HOME » NEWS » Kerala » CABINET FORMATION CHIEF MINISTER PINARAYI VIJAYAN MET THE GOVERNOR

മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടു

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി

News18 Malayalam | news18-malayalam
Updated: May 18, 2021, 9:08 PM IST
മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടു
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
  • Share this:
തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ അധികാരത്തിലേറും. വൈകുന്നേരം മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. 500 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പുതുമുഖങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതാണ് പിണറായിയുടെ രണ്ടാം മന്ത്രിസഭ. ഇത്രയും പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തില്‍ ഇല്ല. 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മുഖ്യമന്ത്രിയടക്കം നാലുപേര്‍ മാത്രമാണ് മുമ്പ് മന്ത്രിമാരായി പ്രവര്‍ത്തിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരില്‍ മൂന്നുപേര്‍ മാത്രമാണു മുമ്പ് മന്ത്രിമാരായിട്ടുള്ളവര്‍. ജനതാദളിലെ കെ കൃഷ്ണന്‍ കുട്ടിയും എന്‍ സി പിയിലെ മന്ത്രി എ കെ ശശീന്ദ്രനും കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു. ചേലക്കരയില്‍നിന്ന് ജയിച്ചു വന്ന സി പി എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ രാധാകൃഷ്ണന്‍ 1996ലെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയും 2006ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറുമായിരുന്നു.

ആദ്യമായി എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിസഭയിലേക്ക് വരുന്ന എട്ടുപേരും ഇത്തവണ പിണറായിയുടെ ടീമില്‍ ഉണ്ട്. സിപിഐ എമ്മിലെ പി രാജീവ്, കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചു റാണി, മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, ജി ആര്‍ അനില്‍, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് ആദ്യമായി എംഎല്‍എയായി മന്ത്രിപദവിയിലേക്ക് കടന്നു വരുന്നത്. ഇതില്‍ പി രാജിവ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ രാജ്യസഭയിലെ മുന്‍ അംഗങ്ങള്‍ കൂടിയായി പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

എല്‍.ഡി.എഫ് മന്ത്രിസഭ 2021-2026

CPIM
1.പിണറായി വിജയന്‍ (ധര്‍മ്മടം)
2. എം.വി.ഗോവിന്ദന്‍ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണന്‍ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എന്‍.ബാലഗോപാല്‍ (കൊട്ടാരക്കര)
6.സജി ചെറിയാന്‍ (ചെങ്ങന്നൂര്‍)
7.വി.എന്‍.വാസവന്‍ (ഏറ്റുമാനൂര്‍)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂര്‍)
9.വി.ശിവന്‍കുട്ടി (നേമം)
10. ആര്‍. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോര്‍ജ് (ആറന്‍മുള )
12.വി.അബ്ദുള്‍ റഹ്‌മാന്‍ (താനൂര്‍)

CPl
13. പി.പ്രസാദ് (ചേര്‍ത്തല)
14.കെ.രാജന്‍ (ഒല്ലൂര്‍)
15.ജി.ആര്‍.അനില്‍ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)

KCM
17. റോഷി അഗസ്റ്റിന്‍ (ഇടുക്കി)

JDS
18.കെ.കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍)

NCP
19. എ.കെ.ശശീന്ദ്രന്‍ (ഏലത്തൂര്‍)

DKC
20. ആന്റണി രാജു (തിരുവനന്തപുരം)

INL
21. അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കാട് സൗത്ത് )
Published by: Jayesh Krishnan
First published: May 18, 2021, 9:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories