ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനമായ ബസുകളിൽ സാമൂഹിക അകലം പാലിക്കാൻ വേണ്ടി കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇവയെല്ലാം ലംഘിച്ച് പൊതുജനങ്ങൾ ബസ്സുകളിൽ യാത്ര ചെയ്യുന്നതായി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധനയിൽ കണ്ടെത്തി.
മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലോക്ക്ഡൗൺ ലംഘനം കണ്ടെത്തിയത്. തലയോലപ്പറമ്പിലാണ് കൂടുതൽ ലംഘനം. ജില്ലയിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചതായി ആർ.ടി.ഒ. പറഞ്ഞു.
പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ലോക്ഡൗൺ കാലത്തെ പൊതു ഗതാഗത സംവിധാനങ്ങൾക്ക് യാത്രക്കാരുടെ എണ്ണം കുറച്ച് സാമൂഹിക അകലം പാലിക്കത്തക്ക വിധത്തിൽ നിജപ്പെടുത്തിയിരിക്കുന്നതും ഉയർന്ന യാത്രക്കൂലി ഈടാക്കാൻ അനുവദിച്ചിരിക്കുന്നതും. ഇത്തരത്തിൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കൂടുതൽ യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നത് അപകടകരമാണെന്നത് മനസ്സിലാക്കി പൊതുജനങ്ങൾ ഇത്തരം യാത്രകൾ ഒഴിവാക്കേണ്ടതാണ്.
ബസ് ജീവനക്കാരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ സ്റ്റോപ്പുകളിൽ നിൽക്കുന്ന യാത്രക്കാർ കൂട്ടാക്കുന്നില്ല എന്നും പരാതിയുണ്ട്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ നിയമം ലംഘിച്ച് സർവീസ് നടത്തുന്ന ബസ്സുകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ആയതിനാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.