തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള നിയമ നിയമനിര്‍മാണത്തിന് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയേക്കും. അഞ്ചാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇത് ഓര്‍ഡിനന്‍സായി കൊണ്ടു വന്നത് ഗവര്‍ണര്‍ പരിശോധിക്കും മുന്‍പ് നിയമസഭാ സമ്മേളനം വിളിച്ചു ചേര്ക്കാര് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബില്ല് സഭ പാസാക്കിയാലും ഗവര്‍ണര്‍ അംഗീകാരം നല്‍കണം. ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നല്‍കാനാണ് സാധ്യത. സഹകരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്ന സഹകരണ ഭേദഗതി ബില്ലും മന്ത്രിസഭക്ക് മുന്നില്വന്നേക്കും. കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് നിയമ നിര്‍മാണം ആലോചിക്കുന്നത്. അന്ധ വിശ്വാസങ്ങള്‍ തടയാനുള്ള ബില്ലും മന്ത്രിസഭ പരിഗണിക്കും.
അതേസമയം, സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിട്ടും നിയമപോരാട്ടവുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. നിയമോപദേശം തേടിയ ശേഷം ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് സ്ഥിരം വി സിയെ കണ്ടെത്താനുള്ള നടപടികൾ മൂന്നുമാസത്തിനുളളിൽ പൂർത്തിയാക്കണമെന്നു കോടതി നിർദ്ദേശം നൽകിയെങ്കിലും സർക്കാർ- ഗവർണർ പോരിന് അയവു വരുന്നില്ലെന്ന് വ്യക്തം.
സാങ്കേതിക സർവകലാശാലയിലെ സിസ തോമസിന്റെ നിയമനം ചോദ്യംചെയ്തുള്ള ഹർജിയിൻമേൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
നിയമനം യുജിസി ചട്ടങ്ങൾ ലംഘിച്ചെന്ന വാദത്തിൽ ഉറച്ചു നിന്നാകും സർക്കാരിൻറെ മുന്നോട്ടുപോക്ക്. സിസ തോമസിന് നാളിതുവരെയായി ഒരു ഫയലിൽ പോലും ഒപ്പിടാൻ സാധിച്ചിട്ടില്ല. സർട്ടിഫിക്കറ്റുകൾ അടക്കം ഒപ്പിടുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു താത്ക്കാലിക വി സി നിയമനം. എന്നാൽ ഇടത് അനുകൂല സംഘടനാ ജീവനക്കാരുടെ നിസ്സഹകരണ മൂലം വിദ്യാർത്ഥികളുടെ തുടർപഠനവും ജോലിസംബന്ധമായ ആവശ്യങ്ങളും പ്രതിസന്ധിയിലാണ്. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയെങ്കിലും അതും നടപ്പായില്ല. സർക്കാർ കൊമ്പുകോർക്കലുമായി തന്നെ മുന്നോട്ടു നീങ്ങുമ്പോൾ ഈ പ്രതിസന്ധി മൂന്നു മാസത്തോളം നീളാനാണ് സാധ്യത..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.