HOME /NEWS /Kerala / വായനയുടെ ആനന്ദം; തിരഞ്ഞെടുപ്പിന്റെ പ്രതിസന്ധി

വായനയുടെ ആനന്ദം; തിരഞ്ഞെടുപ്പിന്റെ പ്രതിസന്ധി

  • Share this:

    # ആദർശ് ഓണാട്ട്

    പുസ്തകപ്രസാധന മേഖലയിൽ വലിയ ഉണർവുണ്ടായ വർഷം ആയിരുന്നു 2018. മികച്ച പുസ്തകങ്ങൾ ലോകമെമ്പാടും പുറത്തിറങ്ങുകയും, കൊണ്ടാടപ്പെടുകയും ചെയ്തു. ഇന്ത്യയിലെ പുസ്തക വിപണി സജീവമാവുകയും, വ്യത്യസ്ത വിഷയങ്ങളിൽ മികച്ച, ലോക നിലവാരമുള്ള രചനകൾ ഉണ്ടാകുകയും ചെയ്ത വർഷം കൂടിയാണ് കഴിഞ്ഞു പോകുന്നത്. ഇന്ത്യൻ ഇംഗ്ലീഷ് പ്രസാധനം കുറെ കൂടി തദ്ദേശീയ സാഹിത്യത്തിന് ഊന്നൽ കൊടുക്കുന്ന ഒരു ട്രെൻഡ് സജീവമായതും ഈ വർഷം തന്നെയാണ്. ഒരു പിടി നല്ല എഴുത്തുകൾ തദ്ദേശീയമായവ ഇംഗ്ലീഷിലേക്കു മൊഴിമാറ്റപെടുകയും, പുരസ്‌കൃതമാകുകയും ചെയ്തു.

    2019 ലേക്ക് കടക്കുമ്പോൾ കുറേകൂടി സജീവമാകുന്ന പുസ്തകലോകത്തെയാണ് കാണാൻ കഴിയുന്നത്. വായനയുടെ പൂക്കാലത്തെയാണ് വരാൻ പോകുന്ന വർഷം സ്വാഗതമോതുക. എന്തായാലും 2018-ൽ പുറത്തുവന്ന മികച്ച രചനകളെ മാറ്റ് നോക്കി തിരഞ്ഞെടുക്കുക പ്രയാസകരമായ ഒരു പ്രക്രിയ ആണ്. വായിച്ചു പോയ പുസ്തകങ്ങൾ പുസ്തകറാക്കിൽ പരതി തപ്പിയെടുക്കുകയും , വായനാവഴിയിൽ എത്രമേൽ അത് ഉള്ളിൽ ആനന്ദം നിറച്ചു എന്ന മാനദണ്ഡം വെച്ച് മാത്രം പുസ്തകങ്ങളെ തിരഞ്ഞെടുക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത് .

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    സൈലെൻസ് ഇൻ ദി ഏജ് ഓഫ് നോയ്‌സ് (Silence in the Age of Noice) , എർലിൻ കാഗേ

    നോർവേ എഴുത്തുകാരനും, പ്രസാധകനും, യാത്രികനുമായ എർലിൻ കഗേയുടെ ഈ പുസ്തകം നിശബ്ദതയുടെ മഹത്വത്തെ പറ്റി പറഞ്ഞു തരുന്നു. ഈ ബഹളമാനമായ ലോകത്തിൽ നമ്മളെ പൊതിഞ്ഞു നിൽക്കുന്ന നിശബ്‌ദതയെ വെളിപ്പെടുത്തി തരികയാണ് ഈ പുസ്തകം. തൻ്റെ തന്നെ അനുഭവങ്ങളെയാണ് എർലിൻ വിഷയമാക്കുന്നത്. ലോകത്താദ്യമായി സൗത്ത് പോളിലേക്കു തനിച്ചു യാത്ര നടത്തിയൊരു ചരിത്രം കൂടി ഈ എഴുത്തുകാരന് ഉണ്ട്. സ്വന്തം അനുഭവങ്ങളെയും, മറ്റുള്ള എഴുത്തുകാരുടെ രചനകളെയും മുൻനിർത്തി നടത്തുന്ന ഒരു ധ്യാനമാണ് ഈ പുസ്തകം. തീർച്ചയായും വായിച്ചിരിക്കേണ്ടുന്ന ഒരു പുസ്തകം.

    ഗാന്ധി: ദി ഇയേഴ്സ് ദാറ്റ് ചെയ്ജ്ഡ് ദി വേൾഡ് (Gandhi: The Years that Changed the World), രാമചന്ദ്ര ഗുഹ

    ഗുഹയുടെ മറ്റൊരു ഗാന്ധിയൻ പുസ്തകം.ഇതുവരെ ആരും സമീപിക്കാത്ത ചരിത്ര രേഖകളുടെ പിൻബലത്തിലാണ് സാമാന്യം വലിയ ഈ പുസ്തകം അദ്ദേഹം എഴുതിയിരിക്കുന്നത്. ഗാന്ധിയുടെ മരണത്തിന് 70 വർഷത്തിനിപ്പുറവും എങ്ങനെ അദ്ദേഹം പ്രസക്തനായി ഇരിക്കുന്നു എന്ന അന്വേഷണം ആണ് ഈ പുസ്തകം. മനോഹരവും, രസകരവുമാണ് എഴുത്ത് .

    മിൽക്ക് മാൻ (Milk Man) , അന്ന ബേൺസ്

    ഏറെ പ്രയാസപ്പെട്ട് മാത്രം അകത്തേക്ക് കയറാൻ പറ്റുന്ന ഒരു രചനയാണ്‌ ഇത്. കയറികിട്ടിയാൽ പിന്നെ അതിന്റെ ആന്തോളനത്തിൽ വായനക്കാരെ ഒടുക്കം വേറെ കൊണ്ടുപോകാൻ പാകത്തിൽ ഭാഷയിലും, പ്ലോട്ടിലും കൗതുകം നിറച്ചു വെച്ചിട്ടുണ്ട് ഈ എഴുത്തുകാരി. ബുക്കർ പുരസ്‌കൃതമായ ഈ പുസ്തകം ഒരു പക്ഷേ ആ അവാർഡിന് പരിഗണിക്കപെട്ടിലായിരുന്നുവെങ്കിൽ അധികം അറിയപ്പെടാതെ പോകുമായിരുന്ന ഒരു രത്നം ആണ്. 1960 കളിലെ അയർലണ്ടിലെ വംശീയ വിദ്വേഷങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കൗമാരക്കാരിലൂടെ കഥപറഞ്ഞുപോകുകയെങ്കിലും സമകാലീന ലോകം നേരിടുന്ന വംശീയ പ്രശ്ങ്ങൾ, സ്ത്രീ നേരിടുന്ന ലൈംഗിക ആക്രമങ്ങൾ മുതൽ തീവ്രവാദം വരെ വിഷയം ആകുന്നുണ്ട് ഈ പുസ്തകത്തിൽ.

    വെർനോൺ സബ്യുടെക്സ് 1(Vernon Subutex 1) , വിര്‍ജിനി ഡിപ്പിന്റെ (Viriginie Despentes)

    ദശാബ്ദത്തിലെ മികച്ച നോവല്‍ എന്ന ഖ്യാതി നേടിയാണ്‌ ഫ്രഞ്ച് എഴുത്തുകാരി വിര്‍ജിനി ഡിപ്പിന്റെയുടെ (Viriginie Despentes) നോവല്‍ വെർനോൺ സുബ്യുടെക്സ് 1 (Vernon Subutex 1) ഇക്കുറി മാന്‍ ഇന്റർനാഷണൽ ബുക്കറിന്റെ ദീര്‍ഘപ്പട്ടികയില്‍ ഇടം നേടുന്നത്. (ഓൾഗ ടോകർചൂക്കിന്റെ 'ഫ്ലൈറ്റ്സ് ' ആണ് പുരസ്‌കാരത്തിന് അര്ഹമായത് ). അത്തരം ഒരു വാദത്തിന്‍റെ ചുവടുപറ്റിയാണ് ഡിപ്പിന്റെയുടെ നോവലിന് പിന്നാലെ പോകുന്നത്. ആഹ്ളാദകരം എന്ന ഒറ്റവാക്കിൽ വിധിതീര്‍പ്പാക്കാന്‍ പാകത്തില്‍ തന്നെയാണ് വെർനോൺ സബ്യുടെക്സ് 1 എഴുതപ്പെട്ടിരിക്കുന്നത്. പാരീസിലെ ഇരുണ്ട ഇടങ്ങളിലെ മനുഷ്യരേയും അവരുടെ അതിജീവനത്തേയും അവതരിപ്പിക്കുകയാണ് ഈ നോവല്‍. ഫ്രാന്‍സിലെ റോക്ക് സംഗീതത്തിൻറെയും മരുന്നടി സമൂഹങ്ങളെയും ഒക്കെ ഒരു ടെലിവിഷന്‍ സീരിയലിന്‍റെ ലാഘവത്തോടെ നോവലിസ്റ്റ് ഈ നോവൽ ത്രയത്തിൻറെ ആദ്യ ഭാഗത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

    ഓൾ ദി ലൈവ്സ് വെ നെവർ ലീവ്ഡ് (All the Lives We Never Lived) , അനുരാധാ റോയ്

    ഇന്ത്യൻ എഴുത്തുകാരിൽ ഏറെ പ്രതീക്ഷ തരുന്നൊരു പേരാണ് അനുരാധാ റോയിയുടേത്. 1937 ൽ ഇന്ത്യൻ സ്വാന്തത്രിയ സമരവും, രണ്ടാം ലോക മഹായുദ്ധത്തിന്റെയുമൊക്കെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. 60 കാരനായ മുന്തസിർ എന്ന ഉദ്യാനപാലകൻ തന്നെയും കുടുംബത്തെയും ഉപേക്ഷിച്ചു പോയ അമ്മയെക്കുറിച്ചുള്ള നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. സ്ത്രീ സ്വാന്തത്രിയം , ചരിത്രം, ആത്മാന്വേഷണം തുടങ്ങി സമീപകാല രാഷ്ട്രീയം വരെ വിഷയമാകുന്നുണ്ട് ഈ നോവലിൽ.

    അഞ്ച് പുസ്തകങ്ങൾ ആണ് പ്രധാനമായും തിരഞ്ഞെടുത്തതെങ്കിലും വായിച്ചു ഇഷ്ടപ്പെട്ടു കുറച്ചു പുസ്തകങ്ങളുടെ പേര് കൂടി ഇവിടെ പങ്കു വെക്കുന്നു. കാസിയ സെൻറ് ക്ലെയർ എഴുതിയ ദി ഗോൾഡൻ ത്രെഡ് വസ്ത്രങ്ങളുടെ ചരിത്രം പറഞ്ഞു തരികയാണ്. ഫെമിനിസ്റ്റ് ചരിത്ര രചന കൂടിയാണ് ഈ പുസ്തകം , എ വേൾഡ് ട്ടു വിൻ മറ്റൊരു മാർക്സിയൻ ജീവചരിത്രമാണ്. സ്വേൻ -എറിക് ലിഡ്‌മാൻ സ്വീഡിഷ് ഭാഷയിൽ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം. പാക്കിസ്ഥാൻ എഴുത്തുകാരനായ മുഹമ്മദ് ഹനീഫിന്റെ റെഡ് ബേർഡ്‌സ് മറ്റൊരു മികച്ച നോവലാണ്. സ്വതസിദ്ധമായ ഹാസ്യത്തിലൂടെ സമീപകാല സിറിയൻ യാഥാർഥ്യത്തെ വരച്ചിടുന്നു ഈ നോവൽ. കാർൾ സിമ്മെരുടെ (Carl Zimmer ) ഷീ ഹാസ് ഹേർ മദർസ് ലാഫ് , ആർതർ ആഷെയുടെ ജീവചരിത്ര പുസ്തകം ആർതർ മാഷേ എ ലൈഫ് , സെർഹി പ്ലോഖ്‌യുടെ (Serhii Plokhy) ചെർണോബിൽ എന്നിവയും മികച്ചവയുടെ പട്ടികയിൽ ഉൾപെടുത്താവുന്ന പുസ്തകങ്ങൾ ആണ്.

    First published:

    Tags: Books, Year Ender 2018, ഇയർ എൻഡർ, ഇയർ എൻഡർ 2018, പുസ്തകം