HOME » NEWS » Kerala » BRITISH MODEL ROAD ROLLER IN NILAMBUR AUCTIONED TV ACV NJ

നിലമ്പൂരിലെ ബ്രിട്ടീഷ് റോഡ് റോളർ ഒടുവിൽ ലേലത്തിൽ പോയി

നിലമ്പൂരിലെ പ്രധാന പാതകള്‍ എല്ലാം നിര്‍മിക്കാന്‍ ബ്രിട്ടീഷുകാരുടെ കാലത്ത്  ഉപയോഗിച്ചതാണ് ചരിത്ര പ്രാധാന്യമുള്ള ഈ റോളര്‍. 

News18 Malayalam | news18-malayalam
Updated: February 18, 2021, 4:30 PM IST
നിലമ്പൂരിലെ ബ്രിട്ടീഷ് റോഡ് റോളർ ഒടുവിൽ ലേലത്തിൽ പോയി
നിലമ്പൂരിലെ പ്രധാന പാതകള്‍ എല്ലാം നിര്‍മിക്കാന്‍ ബ്രിട്ടീഷുകാരുടെ കാലത്ത്  ഉപയോഗിച്ചതാണ് ചരിത്ര പ്രാധാന്യമുള്ള ഈ റോളര്‍. 
  • Share this:
ഒടുവിൽ നിലമ്പൂരിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ബ്രിട്ടീഷുകാർ നിർമ്മിച്ച  പുരാതന റോഡ് റോളര്‍ ലേലത്തിൽ പോയി. കോതമഗംലം സ്വദേശി ജോസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഇ വി എം ഗ്രൂപ്പാണ് ഏഴര പതിറ്റാണ്ട് പഴക്കമുള്ള റോഡ് റോളര്‍ സ്വന്തമാക്കിയത്.

നിലമ്പൂരിലെ പ്രധാന പാതകള്‍ എല്ലാം നിര്‍മിക്കാന്‍ ബ്രിട്ടീഷുകാരുടെ കാലത്ത്  ഉപയോഗിച്ചതാണ് ചരിത്ര പ്രാധാന്യമുള്ള ഈ റോളര്‍. അഞ്ചാം ലേലത്തില്‍ ഇ വി എം ഗ്രൂപ്പ്  മാനജേര്‍ ഷാന്റോ ടി കുര്യന്‍  മൂന്നേകാല്‍ ലക്ഷത്തിനാണ് റോളർ ലേലം വിളിച്ചെടുത്തത്. 1946ല്‍ ഇംഗ്ലണ്ടില്‍ നിര്‍മിച്ച റോഡ് റോളറിന് 2 ലക്ഷം രൂപയായിരുന്നു വിലയിട്ടിരുന്നത്.



കഴിഞ്ഞ നാല് തവണയും നിശ്ചിത വില ലഭിക്കാത്തതിനാല്‍ ലേലം റദ്ദാക്കുകയായിരുന്നു. ഒമ്പത് പേരാണ് ഇത്തവണ ലേലത്തിനെത്തിയത്.  ആദ്യ തവണ 20ഉം പിന്നീട് 12ഉം 10 ഉം ഏഴും പേരായിരുന്നു ലേലത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ നാല് തവണയും ലേലത്തിനെത്തിയവര്‍ ലേലത്തുക കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ചാം ശ്രമത്തിൽ ലക്ഷ്യമിട്ടതിനേക്കാള്‍ വലിയ തുകക്ക് ലേലം ചെയ്യാനായത് പൊതുമരാമത്ത് വകുപ്പിന് നേട്ടമായതായി.  ഇത്തവണ നിശ്ചിത വിലയേക്കാള്‍ ഒരുലക്ഷത്തിലേറെ തുകക്ക് ആണ് ലേലം നടത്തിയത്

തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം രണ്ട് മൂന്ന് ദിവസത്തിനകം കോതമംഗലത്ത് ഇ വി എം ഗ്രൂപ്പിന്റെ മരിയ ഇന്റർ നാഷണല്‍ ഹോട്ടലിന് സമീപത്തെ പുരാവസ്തു ശേഖരത്തിലേക്ക് റോഡ് റോളര്‍ കൊണ്ടുപോകും.

You may also like:സോഷ്യൽ മീഡിയയിൽ വൈറലായി 'പറക്കും ദോശ', പ്രശംസിച്ചും വിമ‍‍ർശിച്ചും കാഴ്ച്ചക്കാ‍ർ‌

"വിലപിടിപ്പുള്ള നിരവധി പുരാവസ്തുക്കള്‍ ഇ വി എം ഗ്രൂപ്പിന്റെ ശേഖരത്തിലുണ്ട്. ജപ്പാനില്‍ നിന്ന് എത്തിച്ച ട്രെയിന്‍, അമേരിക്കയില്‍ നിന്ന് കൊണ്ടുവന്ന മാര്‍ക്കിന്റെ ലോറി, ഇറ്റലിയില്‍ നിന്ന് കൊണ്ടുവന്ന ടാങ്ക്, പഴയ  ട്രാക്ടര്‍, ഓട്ടോറിക്ഷ  തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള നിരവധി പുരാവസ്തുക്കള്‍ ഇ വി എം ഗ്രൂപ്പിന് സ്വന്തമായുണ്ട്." ഷാന്റോ ടി കൂര്യന്‍ പറഞ്ഞു.



ഇംഗ്ലണ്ടിലെ ഗ്രന്ഥാം എഞ്ചിനീയേഴ്സിന്റെ മേല്‍നോട്ടത്തില്‍ ഗ്രാന്‍തമില്‍ അവല്‍ംഗ് ബാര്‍ഫോഡ് കമ്പനിയാണ് റോളരിന്റെ നിർമാതാക്കൾ.  1945 ല്‍ നല്‍കിയ ഓര്‍ഡര്‍ പ്രകാരമാണ് ഇത് നിര്‍മിച്ചത്. മലബാറിലും നിലമ്പൂർ മേഖലയിലും ഒട്ടേറെ റോഡുകൾ നിർമിക്കാൻ ഈ റോളർ ഉപയോഗിച്ചിട്ടുണ്ട്.  1997ല്‍ ഉപയോഗ രഹിതമായ റോളർ അറ്റകുറ്റപ്പണിക്ക് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.

അതിനിടെ  നിലമ്പൂരിലെ പൊതുമരാമത്ത് കാര്യാലയത്തിന് മുന്നില്‍ സ്മാരകമായി സംരക്ഷിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.  ബ്രിട്ടീഷ് കാലത്തെ ഒട്ടേറെ ശേഷിപ്പുകൾ ഇന്നും ഉള്ള നാടാണ് നിലമ്പൂർ. നിലമ്പൂർ തേക്ക് പ്ലാന്റേഷൻ, വനം വകുപ്പ് ഓഫീസ്, പഴയ ബംഗ്ലാവ് തുടങ്ങി ഒട്ടനവധി ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങൾ ഇവിടെ ഉണ്ട്. നിലമ്പൂർ പഴയ ഫോറസ്റ്റ് ബംഗ്ലാവ് കേന്ദ്രീകരിച്ച് മലബാർ ഹിസ്റ്റോറിക്കൽ മ്യൂസിയം തുടങ്ങാൻ വനം വകുപ്പിന് ആലോചന ഉണ്ട്.
Published by: Naseeba TC
First published: February 18, 2021, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories