• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് 11 ജില്ലകളിലെ 29 തദ്ദേശ വാർഡുകളിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്ത് 11 ജില്ലകളിലെ 29 തദ്ദേശ വാർഡുകളിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ്

29 വാർഡുകളിലായി ആകെ 102 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 40 പേർ വനിതകളാണ്, വോട്ടെണ്ണൽ നവംബർ പത്തിന് രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ നടത്തും

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് 11 ജില്ലകളിലെ 29 തദ്ദേശ വാർഡുകളിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട മുന്നോരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വാർത്താകുറിപ്പിൽ അറിയിച്ചു. കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 29 വാർഡുകളിലായി ആകെ 102 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 40 പേർ വനിതകളാണ്. വോട്ടെടുപ്പിനായി 190 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ പത്തിന് രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ നടത്തും.

തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം. സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്. ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്.

പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. പോളിങ് സാധനങ്ങൾ തലേദിവസം 12 മണിക്ക് മുമ്പ് സെക്ടറൽ ഓഫീസർമാർ മുഖേന അതാത് പോളിങ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിങ് ബൂത്തിൽ നേരിട്ട് ഹാജരായാൽ മതിയാകും. ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കും. പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ

തിരുവനന്തപുരം - പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ, കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം.

കൊല്ലം - പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവൻകോണം.

പത്തനംതിട്ട - പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി.

ആലപ്പുഴ - എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വൻമഴി വെസ്റ്റ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി, മുതുകുളം ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ, പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്.

ഇടുക്കി - ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം, ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കാനം, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്താൽ, കരുണാപുരം ഗ്രാമപഞ്ചായത്തിലെ കുഴിക്കണ്ടം.

എറണാകുളം - വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം, പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി, കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം.

തൃശൂർ - വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ സെന്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം.

പാലക്കാട് - കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പാലത്തറ, പുതൂർ ഗ്രാമപഞ്ചായത്തിലെ കോളപ്പടി.

മലപ്പുറം - മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട്.

കോഴിക്കോട് -മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ, തുറയൂർ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ.

വയനാട് - കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല.
Published by:Anuraj GR
First published: