താലികെട്ടിന് തൊട്ടുമുന്‍പ് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തില്‍ ഒരുക്കിയ വിവാഹ പന്തലില്‍ അതിനാടകീയ രംഗങ്ങളാണ് വ്യാഴാഴ്ച അരങ്ങേറിയത്. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ അടക്കം ക്ഷണിച്ചുവരുത്തിയ അതിഥികളെല്ലാം സംഗതി മനസിലാകാകെ അമ്പരുന്നുപോയി.
വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവും തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ആദ്യം വധുവിന്റെ സംഘമാണ് ക്ഷേത്രത്തിലെത്തിയത്. പിന്നാലെ വരനും വീട്ടുകാരുമെത്തി. ക്ഷേത്രനടയില്‍ മുഹൂര്‍ത്ത സമയത്ത് താലി ചാര്‍ത്തുന്നതിനുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെ കാര്മികന് പല തവണ നിര്‍ദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാന്‍ തയാറായില്ല.
വധുവിന്റെ നിസഹകരണം കണ്ട് വരനും ബന്ധുക്കളും ആശങ്കയിലായി. തുടര്‍ന്ന് വരന്റെ ചെവിയില്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം യുവതി അറിയിച്ചു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിര്‍ബന്ധത്തിനു വഴങ്ങിയാണ് കാര്യങ്ങള്‍ ഇതുവരെ എത്തിയതെന്നും യുവതി പറഞ്ഞു.
യാഥാര്‍ഥ്യം മനസിലാക്കിയതോടെ വരനും ബന്ധുക്കളും വിവാഹത്തില്‍ നിന്ന് പിന്മാറി. വരനോടൊപ്പമെത്തിയ ബന്ധുക്കള്‍ വടക്കേക്കര പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പ്രശ്നം രമ്യമായി പരിഹരിച്ചു. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായി.
എം.കോം. ബിരുദധാരിയായ യുവതി ഏതാനും മാസങ്ങള്‍ക്കു മുമ്പ് തന്നെ പെണ്ണുകാണാനെത്തിയ യുവാവുമായി സൗഹൃദത്തിലാകുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഈ വിവാഹം നടത്താന്‍ തയാറാകാതെ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. പിറ്റേന്ന് പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹം നടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.