'മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ?': വിമര്‍ശനവുമായി എം.എം മണി

"ശബരിമല വിഷയത്തില്‍ ഇതേ മുല്ലപ്പള്ളി തന്നെയാണ് RSS മായി കൈകോര്‍ത്ത് സമരം ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്തതെന്ന കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്."

News18 Malayalam | news18-malayalam
Updated: December 23, 2019, 11:27 AM IST
'മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ?': വിമര്‍ശനവുമായി എം.എം മണി
News18
  • Share this:
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിൽ  മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ പരിഹസിച്ച്, മന്ത്രി എം എം മണി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയാ ഗാന്ധി ഉള്‍പ്പെടെ ദേശീയ തലത്തിലും, കേരളത്തിലും കോണ്‍ഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കന്‍മാരും അനുകൂലിക്കുകയാണ്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ബിജെപിയുടെ വഴിയെ സമരത്തെ തള്ളിപ്പറഞ്ഞു, മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ, അതോ സോണിയാ ഗാന്ധിയാണോയെന്ന് എംഎം മണി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

#പുര_കത്തുമ്പോള്‍ #മുല്ലപ്പള്ളിയുടെ_വാഴവെട്ട്!

ഇന്ത്യയുടെ മത നിരപേക്ഷത തകര്‍ക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനും ലക്ഷ്യം വച്ച് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ LDF ഉം UDF ഉം സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംഘടിപ്പിച്ച സമരം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതും കക്ഷിഭേദമെന്യ എല്ലാവരില്‍ നിന്നും അംഗീകാരം നേടിയതുമായിരുന്നു.

ഡല്‍ഹിയില്‍ സി.പി.എം. നേതാവ് സ: സീതാറാം യെച്ചൂരിയും, കോണ്‍ഗ്രസ് നേതാവ് ശ്രീമതി സോണിയാ ഗാന്ധിയും ഉള്‍പ്പെടെ വിവിധ കക്ഷി നേതാക്കളും ഒരുമിച്ച് സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ യോജിച്ചുള്ള സമരത്തെ സോണിയാ ഗാന്ധി ഉള്‍പ്പെടെ ദേശീയ തലത്തിലും, കേരളത്തിലും കോണ്‍ഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കന്‍മാരും അനുകൂലിക്കുകയാണ്. സ്വാഭാവികമായും
ബി ജെപി നേതാക്കള്‍ എതിര്‍ക്കുയും ചെയ്യുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി യുടെ വഴിയേ ഇത്തരം സമരത്തെ എതിര്‍ക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു.

ശബരിമല വിഷയത്തില്‍ ഇതേ മുല്ലപ്പള്ളി തന്നെയാണ് RSS മായി കൈകോര്‍ത്ത് സമരം ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്തതെന്ന കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

Also Read 'സംയുക്ത പ്രക്ഷോഭങ്ങൾ അവശ്യമെങ്കിൽ ഇനിയും സംഘടിപ്പിക്കും': മുല്ലപ്പള്ളിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

ഇതെല്ലാം കാണുന്ന ജനങ്ങള്‍ ചോദിക്കുന്നുണ്ട്; മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ?


Published by: Aneesh Anirudhan
First published: December 23, 2019, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading