HOME » NEWS » Kerala » CABINET FORMATION S RAMACHANDRAN PILLAI ALLEGES THAT MANY INCLUDING LEFT SYMPATHISERS HAD FALLEN FOR BOURGEOISIE MEDIA CAMPAIGN

മന്ത്രിസഭാ രൂപീകരണം: 'ബൂർഷ്വാ മാധ്യമ പ്രചാരവേലയിൽ ഇടതുപക്ഷ സുഹൃത്തുക്കളടക്കം പെട്ടു': എസ് രാമചന്ദ്രൻപിള്ള

ചുമതലകൾ സമർഥമായി കൈകാര്യം ചെയ്തവർക്ക് ഇളവ് നൽകിയാൽ 26 എംഎൽഎമാർക്കും 11 മന്ത്രിമാർക്കും അത് നൽകേണ്ടിവരുമായിരുന്നു

News18 Malayalam | news18-malayalam
Updated: May 27, 2021, 10:46 AM IST
മന്ത്രിസഭാ രൂപീകരണം: 'ബൂർഷ്വാ മാധ്യമ പ്രചാരവേലയിൽ ഇടതുപക്ഷ സുഹൃത്തുക്കളടക്കം പെട്ടു': എസ് രാമചന്ദ്രൻപിള്ള
എസ് രാമചന്ദ്രൻ പിള്ള
  • Share this:
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന ചില ബൂർഷ്വാ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും പ്രചാരവേലയിൽ ചില ഇടതുപക്ഷ സുഹൃത്തുക്കളടക്കം പലരും പെട്ടുപോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. പാർലമെന്ററി സ്ഥാനത്തേക്ക് നിയോഗിക്കുമ്പോൾ മാത്രമാണ് ഒരുപാർട്ടി പ്രവർത്തകൻ പരിഗണിക്കപ്പെട്ടുവെന്ന് കരുതുന്നത് പാർട്ടി ബോധത്തിന്റെ നിലവാരത്തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിലും മന്ത്രിപദത്തിലും പുതുമുഖങ്ങൾക്ക് പരിഗണന നൽകിയതിന്റെ രാഷ്ട്രീയം വിശദീകരിച്ചു ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് അവരുടെ പേരുപറയാതെയാണ് എസ് ആർ പി വിശദീകരിക്കുന്നത്. ചുമതലകൾ സമർഥമായി കൈകാര്യം ചെയ്തവർക്ക് ഇളവ് നൽകിയാൽ 26 എംഎൽഎമാർക്കും 11 മന്ത്രിമാർക്കും അത് നൽകേണ്ടിവരുമായിരുന്നു. മൂന്നുവനിതകൾ ഉൾപ്പെടുന്ന മന്ത്രിസഭ വന്നതോടെ ആ പ്രചാരണം യുക്തിക്ക് നിരക്കാത്തതായി. രണ്ടുതവണ തുടർച്ചയായി എംഎൽഎമാരായിരുന്നവരെ മാറ്റിനിർത്തിയാൽ അത് വിജയസാധ്യത ഇല്ലാതാക്കുമെന്ന് ചിലർ കരുതി. എന്നാൽ, വിജയസാധ്യതയുള്ള പ്രഗത്ഭർക്ക് പാർട്ടിയിൽ ക്ഷാമമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി-രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.

Also Read- പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; ഈ മാസം വില വർധിപ്പിച്ചത് 14 തവണ

മന്ത്രിസഭാ രൂപവത്കരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന മാധ്യമപ്രചാരണത്തിൽ ഇടതുപക്ഷസുഹൃത്തുക്കൾ അടക്കം പെട്ടുപോയി. ഇത്തരം പ്രചാരവേലയ്‌ക്ക്‌ ഒരു അടിസ്ഥാനവുമില്ല. പാർട്ടിയെ പ്രതിനിധാനംചെയ്‌ത്‌ കഴിഞ്ഞ മന്ത്രിസഭയിൽ രണ്ട്‌ വനിതകൾ ഉണ്ടായിരുന്നു. പുതിയ മന്ത്രിസഭയിലും പാർട്ടിയെ പ്രതിനിധാനംചെയ്‌ത്‌ രണ്ട്‌ വനിതകളുണ്ട്‌. പുതിയ അംഗങ്ങളെ നിശ്ചയിച്ചുവെന്നത്‌ വനിതകളെ അവഗണിച്ചതിന്‌ കാരണമായി എടുത്തുകാട്ടുന്നത്‌ യുക്തിക്ക്‌ നിരക്കാത്തതാണ്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന രണ്ട്‌ വനിതകൾക്ക്‌ പകരം ഇന്ന്‌ മൂന്ന്‌ വനിതകളാണുള്ളത്‌. വ്യക്തിപരമായി ആരെയെങ്കിലും പരിഗണിച്ചോ ഇല്ലയോ എന്ന നിലയിലല്ല മറിച്ച്‌ നയം എങ്ങനെ നടപ്പാക്കിയെന്ന അടിസ്ഥാനത്തിലാണ്‌ പാർട്ടിയുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ടത്‌.

‘തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാർലമെന്ററി വ്യാമോഹം പാർട്ടി ശക്തമായ സംസ്ഥാനങ്ങളിലും ദുർബലമായ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇത് പാർട്ടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്ക്കുമുള്ള ഉറവിടം കൂടിയാണ്’ ഒരാൾ ഒരേസ്ഥാനത്ത് തുടരുന്നത് പാർട്ടിക്കുള്ളിൽ ആരോഗ്യകരമായ കൂട്ടായ്മ വളർത്തുന്നതിന് പ്രയാസകരമാകും. ചണ്ഡീഗഢ് പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ഉദ്ധരിച്ച് എസ് ആർ പി വിശദീകരിക്കുന്നു.

Also Read- Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്കുകൾ അറിയാം

സ്ഥാനങ്ങൾ നേടുന്നതിനും ഉറപ്പിക്കുന്നതിനും ശ്രമങ്ങളുണ്ടാകും. ഇത് പാർട്ടിക്കുള്ളിലെയും പാർലമെന്ററിതലത്തിലെയും സ്ഥാനങ്ങൾക്ക് ഒരേപോലെ ബാധകമാണ്. അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറിവരെയുള്ളവർക്ക് കാലപരിധിവെച്ചത്. ഈ തീരുമാനം പാർട്ടിക്കുള്ളിൽ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിഭാഗീയ പ്രവണതയെ നേരിടുന്നതിനും സഹായിച്ചു. പാർട്ടി-പാർലമെന്ററി സ്ഥാനങ്ങളിലേക്ക് കഴിവുള്ള സഖാക്കൾക്ക് പുതിയ അവസരം ലഭിക്കും.- എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.
Published by: Rajesh V
First published: May 27, 2021, 10:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories