• HOME
 • »
 • NEWS
 • »
 • kerala
 • »
 • വാഹനങ്ങൾ വാങ്ങിയത് ചട്ടം ലംഘിച്ച്; വെടിയുണ്ട കാണാതായി; ഡിജിപിക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി CAG റിപ്പോർട്ട്

വാഹനങ്ങൾ വാങ്ങിയത് ചട്ടം ലംഘിച്ച്; വെടിയുണ്ട കാണാതായി; ഡിജിപിക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി CAG റിപ്പോർട്ട്

തിരുവനന്തപുരം സായുധ ക്യാംപിലെ പന്ത്രണ്ടായിരത്തി അറുപത്തിയൊന്ന് വെടിയുണ്ടകള്‍ കാണാനില്ല.

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

 • Share this:
  തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരേ അതീവ ഗുരുതര കണ്ടെത്തലുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് ചട്ടങ്ങളെല്ലാം ലംഘിച്ചാണെന്നാണ് സിഎജി കണ്ടെത്തി. തിരുവനന്തപുരം സായുധ ക്യാംപിലെ 12061 വെടിയുണ്ടകള്‍ കാണാനില്ല. 25 തോക്കുകള്‍ കാണാതായെന്നു റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും അത് എ.ആര്‍ ക്യാംപിലേക്കു നല്‍കിയതാണെന്നാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.

  പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള 2.8 കോടി രൂപ ഡിജിപിക്കും എഡിജിപിക്കും വില്ല നിര്‍മിക്കാന്‍ വകമാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ഡിജിപി തയ്യാറായില്ല.

  കാണാതായ 250 ഒമ്പത് എംഎം ഡ്രിൽ കാര്‍ട്രിഡ്ജിനു പകരം 250 കൃത്രിമ കാർട്രിഡ്ജുകൾ വെച്ച് കുറവ് മറച്ചുവെച്ചതായും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 250 അനധികൃത കൃത്രിമ കാർട്രിഡ്ജുകൾ എങ്ങനെ ബറ്റാലിയന്റെ കൈവശം എത്തിയെന്ന് ഓഡിറ്ററിനോട് വിശദീകരിക്കാൻ എസ്എപിബി കമാൻഡന്റിനു കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

  തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ ലോംഗ് റേഞ്ച് ഫയറിംഗ് നടത്തിപ്പിലേക്കായി നൽകിയിരുന്നതിൽ 200 7.62 എംഎം വെടിയുണ്ടകൾ കുറവുള്ളതായി 2015 സെപ്തംബർ 14ന് എസ്എപിബിയിലെ ബി കമ്പനി ഓഫീസർ കമാൻഡിംഗ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ എംഎം വെടിയുണ്ടകളുടെ കുറവും അറിവുള്ളതായി ഓഡിറ്റിംഗിൽ കണ്ടുവെന്നാണ് വ്യക്തമാക്കുന്നത്.

  സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ലഭ്യമായിരുന്ന രേഖകളിൽ നിന്നും ഉയർന്ന ഉദ്യോഗസ്ഥർമാർ കാലാകാലങ്ങളിൽ ഭൗതിക പരിശോധന നടത്തിയതിന് തെളിവൊന്നും കണ്ടെത്താൻ ഓഡിറ്റിനായിട്ടില്ലെന്നും അതുകൊണ്ടാണ് 2018 ഒക്ടോബർ 16ന് സംയുക്ത പരിശോധന നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരിശോധനയിൽ 5.56 എംഎം ഇൻസാസ് റൈഫിളുകൾ 25 എണ്ണം കുറവാണെന്നും പ്രവർത്തന ക്ഷമമായ കാർട്രിഡ്ജുകൾ 12,069 എണ്ണം കുറവാണെന്നും കണ്ടെത്തുകയായിരുന്നു.

  ആയുധ ശേഖരങ്ങളിലെ കുറവിനെ കുറിച്ച് പൊലീസ് വകുപ്പിന് അറിയാമായിരുന്നുവെന്നും അതിനു കാരണക്കാരായ കുറ്റവാളികളെ തിരിച്ചറിഞ്ഞ് അവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കുറവ് വന്നത് മൂടി വയ്ക്കാനാണ് ശ്രമിച്ചതെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.

  ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ സർവ്വത്ര ക്രമക്കേടാണെന്ന് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. വാഹനം വാങ്ങാന്‍ ദര്‍ഘാസ് ക്ഷണിച്ചത് പരസ്യം നല്‍കാതെയാണെന്ന് കണ്ടെത്തി. നിയന്ത്രിത ദര്‍ഘാസില്‍ പോലും മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ടെക്‌നിക്കല്‍ കമ്മിറ്റി അനുമതിക്കു മുന്‍പു തന്നെ വാങ്ങാന്‍ നീക്കം തുടങ്ങി. സര്‍ക്കാരിന്റെ അനുമതി കിട്ടും മുന്‍പു തന്നെ രണ്ടു വാഹനങ്ങള്‍ വാങ്ങി. ചട്ടങ്ങളെല്ലാം ലംഘിച്ച് മുന്‍കൂറായി 33 ലക്ഷം രൂപ നല്‍കിയെന്നും സി.എ.ജിയുടെ കണ്ടെത്തലിലുണ്ട്.

  15 ശതമാനം ആഡംബര കാറുകൾ വാങ്ങി. അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ വാഹനങ്ങള്‍ ഇല്ലാതിരിക്കെയാണ് ഫണ്ട് വകമാറ്റിയത്. ഫോര്‍ച്യൂണര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാങ്ങിയത് ഫണ്ട് വകമാറ്റിയാണ്. 2017ലെ സാങ്കേതിക സമിതി യോഗത്തിന് മുമ്പ് കമ്പനികളിൽനിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നും സിഎജിയുടെ കണ്ടെത്തലിലുണ്ട്.

  ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന വിമർശനവും സിഎജി റിപ്പോർട്ടിലുണ്ട്. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ 9285 കേസുകളിൽ തീർപ്പായിട്ടില്ല. പോക്സോ കേസുകൾ ഉൾപ്പടെയാണിത്. സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ചു.

  ഡിജിപിയേയും പൊലീസിനേയും മുഖ്യമന്ത്രി കയറൂരിവിട്ടിരിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്. പക്ഷേ, സിഎജിയുടെ കണ്ടെത്തലുകളിലുള്ളത് അഴിമതിയുടേയും ധൂര്‍ത്തിന്റേയും തെളിവുകളാണ്. സര്‍ക്കാരിനെപ്പോലും അറിയിക്കാതെ ഡിജിപി നടത്തിയ ഇടപാടുകള്‍ക്ക് വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറയേണ്ടി വരും.

  അതേസമയം അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളാണ് സിഎജിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോക്കുകളും, വെടിയുണ്ടകളും നഷ്ടപ്പെട്ടതിൽ എൻഐഎ അന്വേഷണം വേണം. ക്രമക്കേടും, അഴിമതിയും ഉൾപ്പെടെയുള്ള ആരോപമങ്ങളാണ് ഡിജിപിയ്ക്കെതിരെ ഉയർന്ന് വന്നിരിക്കുന്നത്. ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഡിജിപിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
  Published by:Anuraj GR
  First published: