കോഴിക്കോട്: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ സമസ്ത വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗം ഉപേക്ഷിക്കേണ്ടിവന്ന സംഭവത്തില്‍ ലീഗിനെ തള്ളി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും വിധേയത്വമില്ലെന്നും സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുമെന്നും കാന്തപുരം വ്യക്തമാക്കി. സമസ്ത ഇ.കെ വിഭാഗം വിളിച്ചു ചേര്‍ച്ച യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചുവെന്നാണ് അറിയിച്ചതെന്നും കാന്തപുരം പറഞ്ഞു.
പൗരത്വബില്‍ വിഷയത്തില്‍ സമസ്ത കോഴിക്കോട് വിളിച്ചുചേര്‍ത്ത യോഗം മുസ്ലിം ലീഗ് ഇടപെട്ട് തടഞ്ഞതിനെക്കുറിച്ചാണ് കാന്തപുരത്തിന്റെ പ്രതികരണം. സമസ്ത ഇ.കെ വിഭാഗത്തിന്റെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും പോകാന്‍ തീരുമാനിച്ചിരുന്നുവെന്നും കാന്തപുരം പറഞ്ഞു. എന്നാല്‍ അവസാന നിമിഷം യോഗം മാറ്റിവെച്ചുവെന്ന് അറിയിക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെ ഇടപെടല്‍ കാരണമായിരിക്കാം യോഗം മാറ്റിവെച്ചതെന്നും കാന്തപുരം വ്യക്തമാക്കി.
Also Read- ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി
'ഇ.കെ വിഭാഗം ഇനിയും യോഗത്തിലേക്ക് വിളിച്ചാല്‍ പോകുന്ന കാര്യം ആലോചിക്കും. എ.പി വിഭാഗം സമസ്തക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും വിധേയത്വമില്ല. സംഘടന സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കും. അതു നടപ്പാക്കുകയും ചെയ്യും'- കാന്തപുരം പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കോഴിക്കോട് സമസ്ത ഇ.കെ വിഭാഗം മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത്. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ മുസ്ലിം ലീഗിനെ മറികടന്ന് സമസ്ത യോഗം വിളിച്ചത് നേതൃത്വത്തെ ചൊടിപ്പിച്ചു. സമസ്തയിലെ തന്നെ ഒരു വിഭാഗത്തെ സ്വാധീനിച്ചാണ് യോഗം മുടക്കാന്‍ ചരടുവലി നടത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ യോഗത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. കെ.എന്‍.എം ഉള്‍പ്പെടെയുള്ള ചില സംഘടനകളെയും പി.കെ കുഞ്ഞാലിക്കുട്ടി നേരിട്ട് ഫോണില്‍ വിളിച്ച് സ്വാധീനിച്ചതോടെ സമസ്ത വിളിച്ച യോഗം നടക്കാതെ പോവുകയായിരുന്നു.
പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കും
അതേസമയം പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കാന്തപുരം പറഞ്ഞു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ബില്ലിനെതിരെ പ്രതിഷേധവും ശക്തമാക്കും. വെള്ളിയാഴ്ച മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തും. ഇപ്പോള്‍ സംഘടന സ്വന്തം നിലയിലാണ് പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നത്. സഹകരിക്കുന്നവരെ ഒപ്പം ചേര്‍ക്കുമെന്നും കാന്തപുരം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.