• HOME
  • »
  • NEWS
  • »
  • kerala
  • »
  • റോഡപകടത്തിൽ മരിച്ച പിതാവിൻ്റെ ഓർമ ദിവസം സുരക്ഷിത ഡ്രൈവിംഗ് നടത്തുന്ന ബസ് ഡ്രൈവർക്ക് ആദരം; വേറിട്ട അനുസ്മരണം

റോഡപകടത്തിൽ മരിച്ച പിതാവിൻ്റെ ഓർമ ദിവസം സുരക്ഷിത ഡ്രൈവിംഗ് നടത്തുന്ന ബസ് ഡ്രൈവർക്ക് ആദരം; വേറിട്ട അനുസ്മരണം

കഴിഞ്ഞ വർഷം ആണ് അസൈനാറുടെ പിതാവ് ബൈക്ക് ഇടിച്ച് മരിച്ചത്. അപകടമുണ്ടാക്കി കടന്ന് കളഞ്ഞ യുവാക്കളെ പോലീസ് പിടികൂടിയത് നിരന്തര നിരീക്ഷണത്തിലൂടെ. സംഭവം നടന്ന് ഒരു വർഷം തികയാനിരിക്കെ ആണ് പ്രതികൾ പിടിയിലായത്....

  • Last Updated :
  • Share this:
മലപ്പുറം: റോഡപകടത്തിൽ കൊല്ലപ്പെട്ട പിതാവിന്റെ ഓർമ ദിവസം പൊലീസ് സബ് ഇൻസ്പെക്ടർ ആയ മകൻ ആചരിച്ചത് അത്ര പരിചിതമല്ലാത്ത രീതിയിൽ ആണ്. ഇത് വരേക്കും അപകടം വരുത്താത്ത ബസ്സ് ഡ്രൈവറെ ആദരിച്ചു കൊണ്ടായിരുന്നു ദിനാചരണം. നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അസൈനാർ ആണ് ഇത്തരത്തിൽ വേറിട്ട രീതിയിൽ പിതാവിൻ്റെ ഓർമകൾക്ക് ആദരം അർപ്പിച്ചത്. നിലമ്പൂരിലെ ബസ് ഡ്രൈവർ കെസി ഷൗക്കത്ത് ആണ് ആദരിക്കപ്പെട്ടത്.

കഴിഞ്ഞ വർഷം ജൂലൈ 21 ന്, ബലിപെരുന്നാൾ ദിനത്തിൽ പ്രഭാത പ്രാർത്ഥനകൾക്കും നമസ്കാരത്തിനുമായി നടന്നു പോകുമ്പോൾ ആണ് എസ് ഐ അസൈനാരുടെ പിതാവ് മൂച്ചിക്കൽ മുഹമ്മദ് കുട്ടിയെ (74) ബൈക്ക് ഇടിച്ച് വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇടിച്ചിട്ട ബൈക്ക് ആകട്ടെ നിർത്താതെ കടന്നു കളഞ്ഞു. സംഭവം നടന്ന് ഒരു വർഷം ആകുമ്പോൾ ആണ് ഈ അപകടം ഉണ്ടാക്കിയ യുവാക്കളെ പോലീസിന് പിടികൂടാനായത്.

പിതാവിൻ്റെ ഓർമ്മ ദിനത്തിൽ വാഹനാപകടങ്ങളിൽ ഉറ്റവരെ നഷ്ടപ്പെടുന്നതിനെ  കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കൂടി വേണ്ടി ആണ് ഇത്തരത്തിൽ വേറിട്ട ഒരു ചടങ്ങ് സംഘടിപ്പിച്ചത് എന്ന് അസൈനാർ പറഞ്ഞു.  കഴിഞ്ഞ 3 പതിറ്റാണ്ടുകളായി ബസ്സ് ഡ്രൈവറായ ഷൗക്കത്ത് ഇത് വരെയും അപകടം ഉണ്ടാക്കിയിട്ടില്ല. നിലമ്പൂർ പൂക്കോട്ടുംപാടം തേൾപ്പാറ റൂട്ടിലെ "വി പി " ബസ്സിലെ ഡ്രൈവറാണ് ഷൗക്കത്ത്. നിലമ്പൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വെച്ച് മൊമൻ്റോ നൽകി ആണ് ഷൗക്കത്തിനെ ആദരിച്ചത്.പിടിയിൽ ആകില്ലെന്ന് കരുതിയ പ്രതികളെ കണ്ടെത്തിയത് പോലീസിൻ്റെ അന്വേഷണ മികവ്

മുഹമ്മദ് കുട്ടിയുടെ മരണത്തിന് കാരണമായ, ആളെ ഇടിച്ചിട്ട് കടന്ന യുവാക്കളെ കഴിഞ്ഞ ചൊവ്വാഴ്ച ആണ് വഴിക്കടവ് പോലീസ് പിടികൂടിയത്. കാരപ്പുറം സ്വദേശി കുണ്ടംകുളം അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് സലിം എന്ന കുണ്ടു (22), കോച്ചേരിയിൽ ജ്യോതിർമയൻ എന്ന ബിജുവിന്റെ മകൻ അഖിൽ (23)  എന്നിവരെയാണ്  വഴിക്കടവ് പോലീസ് ഇൻസ്പെകടർ മനോജ് പറയട്ട അറസ്‌റ്റ് ചെയ്തത്. അപകടം ഉണ്ടാക്കിയ KL 07  BU 9813 പാൾസർ ബൈക്കും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.അപകടം നടന്ന്‌  363 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പ്രതികൾ വഴിക്കടവ് പോലീസിന്റെ പിടിയിൽ ആയത്. തുടർച്ചയായ നിരീക്ഷണത്തിലൂടെയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയുമാണ് പ്രതികളെ  പോലീസ് കണ്ടെത്തി, പിടികൂടിയത്.  സംഭവത്തിൽ മുഖത്തും കാലിനും നേരിയ പരിക്ക് പറ്റിയ അഖിൽ മാസ്ക് ധരിച്ച് കുറച്ച് കാലം പരിക്ക് പുറത്ത് കാണാത്തവിധം നടന്നിരുന്നു.  പിടിക്കപ്പെടുമെന്ന് ഭയന്ന് ഇവർ ചികിൽസയും തേടിയില്ല.സംഭവസ്ഥലത്ത് നിന്ന് W എന്നെഴുതിയ തൊപ്പി, മഴ നനയാതിരിക്കാനുള്ള ഒരു നീല പ്ലാസ്റ്റിക് കവർ, ഒരു ജോഡി ചെരിപ്പ്, ഹെൽമറ്റിന്റെ പൊട്ടിയ ഗ്ലാസ് എന്നിവ ലഭിച്ചു. തുടർന്ന് സമീപ പ്രദേശങ്ങളിലേയും നാടുകാണി ബോർഡർ ചെക്ക്പോസ്റ്റിലേയും 500 - ൽ പരം സി. സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു ന്യൂജൻ ബൈക്കാണെന്ന്  മനസ്സിലാക്കി. പക്ഷേ വാഹനത്തിന്റെ നമ്പർ വ്യക്തമല്ലായിരുന്നു. അപകടം നടത്തിയത്  ചെറുപ്പക്കാരാണ് എന്നും മനസ്സിലാക്കി. അപകടത്തിന് കാരണമായ ബൈക്ക് വഴിക്കടവ് പുന്നക്കൽ ഭാഗത്ത് നിന്നും എടക്കര മരംവെട്ടിച്ചാൽ കാരപ്പുറം ഭാഗത്തേക്കാണ് പോയതെന്ന് സി സി ടി വി പരിശോധനയിൽ പോലീസിന് വ്യക്തമായി.

വാഹനം ഓടിച്ച ആൾക്ക് പരിക്ക് പറ്റാനുള്ള സാധ്യത മുൻ നിർത്തി പോലീസ്  മലപ്പുറം ജില്ലയിലെയും അയൽ ജില്ലകളിലെയും ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി . പക്ഷേ പോലീസിന് ഒരു വിവരവും കിട്ടിയിരുന്നില്ല. അപകടം സംഭവിച്ചതിന് ശേഷം ചികിൽസ തേടിയത്തിയവരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഈ അന്വേഷണത്തിൽ പ്രതികൾക്ക് കാര്യമായ പരിക്ക് പറ്റിയിട്ടില്ല എന്നും പോലീസിന് മനസ്സിലായി.

അപകടത്തിന് ശേഷം പുതുതായി ഇൻഷൂറൻസ് എടുത്ത വാഹനങ്ങളെ സംബന്ധിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച്  സൂചന ലഭിച്ചു. അതിനു കാരണമായത് കൃത്യം നടന്ന് മിനിറ്റുകൾക്കകം ഒരു ഇരു ചക്ര വാഹനത്തിന് ഇൻഷൂറൻസ് പോളിസി പുതുക്കിയതായി കണ്ടെത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ഈ വാഹനം രൂപം മാറ്റം വരുത്തി ഉപയോഗിച്ച് വരുന്നതായും കണ്ടെത്തി.  പോലീസ് പിടിക്കാതിരിക്കാൻ അപകടത്തിൽ ഉൾപ്പെട്ട വാഹനം പ്രതികൾ രൂപമാറ്റം വരുത്തിയാണ് മറിച്ച് വിറ്റത്. ഈ വാഹനം പാലേമാട് സ്വദേശിയുടെ അടുത്തുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയും ചെയ്തു. മൂത്തേടം കാരപ്പുറം സ്വദേശികളായ രണ്ട് പേർ ആ യാത്രയിൽ ഉണ്ടായിരുന്നെന്ന് വ്യകതമായതോടെ ഇവരെ കുറച്ചുകാലമായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.   കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവർ ഇപ്പോൾ മഞ്ചേരി സബ് ജയിലിൽ റിമാന്റിലാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. ഐ പി എസിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ഈ കേസിന്റെ അന്വേഷണ നടത്തിയിരുന്നത്, നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ അബ്രഹാം, മലപ്പുറം ഡി.വൈ.എസ്.പി. അബ്ദുൾ ബഷീർ പി, എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ രാജേഷ് കുട്ടപ്പൻ, സുനിത.എം.പി, ഷീബ, റിയാസ് ചീനി, പ്രദീപ് ഈ.ജി, പ്രശാന്ത് കുമാർ എസ്, വിനോദ്, ബിനോബ്, ജാബിർ കെ, ബഷീർ  എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Published by:Rajesh V
First published: