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പിന്നാലെ പ്രതിപക്ഷനേതാവും വാർത്താസമ്മേളനം നടത്തി. കസ്റ്റംസിനു പോലുമില്ലാത്ത ആരോപണമാണിത്. യഥാർത്ഥത്തിലുള്ള പ്രതികളെ കണ്ടെത്താതിരിക്കാൻ വേണ്ടിയാണോ ഇതെന്ന് സംശയിക്കുന്നതായി ശിവശങ്കർ പറയുന്നു.
കൊച്ചിയിൽ കൊതുകുകളും മാധ്യമപ്രവർത്തകരും തന്റെ രക്തത്തിനായി മത്സരിച്ചു
ജയിലിലെ അവസ്ഥ പറഞ്ഞതിനാൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയിൽ വകുപ്പിനെതിരെ ശിവശങ്കർ എന്ന് വാർത്തകൾ വന്നേക്കാം എന്നാണ് മറ്റൊരു പരിഹാസം. മകന്റെ വിവാഹ വിഷയം പോലും കസ്റ്റംസ് ഉപയോഗിച്ചു. ഇ.ഡി. മാധ്യമങ്ങളെ ഉപയോഗിച്ചാണ് ഇത് ചെയ്തത്.
അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതറ്റം വരെ പോകും എന്ന് തെളിയിക്കുന്നതായിരുന്നു ചോദ്യംചെയ്യൽ.
തന്റെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്ത് ബ്ലാക്ക് മെയിലിങ് ശ്രമിച്ചു.
തന്നെ കേസിൽ പെടുത്താൻ ഏറ്റവും ശ്രമിച്ചത് കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലുള്ള അന്വേഷണ സംഘങ്ങൾ ആണ്. ഇവിടേക്ക് രണ്ടാംനിര രാഷ്ട്രീയ നേതാക്കൾക്ക് പോലും സ്വാധീനമുണ്ടെന്ന മുനയും പുസ്തകത്തിലുണ്ട്. പണവും സ്വാധീനവും ഉള്ള രാഷ്ട്രീയ-മാധ്യമ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് പോരാടിയത്.
സത്യം മാത്രമേ നിലനിൽക്കു എന്ന വിശ്വാസമാണ് ശക്തിയായത്. ചില അധികാരകേന്ദ്രങ്ങളെ പരാമർശിക്കുന്ന മൊഴി ഞാൻ നൽകുമെന്ന് ആരോ കരുതി. ഒളിഞ്ഞും തെളിഞ്ഞും അതിനുള്ള ശ്രമങ്ങൾ നടന്നു. ചില ഉദ്യോഗസ്ഥർക്ക് ഇതിനോട് വിയോജിപ്പുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് റോഡിൽ ചിലർ വാഴ വെച്ചതിന് അച്ഛനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞാണ് പുസ്തകം തുടങ്ങുന്നത്.
മഹാഭാരതകഥയിലെ അശ്വത്ഥാമാവിന് സമാനമായി ആനക്ക് സമമായി കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലെ യുദ്ധത്തിൽ ബലിമൃഗം ആയെന്ന് ശിവശങ്കർ പുസ്തകത്തിൽ സമർത്ഥിക്കുന്നു. കെട്ട് അധ്യായങ്ങളായി ആണ് ശിവശങ്കർ പുസ്തകം രചിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.