• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഉപതെരഞ്ഞെടുപ്പ്; അഞ്ചു മണ്ഡലങ്ങളിലും ജയസാധ്യത; ആരാവും കോൺഗ്രസ് സ്ഥാനാർഥികൾ?

ഉപതെരഞ്ഞെടുപ്പ്; അഞ്ചു മണ്ഡലങ്ങളിലും ജയസാധ്യത; ആരാവും കോൺഗ്രസ് സ്ഥാനാർഥികൾ?

ഇലയ്ക്കും മുള്ളിനും കേടില്ലാതെ മൂന്നു മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുകയെന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാൾ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി.

Election Cartoon

Election Cartoon

 • Share this:
  #അനീഷ് അനിരുദ്ധൻ

  തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാകുന്നത് കോൺഗ്രസിന്. അഞ്ചില്‍ നാലിടത്തും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ഇതില്‍ത്തന്നെ എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങൾ കോണ്‍ഗ്രസിന്റെയും മഞ്ചേശ്വരം മുസ്ലീലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ മൂന്നു മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുകയെന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാൾ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി.

  വട്ടിയൂർക്കാവ്

  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണമത്സരം നടന്ന വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ  കെ. മുരളീധരന് പകരം ആരെ സ്ഥാനാർഥിയാക്കുമെന്നതിൽ ഇതുവരെ വ്യക്തതയില്ല. മുന്‍ എം.പി പീതാംബരകുറുപ്പിനെയാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തിക്കാട്ടുന്നത്. എ ഗ്രൂപ്പിന്റെ പ്രഥമ പരിഗണന പി.സി വിഷ്ണുനാഥിനും.

  ഇതിനിടെ അരൂരും വട്ടിയൂര്‍ക്കാവും തമ്മില്‍ വച്ചുമാറണമെന്ന തരത്തിലുള്ള ചര്‍ച്ചയും ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എ ഗ്രൂപ്പ് നോമിനിയായി പി.സി വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാർഥിത്വമുറപ്പിക്കും. മുൻ എം.എൽ.എ കെ. മോഹന്‍കുമാറിനു വേണ്ടിയും ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

  ഇതിനൊക്കെ പുറമെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സ്ഥനാര്‍ഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ കെ.സി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയേക്കാമെന്നാണ് പാര്‍ട്ടിയിലെ ചിലരെങ്കിലും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിൽ  ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നിലപാട് നിര്‍ണായകമാകും.

  കോന്നി

  അടൂര്‍ പ്രകാശിന്റെ കൈകളില്‍ എല്ലാക്കാലത്തും കോണ്‍ഗ്രസിനു സുരക്ഷിതമായിരുന്ന മണ്ഡലമാണ് കോന്നി. അതുകൊണ്ടു തന്നെ കെ.പി.സി.സിക്കും ഡി.സി.സിയ്ക്കും മുകളില്‍ കോന്നിയിലെ സ്ഥാനാര്‍ഥിത്വത്തിലും അടൂര്‍ പ്രകാശിന്റെ തീരുമാനത്തിനാകും പ്രാമുഖ്യം. പത്തനംതിട്ട ഡി.സി.സി അധ്യക്ഷന്‍ ബാബു ജോര്‍ജ്, മുന്‍ അധ്യക്ഷന്‍ മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു എന്നിവരാണ് സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്നത്. എന്നാല്‍ മുന്‍ജില്ലാ പഞ്ചായത്തംഗവും പ്രമാടം പഞ്ചായത്ത് പ്രസിഡന്റും അടൂര്‍ പ്രകാശിന്റെ വിശ്വസ്തനുമായ റോബിന്‍ പീറ്റര്‍ക്കാണ് സാധ്യത. അടൂര്‍ പ്രകാശുമായുള്ള വ്യക്തിബന്ധത്തേക്കാള്‍ പ്രദേശികതലത്തിലുള്ള സ്വീകാര്യതയും റോബിന്‍ പീറ്ററുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

  എറണാകുളം

  കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന എറണാകുളത്ത് കെ.വി തോമസ് എന്ന ഒറ്റ പേരിലേക്കാണ് നേതാക്കള്‍ക്കിടയിലെ ചര്‍ച്ച നീങ്ങുന്നത്. ഹൈബി ഈഡനു വേണ്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെട്ടതു തന്നെയാണ് കെ.വി തോമസിലേക്ക് മാത്രം എറണാകുളത്തെ സ്ഥാനാർഥിത്വ ചര്‍ച്ച ചുരുക്കിയതും. തോമസ് ഒഴിവാക്കപ്പെട്ടാല്‍ ഡി.സി.സി അധ്യക്ഷന്‍ പി.ജെ വിനോദ്, മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവരാകും പരിഗണിക്കപ്പെടുക.

  അരൂർ

  സിറ്റിംഗ് മണ്ഡലം അല്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടു വര്‍ധനയാണ് കോൺഗ്രസിന് അരൂരിലെ ജയപ്രതീക്ഷ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനി മോള്‍ ഉസ്മാന്‍, മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.എ ഷുക്കൂര്‍, നിലവിലെ അധ്യക്ഷന്‍ എം. ലിജു എന്നിവരാണ് പരിഗണിക്കപ്പെടുന്നത്. ഇവര്‍ മൂന്നു പേരും ഐ ഗ്രൂപ്പ് നോമിനികളും.

  എന്നാല്‍ 2016-ലെ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിലെ സി.ആര്‍ ജയപ്രകാശായിരുന്നു അരൂരിലെ സ്ഥാനാര്‍ഥി. അതുകൊണ്ടു തന്നെയാണ് വട്ടിയൂര്‍ക്കാവുമായി അരൂരിനെ വച്ചുമാറാനുള്ള ചര്‍ച്ചകളും ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ നടക്കുന്നത്. അങ്ങനെയെങ്കില്‍ സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുത്ത് ഷാനിമോളെയോ ഷുക്കൂറിനെയോ സ്ഥാനാര്‍ഥിയാക്കും.

  Also Read മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാം: കെ.വി തോമസ്

  First published: