• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട്ടെ ബ്രൂവറി കുടിവെള്ളമില്ലാത്ത എലപ്പുള്ളിയില്‍; പ്രതിഷേധിച്ച് നാട്ടുകാര്‍

പാലക്കാട്ടെ ബ്രൂവറി കുടിവെള്ളമില്ലാത്ത എലപ്പുള്ളിയില്‍; പ്രതിഷേധിച്ച് നാട്ടുകാര്‍

  • Last Updated :
  • Share this:
#പ്രസാദ് ഉടുമ്പുശേരി

പാലക്കാട്: ബ്രൂവറിയ്ക്ക് അനുമതി നല്‍കിയത് കടുത്ത ജലക്ഷാമം നേരിടുന്ന മേഖലയില്‍. വരള്‍ച്ചാ മേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എലപ്പുള്ളിയിലാണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. കൃഷിക്കും കുടിവെള്ളത്തിനും നാട്ടുകാര്‍ നെട്ടോട്ടമോടുന്നതിനിടെയാണ് ഇതെല്ലാം അവഗണിച്ച് ഇവിടെ ബിയര്‍ ഉല്പാദന കേന്ദ്രം തുടങ്ങാന്‍ അനുമതി നല്‍കിയത്.

എലപ്പുള്ളി വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 101/1, 2, 92/02, 125/08 എന്നീ സ്ഥലങ്ങളിലായി 9.92 ഏക്കര്‍ സ്ഥലത്താണ് അപ്പോളോ സിസ്റ്റലറീസ് ആന്റ് ബ്രൂവറീസ് എന്ന സ്ഥാപനത്തിന് ബിയര്‍ ഉല്പാദന കമ്പനി തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

കടുത്ത ജലക്ഷാമം നിലനില്‍ക്കുന്നതിനാല്‍ വരള്‍ച്ചാബാധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണിത്. അവിടെയാണ് പ്രതിവര്‍ഷം 5 ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉല്പാദിപ്പിയ്ക്കാന്‍ സ്വകാര്യ മദ്യ നിര്‍മ്മാണ കമ്പനിക്ക് അനുമതി. കുടിക്കാന്‍ പോലും വെള്ളമില്ലാത്ത സ്ഥലത്ത് ജലചൂഷണത്തിന് അവസരമൊരുക്കി ബിയര്‍ കമ്പനി വരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കുഴല്‍ കിണറുള്ള പ്രദേശവുമാണ് എലപ്പുള്ളി. എന്നാല്‍ ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതോടെ പല കുഴല്‍ക്കിണറുകളും ഉപയോഗ ശൂന്യമായി. ഏതാനും കിണറുകള്‍ മാത്രമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. ഇതിന് പുറമെ ജലം വന്‍തോതില്‍ ഉപയോഗിയ്ക്കുന്ന പെപ്‌സി പോലുള്ള വന്‍കിട കമ്പനികളും സമീപത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്ന സ്ഥലത്തിന് സമീപം സര്‍ക്കാര്‍ എല്‍.പി സ്‌കൂളും പ്രവര്‍ത്തിക്കുന്നു.

First published: