തിരുവനന്തപുരം: കൺനിറയെ കണികാണാൻ കണിവെള്ളരിയില്ലാതെ എന്ത് വിഷു? തിരുവനന്തപുരം കാട്ടാക്കട വിഴവൂരിൽ ബാലചന്ദ്രൻ നായരുടെ വെള്ളരിപാടത്തിന് ഈ വിഷുകാലത്തും പവന്റെ മാറ്റുണ്ട്. വിഷു വിപണി ലക്ഷ്യമിട്ട് കണിവെള്ളരി വിളവെടുപ്പ് അവസാന ഘട്ടത്തിലാണ്. കർഷകനായ ബാലചന്ദ്രൻ നായർ ഈ ലോക്ക്ഡൗൺ കാലത്തും ഉച്ചവരെ പാടത്താണ്. തലസ്ഥാനത്തുകാർ ഓട്ടിരുളിയിൽ കണിയൊരുക്കുമ്പോൾ ഊതി കാച്ചിയ പൊന്ന് പോലെ ഈ കർഷകന്റെ കണിവെള്ളരിയുമുണ്ടാവും.
45 ദിവസമാണ് കണിവെളളരി കൃഷിക്ക് വേണ്ടത്. കുഴിയെടുത്ത്, വിത്ത് നട്ട്, ചാണകവും കുമ്മായവും മാത്രം ഉപയോഗിച്ച് വിളയിച്ചെടുത്തതാണ് ബാലചന്ദ്രൻ നായരുടെ നാടൻ കണിവെളളരികൾ. കണിവെള്ളരി കിലോയ്ക്ക് 20 രൂപ. കഴിഞ്ഞവർഷവും ഇതേ വില തന്നെ എന്നത് മാത്രമാണ് പരിഭവം.
You may also like:
COVID 19 LIVE Updates| സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു [NEWS]
'നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും': പ്രവാസികളോട് മുഖ്യമന്ത്രി [NEWS]
ഇതുവരെ 6000 കിലോ കണിവെളളരി വിളവെടുത്തു. സംഘ മൈത്രിയുടെ സ്വന്തം വിൽപ്പന കേന്ദ്രങ്ങൾ വഴിയാണ് കണിവെള്ളരികൾ വിപണിയിലെത്തുന്നത്. സംഘമൈത്രി കർഷക കൂട്ടായ്മയുടെ ചെയർമാൻ കൂടിയാണ് ബാലചന്ദ്രൻ നായർ. കോവിഡ് വിഷു വിപണിയെ ബാധിക്കുമോയെന്ന് പലരും ആശങ്കപ്പെടുമ്പോൾ എല്ലാവരും വീട്ടിലുളള വിഷുകാലത്തിന് പകിട്ട് ഇരട്ടിയാണെന്നാണ് ഈ കർഷകന്റെ മറുപടി.
വിപണി പിടിക്കാൻ അതിർത്തി കടന്ന് തമിഴ് കണിവെള്ളരിയും എത്തി കഴിഞ്ഞു. അവിടെ കർഷകർക്ക് 250 രൂപ നൽകുമ്പോൾ ഇവിടെ 750 മുതൽ 1000 രൂപ വരെയാണ് കൂലി. ഇവിടെ ലാഭം കുറവാണെങ്കിലും വിഷുകാലത്ത് കണിവെളളരി കൃഷി ഉപേക്ഷിക്കാൻ ഇദ്ദേഹമില്ല. ഒരു വിഷുക്കാലത്ത് രണ്ട് മുതൽ മൂന്നു ലക്ഷം വരെയാണ് കച്ചവടം. കൃഷി ചിലവ് 50,000 രൂപ. വാതിലടച്ച ആശങ്കയുടെ കാലത്ത് പുതുവർഷ ഐശ്വര്യങ്ങളിലേക്ക് കൺതുറക്കുമ്പോൾ ബാലചന്ദ്രൻ നായരെ പോലുളള കർഷകരെയും നമുക്ക് ഓർക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Farmers, Farmers in kerala, How make vishukkani, Vishu, Vishu celebration, Vishu Festival, Vishukkani