കൊച്ചി: ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെയും സംഘത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തിൽ ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ അറസ്റ്റ് ഉടൻ. വിമാനത്താവളത്തിലെ സി.സി ടി.വി ദൃശ്യങ്ങളും മറ്റ് വീഡിയോകളും പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിൽ നിന്നും പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിച്ചശേഷം അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
അതീവ സുരക്ഷാ മേഖലകളിലൊന്നാണ് വിമാനത്താവളം. പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പൊലീസ് അന്നുതന്നെ കേസ് എടുത്തിരുന്നു. എന്നാൽ, സമരത്തിന്റെ വീഡിയോയും മറ്റും പരിശോധിച്ച പൊലീസ് പിന്നീട് 500 പേർക്കെതിരെ കേസ് ചുമത്താൻ തീരുമാനിച്ചു. ഇതിൽ നേതാക്കളെ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി, അതീവ സുരക്ഷാമേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 4.30ന് ഇൻഡിഗോ വിമാനത്തിൽ തൃപ്തി ദേശായി എത്തിയതു മുതൽ രാത്രി 9.30ന് തിരിച്ചുപോകും വരെ പ്രതിഷേധം തുടർന്നു. സി.ഐ.എസ്.എഫ് സീനിയർ കമാൻഡൻഡിന്റെ കീഴിൽ അറുന്നൂറോളം പേരെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.