ഉപതെരഞ്ഞെടുപ്പ്: അഞ്ചിടത്തും 'പാലാ' ആവര്‍ത്തിക്കാന്‍ ഇടതുമുന്നണി

പാലായിൽ അസാധ്യമെന്നു കരുതിയിരുന്ന അട്ടിമറി വിജയമാണ് നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിക്ക് പ്രതീക്ഷ നൽകുന്നത്. 

news18-malayalam
Updated: October 1, 2019, 5:43 PM IST
ഉപതെരഞ്ഞെടുപ്പ്: അഞ്ചിടത്തും 'പാലാ' ആവര്‍ത്തിക്കാന്‍ ഇടതുമുന്നണി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും എതിർ സ്ഥാനാർഥികൾ ആരെന്നു വ്യക്തമായതോടെ 'പാലാ' ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിൽ ഇടതു മുന്നണി. പാലായിൽ അസാധ്യമെന്നു കരുതിയിരുന്ന അട്ടിമറി വിജയമാണ് നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിക്ക് പ്രതീക്ഷ നൽകുന്നത്.

1. അരൂർ

സിറ്റിംഗ് മണ്ഡലം. സി.പി.എം പ്രതിനിധിയായ എ.എം ആരിഫ് പാർലമെന്റിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ആരൂരിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ്. സിറ്റിംഗ് മണ്ഡലം ആയതുകൊണ്ടു തന്നെ നിലനിർത്താനാകുമെന്നാണ് സി.പി.എം നേതാക്കൾ വ്യക്തമാക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ്പ്രസിഡന്റ് മനു സി.പുളിക്കനാണ് സ്ഥാനാർഥി. കഴിഞ്ഞ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ആരിഫിനോട് പരാജയപ്പെട്ട ഷാനി മോൾ ഉസ്മാനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസിലെ പടലപ്പിണക്കങ്ങളും മത്സരരംഗത്തെ സ്ഥിരം മുഖം എന്നതുമൊക്കെ ഷാനിമോൾക്ക് വിനയാകുമെന്ന വിലയിരിത്തലിലാണ് എൽ.ഡി.എഫ് . അതുകൊണ്ടു തന്നെ അരൂർ ഉറപ്പിക്കാമെന്നും അവർ വിശ്വസിക്കുന്നു.

2.കോന്നി
കോന്നിയിൽ സ്ഥാനാർഥിത്വത്തെച്ചൊല്ലി കോൺഗ്രസിലുണ്ടായ പടലപ്പിണക്കങ്ങൾ ഇടത് സ്ഥാനാർഥിക്ക് ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. കെ. സുരേന്ദ്രൻ  ബി.ജെ.പി സ്ഥാനാർഥിയാകുന്നത് തങ്ങൾക്ക് ഒരു തരത്തിലും ദോഷകരമാകില്ലെന്നും മുന്നണി നേതൃത്വം വിലയിരുത്തുന്നു. യുവാവെന്ന പരിഗണന ജെനീഷ് കുമാറിന് ലഭിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.ഒപ്പം സാമുദായിക സമവാക്യം അനുകൂലമാകുമെന്നും.

3.വട്ടിയൂർക്കാവ്
കഴിഞ്ഞ ലോകസഭാ, നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു പോയ വട്ടിയൂർക്കാവിലും ഇക്കുറി വിജയിക്കാനാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കുമ്മനം രാജശേഖരൻ മത്സരരംഗത്തില്ലാത്തതും അനുകൂലഘടകം. കെ. മുരളീധരന്റെ അഭാവവും കോൺഗ്രസിലെയും ബിജെപിയിലെയും അനൈക്യവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മേയർ എന്ന നിലയിലുള്ള പ്രവർത്തനവും പ്രളയകാല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായതുമൊക്കെ വി.കെ പ്രശാന്തിന്റെ ജയം എളുപ്പമാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

4.മഞ്ചേശ്വരം
ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള ശങ്കർ റൈയുടെ സ്ഥാനാർഥിത്വമാണ് മഞ്ചേശ്വരത്ത് ജയപ്രതീക്ഷ നൽകുന്നത്. ഇവിടെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ഇക്കുറി ലീഗിലെ സ്ഥാനാർഥി വിവാദവും ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തന്നെ ബി.ജെ.പി വീണ്ടും രംഗത്തിറക്കിയതും തങ്ങൾക്ക് ഗുണകരമാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു.

5.എറണാകുളം
ഇടതു സ്വതന്ത്രൻ ജനവിധി തേടുന്ന എറണാകുളത്തും അട്ടിമറി ജയം നേടാമെന്ന പ്രതീക്ഷ ഇടതു മുന്നണിക്കുണ്ട്. സ്ഥാനാർഥി മനു റോയിയുടെ സാമുദായിക പശ്ചാത്തലവും സ്വാധീനവും അദ്ദേഹത്തിന്റെ പിതാവും മാധ്യമ പ്രവർത്തകനുമായ കെ.എം റോയിക്കുള്ള സ്വീകാര്യതയുമൊക്കെ വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ കോൺഗ്രസിലെ വിഭാഗീയതയും ജയം എളുപ്പമാക്കുമെന്ന് മുന്നണി നേതൃത്വം കരുതുന്നു.

Also Read ഗുരുവായൂരിൽ കാണാനെത്തിയ പിണറായിക്ക് കണ്ണൻ നൽകിയത് പൂത്തുലഞ്ഞ പാലയെന്ന് സന്ദീപാനന്ദഗിരി

First published: September 29, 2019, 4:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading