നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത് ഈ തദ്ദേശ സ്ഥാപനങ്ങളില്‍

  ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത് ഈ തദ്ദേശ സ്ഥാപനങ്ങളില്‍

  തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്ത്, ഇടുക്കിയിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, തൊടുപുഴ നഗരസഭ, മാങ്കുളം പഞ്ചായത്ത്, മലപ്പുറത്തെ മംഗലം പഞ്ചായത്ത്, വയനാട്ടിലെ മുട്ടില്‍ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത്.

  ന്യൂസ് 18

  ന്യൂസ് 18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിലായി 44 തദ്ദേശ വാര്‍ഡുകളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തില്‍ നിര്‍ണായകമാകും. തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്ത്, ഇടുക്കിയിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, തൊടുപുഴ നഗരസഭ, മാങ്കുളം പഞ്ചായത്ത്, മലപ്പുറത്തെ മംഗലം പഞ്ചായത്ത്, വയനാട്ടിലെ മുട്ടില്‍ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ നിലയോ ഒരു അംഗത്തിന്റെ മേല്‍ക്കൈയ്യോ ഉള്ള സ്ഥാപനങ്ങളാണിവ. അതുകൊണ്ടു തന്നെയാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നതും.

   കല്ലറ ഗ്രാമ പഞ്ചായത്ത്
   തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തില്‍ വെള്ളംകുടി വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.എമ്മിലെ സജുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.എമ്മിലെ ലതയാണ് ഇടത് സ്ഥാനാര്‍ഥി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ശിവദാസനും ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രശാന്തുമാണ് മത്സരിക്കുന്നത്. 17 വാര്‍ഡുള്ള കല്ലറ പഞ്ചായത്തില്‍ ഇടതു മുന്നണിയാണ് ഭരിക്കുന്നത്. എല്‍.ഡി.എഫ്- 8, യു.ഡി.എഫ് 8 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പാകും പഞ്ചായത്ത് ഭരണം നിര്‍ണയിക്കുന്നത്.

   തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്
   മണക്കാട് ഡിവിഷനില്‍ എല്‍.ഡി.എഫിലെ വിനീത അനില്‍കുമാറിന് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.
   എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷീന ഹരിദാസും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ശ്രീജാ വേണുഗോപാലും ബി.ജെ.പി സ്ഥാനാര്‍ഥിയായി ദീപ രാജേഷുമാണ് മത്സരരംഗത്തുള്ളത്. 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ ഇപ്പോള്‍ എല്‍.ഡി.എഫ് -6, യു.ഡി.എഫ് -6 എന്നതാണ് കക്ഷിനില. അതിനാല്‍ ഉപതെരെഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.

   തൊടുപുഴ നഗരസഭ
   മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ ബി.ജെ.പി കൗണ്‍സിലര്‍ക്ക് ജോലികിട്ടി സ്ഥാനം ഒഴിയുകയായിരുന്നു. എല്‍.ഡി.എഫില്‍ നിന്ന് രാജി രാജന്‍, യു.ഡി.എഫില്‍ നിന്ന് നാഗേശ്വരി അഭിലാഷ്, ബി.ജെ.പി സ്ഥാനാര്‍ഥിയായി മായ എ. നായര്‍ എന്നിവരാണ് മത്സരിക്കുന്നത്. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് - 14, എല്‍.ഡി.എഫ്- 13, ബി.ജെ.പി-7 എന്നിങ്ങനെയാണ് ഇപ്പോള്‍ കക്ഷിനില. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചാല്‍ അത് ഭരണത്തില്‍ നിര്‍ണായകമാണ്.

   മാങ്കുളം പഞ്ചായത്ത്
   ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ സി.പി.എം അംഗം പി.കെ രവീന്ദ്രന്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ്. പി.കെ രവീന്ദ്രന്റെ മകനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിഷ്ണു രവീന്ദ്രന്‍. എന്‍.എസ് സുനീഷ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പി സ്ഥാനാര്‍ഥിയായി ഐ.കെ ശശിയും മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് ജയിച്ചത്. നിലവില്‍ എല്‍.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം. 13 അംഗ പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ആറ് അംഗങ്ങള്‍ വീതമാണുള്ളത്. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പു ഫലം നിര്‍ണായകും.

   മംഗലം പഞ്ചായത്ത്
   കൂട്ടായി വാര്‍ഡ് അംഗമായിരുന്ന മുസ്ലീംലീഗിലെ അല്‍ത്താഫ് ഹുസൈന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ലീഗിന്റെ വിഭാഗീയതയില്‍ മനം മടുത്താണ് അല്‍ത്താഫ് ഹുസൈന്റെ രാജി. എല്‍.ഡി.എഫിലെ നാസര്‍ കല്ലിങ്ങലകത്ത്, യു.ഡി.എഫിലെ സി.എം.ടി സീതി എന്നിവരാണ് മത്സരരംഗത്തുള്ളത്. 20 അംഗ പഞ്ചായത്തില്‍ യുഡിഎഫ് -10, എല്‍ഡിഎഫ് -9 ആണ് കക്ഷിനില. ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും.

   മുട്ടില്‍ പഞ്ചായത്ത്
   വയനാട്ടിലെ മുട്ടില്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ള പുല്‍പ്പാടി ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെ മൊയ്തീന്‍ യുഡിഎഫ് (മുസ്ലീം ലീഗ്) സ്ഥാനാര്‍ഥി. ബിജെപിക്കും സ്ഥാനാര്‍ഥിയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് റിബലായി സ്വതന്ത്രനായി മത്സരിച്ച എ.എം നജീം ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇയാള്‍ ആദ്യം എല്‍.ഡി.എഫുമായി ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് യു.ഡി.എഫിനൊപ്പമായി. നജീമിന്റെ അംഗത്വം തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 19 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യുഡിഎഫിനും 9 അംഗങ്ങള്‍ വീതമാണുള്ളത്.

   Also Read തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന്; 13 ജില്ലകളിലെ 44 വാർഡുകളിൽ വോട്ടെടുപ്പ്

   First published:
   )}