HOME » NEWS » Kerala » CANDIDATES FACE DIFFERENT TYPES OF INTERVIEW EXAMINATION IN ISD FARM

ചോദ്യങ്ങൾക്ക് പകരം മൺവെട്ടിയും പാരയും കൊടുവാളും; വ്യത്യസ്തമായ ഒരു അഭിമുഖ പരീക്ഷ

കുഴിയെടുക്കുന്നതിനൊപ്പം, കാടു വെട്ടാനും, തെങ്ങു കയറാനുമൊക്കെ പറഞ്ഞപ്പോൾ ജോലി അഭിമുഖത്തിനായി വന്ന പലരും ശരിക്കുമൊന്ന് ഞെട്ടി

News18 Malayalam | news18-malayalam
Updated: January 12, 2021, 11:19 PM IST
ചോദ്യങ്ങൾക്ക് പകരം മൺവെട്ടിയും പാരയും കൊടുവാളും; വ്യത്യസ്തമായ ഒരു അഭിമുഖ പരീക്ഷ
eruthempathy
  • Share this:
പാലക്കാട്: വളരെ വ്യത്യസ്തമായ ഒരു അഭിമുഖ പരീക്ഷ എരുത്തേമ്പതി ഐഎസ്.ഡി ഫാമിൽ കഴിഞ്ഞ ദിവസം നടന്നു. എംപ്ലോയ്മെന്റ് മുഖേന അഭിമുഖത്തിന് ക്ഷണം ലഭിച്ച് എത്തിയ ഉദ്യോഗാർഥികളെ കാത്തിരുന്നത് ചോദ്യശരങ്ങളായിരുന്നില്ല, മറിച്ച് മൺവെട്ടിയും പാരയും കൊടുവാളുമൊക്കെയായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ കുഴിയെടുക്കാനും തെങ്ങിന് തടമെടുക്കാനുമൊക്കെയാണ് ജോലി വേണ്ടവർ ചെയ്യേണ്ടിയിരുന്നത്.

കുഴിയെടുക്കുന്നതിനൊപ്പം, കാടു വെട്ടാനും, തെങ്ങു കയറാനുമൊക്കെ പറഞ്ഞപ്പോൾ ജോലി അഭിമുഖത്തിനായി വന്ന പലരും ശരിക്കുമൊന്ന് ഞെട്ടി. ആദ്യത്തെ ആശ്ചര്യം വിട്ടൊഴിഞ്ഞതോടെ പലരും ഉൽസാഹത്തോടെ അഭിമുഖ പരീക്ഷയെ നേരിട്ടു. കഴിഞ്ഞ ഒരാഴ്ചയായാണ് എരുത്തേമ്പതി ഐഎസ്ഡി ഫാമിൽ സ്ഥിരം തൊഴിലാളികൾക്കുവേണ്ടിയുള്ള വ്യത്യസ്തമായ അഭിമുഖ പരീക്ഷ നടന്നുവരികയാണ്.

എംപ്ലോയ്മെന്റ് മുഖേനയാണ് ഉദ്യോഗാർഥികളെ അഭിമുഖത്തിന് ക്ഷണിച്ചത്. 60 ഒഴിവുകളിലേക്കായി 492 ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വനിതകൾക്ക് 43 ഒഴിവുകളും പുരുഷൻമാർക്ക് 17 ഒഴിവുകളുമാണുള്ളത്. കായിക ക്ഷമത പരിശോധനയ്ക്കായി 4 ഇനങ്ങളാണ് ഉണ്ടായിരുന്നത്. പുരുഷൻമാർ‌ക്ക് 10 മിനിറ്റിനുള്ളിൽ നിശ്ചിത അളവിൽ വാഴക്കുഴിയെടുക്കൽ‌, തെങ്ങിനു തടമെടുക്കൽ, കാടുവെട്ടിത്തെളിക്കൽ, തെങ്ങുകയറ്റം തുടങ്ങിയവ. പങ്കെടുത്ത മിക്കവരും ഇതെല്ലാം ചെയ്യാൻ ശ്രമിച്ചെങ്കിലും ചിലർക്ക് അടിതെറ്റി.

സ്ത്രീകളുടെ പ്രായോഗിക പരീക്ഷയിൽ മാറ്റങ്ങളുണ്ടായിരുന്നു. ആദ്യ 3 ഇനങ്ങളും തെങ്ങു കയറ്റത്തിനു പകരം കുട്ടയിൽ മണ്ണ് ചുമക്കലുമാണ് സ്ത്രീകൾ ചെയ്യേണ്ടിയിരുന്നത്. ഉദ്യോഗാർഥികളുടെ പ്രകടനം വിലയിരുത്തി മാർക്കിടാൻ ഓരോ വിഭാഗത്തിനും 3 പേർ അടങ്ങുന്ന കൃഷി ഉദ്യോഗസ്ഥരുണ്ടായിരുന്നു.
പ്രിൻസിപ്പൽ കൃഷി ഓഫിസർ വി.സുരേഷ്ബാബു, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ പി.പി. ഉമ്മുൽ സൽമ, എസ്. നൂറുദീൻ, ടി. സുശീല, പി.ആർ. ഷീല, ഫാം സൂപ്രണ്ട് എസ്. ആറുമുഖപ്രസാദ് എന്നിവർ കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകി.
Published by: Anuraj GR
First published: January 12, 2021, 11:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories