പാലക്കാട്: കൂറ്റനാട് (kuttanadu) വാവന്നൂരില്‍ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീ മരിച്ചു. നാഗലശ്ശേരി തെക്കേ വാവന്നൂര്‍ തയ്യില്‍ മോഹനന്റെ ഭാര്യയായ പത്മിനി (52) ആണ് അപകടത്തിൽ മരിച്ചത്.
വാവന്നൂര്‍ ഹൈസ്കൂളിന് സമീപം ബുധനാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കൂറ്റനാട് ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ചാലിശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.
അതേ സമയം കൊച്ചിയിൽ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയില്‍ പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം വെള്ളറട ഡാലുമുഖം എലിവാലൻകോണം കിഴക്കിൻകര പുത്തൻവീട്ടിൽ മണിയൻ (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ ചേരാനെല്ലൂർ മഞ്ഞുമ്മലിലെ ജയ് ഹിന്ദ് സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡെന്ന ഇരുമ്പ് വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിലാണ് സംഭവം. തിരുവനന്തപുരത്തേക്കുള്ള ലോഡ് കയറ്റുന്നതിനു മുന്നേ പിൻടയറുകൾ മാറ്റിയിടുകയായിരുന്നു മണിയൻ. ഇടതുവശത്തെ ടയർ വെള്ളറട സ്വദേശി ഡ്രൈവർ മധു മാറ്റിയിട്ടു. വലതുവശത്തെ ടയർ മണിയൻ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിക്കടിയിലാകുകയായിരുന്നു.
ചെറിയ കയറ്റത്തിലായിരുന്നതിനാൽ ലോറി പൊടുന്നനെ പിന്നോട്ടുരുണ്ടു. മധുഓടിച്ചെന്ന് കൈകൊണ്ട് ബ്രേക്ക് അമർത്തിയെങ്കിലും ലോറിയുടെ ടയർ മണിയന്റെ ദേഹത്ത് കയറിയിരുന്നു. തൽക്ഷണം മരിച്ചു. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച മരവുമായാണ് മധുവും മണിയനും എറണാകുളത്ത് എത്തിയത്. അത് പെരുമ്പാവൂരിലെ മില്ലിൽ ഇറക്കിയശേഷം രാത്രി ലോഡ് എടുക്കാനായി ചേരാനെല്ലൂരിലെ സ്ഥാപനത്തിലെത്തി. ലോറിയിൽ തന്നെയായിരുന്നു താമസം.
മൃതദേഹം മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. നടപടി പൂർത്തിയാക്കി ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. യശോദ ഭാര്യയും അശ്വതി മകളുമാണ്. കൈക്ക് ചെറിയ സ്വാധീനക്കുറവുള്ള മണിയൻ ലോറികളിലെ ക്ലീനർജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. മൂന്ന് മാസം മുമ്പാണ് മധുവിനൊപ്പം കൂടിയത്.
ഓടിച്ചയാള്‍ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്കു ദാരുണാന്ത്യം
കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറി സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. എംസി റോഡില്‍ തുരുത്തി പുന്നമൂട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. കുറിച്ചി സചിവോത്തമപുരം വഞ്ഞിപ്പുഴ സൈജു (43), ഭാര്യ വിബി (39) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തു നിന്ന് എത്തിയ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചുവീണു. സ്കൂട്ടറുമായി നിരങ്ങി നീങ്ങിയ കാര്‍ 10 മീറ്റര്‍ മാറി സമീപത്തെ കടയുടെ ഭിത്തിയില്‍ ഇടിച്ചാണു നിന്നത്.
READ ALSO - Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍
സൈജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിബിയെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. വേഴപ്ര വഞ്ഞിപ്പുഴ പരേതനായ കുഞ്ഞച്ചന് - മറിയാമ്മ ദമ്പതികളുടെ മകനായ സൈജു കുറിച്ചി മന്ദിരം കവലയില്‍ വ്യാപാരസ്ഥാപനം നടത്തുകയായിരുന്നു. ചിങ്ങവനം തോട്ടാത്ര പരേതനായ ആന്‍ഡ്രൂസ് - വത്സമ്മ ദമ്പതികളുടെ മകളായ വിബി കുറിച്ചി സെന്റ് മേരി മഗ്ദലീന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ ക്ലര്‍ക്കാണ്.
READ ALSO- Kodiyeri Balakrishnan | പ്രതിപക്ഷനേതാവും KPCC പ്രസിഡന്റും മത ന്യൂനപക്ഷമല്ല; ഹിന്ദുക്കൾ ഭരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണോ? കോടിയേരി
പറവൂര്‍ ഏഴിക്കര സ്വദേശി ജോമോനും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പ്രാഥമിക ചികിത്സ തേടി. കാര്‍ ഓടിച്ചിരുന്ന ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. സൈജുവിന്റെയും വിബിയുടെയും 3 മക്കളില്‍ രണ്ടുപേര്‍ വളരെ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.