പാലക്കാട്: സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്താണ് പുസ്തകങ്ങള്‍ വിവാഹ സമ്മാനമായി നല്കി പാലക്കാട് വേറിട്ടൊരു കല്യാണം നടന്നത്. പല്ലശ്ശനയ്ക്ക് സമീപം കൂടല്ലൂരിലാണ് മറ്റു സമ്മാനങ്ങള്‍ക്ക് പകരംപുസ്തകങ്ങള് മാത്രം സ്വീകരിച്ച് വിവാഹം നടന്നത്.കൂടല്ലൂര്‍ സ്വദേശി കെ എസ് ലക്ഷ്മണന്റെ മകള്‍ നീതുവും അലനല്ലൂര്‍ സ്വദേശി മണികണ്ഠന്റെ മകന് അനൂപും തമ്മിലുള്ള വിവാഹമാണ് സ്ത്രീധനത്തിനെതിരെയുള്ള സന്ദേശമായി മാറിയത്.
വിവാഹ മണ്ഡപത്തില്‍ പുസ്തക പ്രദര്‍ശനവും, സ്ത്രീധനത്തിനെതിരെയുള്ള ബോധവല്‍ക്കരണവും നടന്നു. വിവാഹ വേദിയില്‍ താലി കെട്ടിന് ശേഷം വധുവിന്റെ അച്ഛന് വരന് പുസ്തകം കൈമാറിയാണ് നവദമ്പതികളെ പുതുജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്. വിവാഹത്തിന് ആശംസകള്‍ അര്‍പ്പിക്കാനെത്തിയ നെന്മാറ എം എല്‍ എ കെ ബാബു ഉള്‍പ്പടെയുള്ള അതിഥികളും സമ്മാനമായി നല്‍കിയത് പുസ്തകങ്ങളാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്ററാണ് അനൂപ്.
പുസ്തകങ്ങളല്ലാതെ മറ്റൊരു സമ്മാനവും ഇവര്‍ സ്വീകരിച്ചില്ല. നൂറോളം പുസ്തകങ്ങളാണ് നവദമ്പതികള്‍ക്ക് ലഭിച്ചത്.വിവാഹ ചടങ്ങില്‍ വധു നീതു ഒരു സ്വര്‍ണാഭരണവും അണിഞ്ഞിരുന്നില്ല. സ്ത്രീധനത്തിനെതിരെ സന്ദേശം നല്കുന്ന തരത്തില്‍ വിവാഹ ചടങ്ങ് നടത്തണം എന്നായിരുന്നു ഇവരുടെ ആഗ്രഹം.
ഇരു വീട്ടുകാരും ഇതിന് പിന്തുണ നല്‍കിയതോടെ സമ്മാനമായി പുസ്തകങ്ങള്‍ നല്‍കാമെന്ന് തീരുമാനിച്ചു. വിവാഹത്തിന് ക്ഷണിച്ചവരോടും പുസ്തകമല്ലാതെ മറ്റൊന്നും സമ്മാനമായി കൊണ്ടുവരേണ്ടതില്ലെന്നും വ്യക്തമാക്കി.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.