• HOME
 • »
 • NEWS
 • »
 • kerala
 • »
 • EXCLUSIVE INTERVIEW | 'ബിജെപിയുടെ സ്ഥാനാർഥി നിർണയം പാളി; കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒരുകാലത്തും തകരില്ല': വെള്ളാപ്പള്ളി

EXCLUSIVE INTERVIEW | 'ബിജെപിയുടെ സ്ഥാനാർഥി നിർണയം പാളി; കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒരുകാലത്തും തകരില്ല': വെള്ളാപ്പള്ളി

മുന്നണികളുടെ സാധ്യതകളെക്കുറിച്ചും മകന്‍ തുഷാര്‍ നയിക്കുന്ന ബിഡിജെസിന്റെ രാഷ്ട്രീയ ഭാവിയെപ്പറ്റിയും വെള്ളാപ്പള്ളി സംസാരിക്കുന്നു. 

വെള്ളാപ്പള്ളിന നടേശൻ

വെള്ളാപ്പള്ളിന നടേശൻ

 • Share this:
  വി.വി അരുൺ

  രാഷ്ട്രീയക്കാരനല്ലെന്നു ആവര്‍ത്തിച്ചു പറയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതു പറയുമ്പോഴും കേരള രാഷ്ട്രീയത്തെ സസൂക്ഷ്മം നീരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യാറുണ്ട്. രാഷ്ട്രീയ സംഭവവികാസങ്ങളില്‍ അഭിപ്രായവും പറയും. അതില്‍ പലതും വിവാദമാകുകയും ചെയ്യും. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷങ്ങള്‍ക്കും എന്‍ഡിഎയ്ക്കും ഏറെ നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പും വെള്ളാപ്പള്ളി നിരീക്ഷിക്കുന്നുണ്ട്. മുന്നണികളുടെ സാധ്യതകളെക്കുറിച്ചും മകന്‍ തുഷാര്‍ നയിക്കുന്ന ബിഡിജെസിന്റെ രാഷ്ട്രീയ ഭാവിയെപ്പറ്റിയും വെള്ളാപ്പള്ളി സംസാരിക്കുന്നു.

  ത്രികോണ മത്സരം
  സാധാരണ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഇത്തവണയും എല്‍ഡിഎഫിന് നല്ല ശക്തിയുണ്ട്. യുഡിഎഫും ഒട്ടും പുറകിലല്ല. എന്‍ഡിയും കയറി വരുന്നു. അഞ്ചു വര്‍ഷം കൂടി രാജ്യം ഭരിക്കാന്‍ മാന്‍ഡേറ്റ് കിട്ടിയ പാര്‍ട്ടി അല്ലേ അവര്‍. അതുകൊണ്ടു തന്നെ ശക്തമായ ത്രികോണ മത്സരമുണ്ടാകും. ഒന്നും പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും. മൂന്നിടത്തും ശക്തമായ ത്രികോണ മത്സരമുണ്ടാകും.

  ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയം പാളി
  മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തു വന്നതാണ്. അതും നിസാര വോട്ടുകള്‍ക്ക് ഇത്തവണ സുരേന്ദ്രന്‍ അവിടെ നിന്നിരുന്നെങ്കില്‍ പാട്ടുംപാടി ജയിച്ചേനെ. അദ്ദേഹത്തെ എന്തിന് കോന്നിയില്‍ നിര്‍ത്തി എന്നറിയില്ല. ശബരിമലയുടെ പിന്‍ബലത്തില്‍ വോട്ടു കിട്ടുമെന്ന പ്രതീക്ഷ ആയിരിക്കും. എന്നാല്‍ ശബരിമല ആറിത്തണുത്തു. ശബരിമലയുടെ പിന്‍ബലത്തില്‍ കോന്നിയില്‍ വോട്ടു കിട്ടില്ല. എന്നിട്ടും എന്തുകൊണ്ടു സുരേന്ദ്രനെ കോന്നിയിൽ മത്സരിപ്പിക്കുന്നെന്നറിയില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ല. അദ്ദേഹത്തെ അവിടെ നിര്‍ത്തി ജയിപ്പിക്കാനുള്ള ആര്‍ജവം കാട്ടിയില്ല. കൈവിട്ടു. ഇപ്പോള്‍ വേറെ ആളെ നിര്‍ത്തി. ഇപ്പോഴത്തെ സ്ഥാനാര്‍ഥി ദുര്‍ബലന്‍ എന്നൊന്നും പറയില്ല. എങ്കിലും ഉപ്പോളും വരില്ല ഉപ്പിലിട്ടത്.

  സിപിഎം- ബിജെപി ഒത്തുകളി
  സിപിഎം ബിജെപി വോട്ടു കച്ചവടം ഒരിക്കലും നടക്കാത്ത കാര്യമാണ്. അങ്ങനെ നടക്കണമെങ്കില്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കും. അതൊക്കെ രാഷ്ട്രീയ ആരോപണം മാത്രം. വോട്ടുകച്ചവടെന്നു പറയുന്നതു പോലും അനൗചിത്യം. ബിജെപിയും കമ്മ്യൂണിസ്റ്റുകാരും വോട്ടു കച്ചവടം നടത്തുന്നെന്നു പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.

  വട്ടിയൂര്‍ക്കാവിലെ ഇടതുസ്ഥാനാര്‍ഥി
  വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ഥിയെപ്പറ്റി വലിയ അഭിപ്രായമാണ് കേള്‍ക്കുന്നത്. ഇവിടെ വന്നപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞതും അതാണ്. പ്രളയകാലത്ത് ജനഹൃദയങ്ങളില്‍ ഇടംനേടിയ ചെറുപ്പക്കാരനാണ്. ജാതിയോ മതമോ പാര്‍ട്ടിയോ നോക്കാതെയുള്ള വോട്ട് അദ്ദേഹത്തിനു കിട്ടുമെന്നു മനസ്സിലാക്കുന്നു. ജാതിയും മതവും ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ട കാലമല്ല. ജാതിയും മതവും നോക്കാതെ വോട്ടുകൊടുക്കുന്ന സംസ്‌കാരം വളരുന്നുണ്ട്. ആലപ്പുഴയിലെ ആരിഫിന്റെ ജയം തന്നെ ഇതിന് ഉദാഹരണമാണ്. നല്ല ആളുകളെ നോക്കി വോട്ടു ചെയ്യാനുള്ള അറിവ് ജനത്തിനുണ്ട്.

  ശബരിമല ആറിത്തണുത്തു
  ശബരിമല വികാരപരമായ വിഷയമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും ജനം വികാരപരമായി കണ്ടു. ഹിന്ദുവോട്ടുകള്‍ എല്‍ഡിഎഫിന് എതിരായി തിരിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. അത് വിജയിക്കുകയും ചെയ്തു. ഇടതുമുന്നണിക്കാകട്ടെ, കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുമായില്ല. സുവര്‍ണാവസരമെന്ന് ബിജെപി പ്രസിഡന്റ് തന്നെ പറഞ്ഞതാണല്ലോ. അവര്‍ അതില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തി. ശബരിമലയോടുള്ള താൽപര്യമോ സ്ത്രീകളോടുള്ള എതിര്‍പ്പോ ആയിരുന്നില്ല അവര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞുമില്ല. വിധി വന്ന് ഒരു വര്‍ഷം കഴിഞ്ഞു. അന്നുണ്ടായ വികാരം ഇന്ന് ജനങ്ങള്‍ക്കില്ല. ആ വിഷയം കെട്ടടങ്ങി. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഒട്ടും ബാധിക്കില്ലെന്നു പറയുന്നില്ല. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ അത്രയും മുതലെടുക്കാനാകില്ല.

  ബിഡിജെഎസിന്റെ രാഷ്ട്രീയ ഭാവി
  ബിഡിജെഎസ് ഒരു കേഡര്‍ പാര്‍ട്ടിയായി വളരണം. പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തിപ്പെടണം. ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുക്കണം. അതിനുള്ള നേതൃഗുണമുണ്ടാകണം. തെരഞ്ഞെടുപ്പില്‍ മാത്രം ഓടിക്കൂടുന്ന പാര്‍ട്ടിയാകരുത്. താഴേത്തട്ടുമുതല്‍ സംഘടനാ സംവിധാനമുണ്ടാകണം. ബിഡിജെഎസിന് വളരാനുള്ള മണ്ണുണ്ട് കേരളത്തില്‍. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നതല്ല പ്രധാനം. ആദ്യം പാര്‍ട്ടി ശക്തിപ്പെടുത്തണം. അവര്‍ ഇടതുമുന്നണിയിലേക്ക് പോകണമെന്ന് ഞാന്‍ പറയില്ല. പ്രത്യേകിച്ചും, തെരഞ്ഞെടുപ്പ് സമയത്ത് അതു പറയുന്നത് ശരിയല്ല. ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. 'അവരുടെ കൊച്ച്, അവരുടെ കുളം'' എന്നേ ഞാന്‍ പറയൂ. മുന്നണിയിലെ ചെറുപാര്‍ട്ടിക്കു പോലും പരിരക്ഷ നല്‍കുന്നവരാണ് എല്‍ഡിഎഫ്. ഒരു എംഎല്‍എ ഉള്ളവര്‍ക്കു പോലും മന്ത്രിസ്ഥാനം നല്‍കിയില്ലേ. അത് അവരുടെ സംസ്‌കാരം. മറ്റു പലയിടത്തും അതില്ല. എന്‍ഡിഎ കേരളത്തില്‍ വളരുക എളുപ്പമല്ല. ബിജെപിക്ക് ഇവിടെ വളക്കൂറില്ല. മദ്രാസിലും അതുപോലെ അവര്‍ വളരുന്നത് എളുപ്പമല്ല. എന്നാല്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുകാലത്തും തകരില്ല. കേരളത്തിന്റെ കാലാവസ്ഥ അതാണ്.

  ഉപതെരഞ്ഞെടുപ്പ് പ്രവചനം
  തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ പ്രവചനം നടത്താറുണ്ട്. പലപ്പോഴും അതു ശരിയാകാറുമുണ്ട്. എന്നാല്‍ ഇത്തവണ ഞാന്‍ ഒരു പ്രവചനത്തിനില്ല. തെറ്റിയാല്‍ നിങ്ങള്‍ എന്നെ ശരിപ്പെടുത്തും. ശരി പറഞ്ഞാല്‍ അത് അംഗീകരിക്കുകയുമില്ല. അതുകൊണ്ടു തന്നെ ഞാന്‍ പ്രവചനത്തിനില്ല. എങ്കിലും ഇടതുമുന്നണി നില മെച്ചപ്പെടുത്തും. അവരുടെ വോട്ടിംഗ് ശതമാനം വര്‍ധിക്കും.

  സുധീരന്റെ എതിര്‍പ്പിനു കാരണം
  സുധീരന്‍ എതിര്‍ത്തോട്ടേ. ഇനിയും എതിര്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. എതിര്‍ത്തിട്ട് എന്തു പറ്റി. ഞാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി തുടരുന്നു. സുധീരന്റെ അവസ്ഥയെന്താണ്. വെറുതേ കിട്ടിയ കെപിസിസി അധ്യക്ഷ പദവി തന്നെ പോയില്ലേ. ഒരു സീറ്റെങ്കിലും പിന്നീടു കിട്ടിയോ. സുധീരന്‍ കേരള രാഷ്ട്രീയത്തിലെ നികൃഷ്ട ജീവിയാണ്. സുധീരനെ എ യ്ക്കും വേണ്ട ഐ യ്ക്കും വേണ്ട. ഒരു മനുഷ്യര്‍ക്കും വേണ്ട. കുഴിയാനയെപ്പോലെ കീഴ്പ്പോട്ടല്ലേ സുധീരന്‍ വളരുന്നത്. മാധ്യമങ്ങളിലൂടെ മാത്രമാണ് അയാള്‍ ജീവിക്കുന്നത്. എല്ലായിടത്തും കയറി രണ്ട് അഭിപ്രായം പറയും. കുഷ്ഠരോഗിയെക്കാള്‍ അറപ്പോടെയാണ് കോണ്‍ഗ്രസുകാര്‍ പോലും സുധീരനെ കാണുന്നത്. മന്നനാകാനായിരുന്നു ശ്രമം. എന്നാല്‍ അയാള്‍ മന്നനല്ല, വെറും പന്നനാണ്.

  Also Read  പള്ളി വിധിയിൽ ചര്‍ച്ചയും നയപരമായ നീക്കവും നടത്തിയ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ധൃതി പിടിച്ച് ഓടിക്കയറി: തരൂർ

  First published: