HOME » NEWS » Kerala » CASE AGAINST A POLICE OFFICER AFTER SHARING CAMPAIGN AD FOR LDF IN SOCIAL MEDIA 1

'ഉറപ്പാണ് എൽഡിഎഫ്' പരസ്യം ഷെയർ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

മനോദൗര്‍ബല്യമുള്ള മകൻ തന്‍റെ ഫോൺ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വീഡിയോ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷെയർ ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി ഉദ്യോഗസ്ഥൻ രംഗത്തെത്തി

News18 Malayalam | news18-malayalam
Updated: April 5, 2021, 8:00 PM IST
'ഉറപ്പാണ് എൽഡിഎഫ്' പരസ്യം ഷെയർ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
ldf campaign
  • Share this:
കാസര്‍കോട്: 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന തെരഞ്ഞെടുപ്പ് പരസ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കാസര്‍കോട്ടെ എസ്. ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ് ആണ് എൽ ഡി എഫിന്‍രെ തെരഞ്ഞെടുപ്പ് പരസ്യ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയായിരുന്നു. ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെ കേസെടുക്കാൻ കമ്മീഷൻ പൊലീസിനോട് നിർദേശിച്ചു. ഇതേ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം മനോദൗര്‍ബല്യമുള്ള മകൻ തന്‍റെ ഫോൺ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വീഡിയോ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷെയർ ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി ഷെയ്ഖ് അബ്ദുൽ റസാഖ് രംഗത്തെത്തി. എന്നാൽ ഇത് അംഗീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ പരസ്യമായി സി. പി. എമ്മിനെ പിന്തുണച്ചതിന് എസ്.ഐയ്‌ക്കെതിരെ നടപടിയുമായി മുന്നോട്ടു പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഷെയ്ഖ് അബ്ദുൽ റസാഖിനെതിരെ പൊലിസ് കേസെടുത്തു.

ചട്ടം ലംഘിച്ച് ഒരു രാഷ്ട്രീയ കക്ഷിയെ പിന്തുണയ്ക്കുന്ന വിധം ഫേസ്ബുക്ക് അക്കൗണ്ടില്‍ 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന പോസ്റ്ററില്‍ സ്വന്തം ചിത്രം ചേര്‍ത്തതിനാണ് കേസ്. റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് എസ്.ഐയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതിനിടെ വോട്ടിന് മദ്യം വിതരണം ചെയ്യുന്നെന്ന പരാതിയുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ചവറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് സ്ഥാനാർഥി മദ്യ വിതരണം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്. മദ്യം വിതരണം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സഹിതമാണ് ഷിബുവിന്റെ പരാതി. ഇടതു സ്ഥാനാർഥിയുടെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലുകൾ വഴി ടോക്കൺ നൽകി മദ്യം വിതരണം ചെയ്യുകയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതു കൂടാതെ വാഹനങ്ങളിൽ മദ്യം എത്തിച്ചു നൽകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

മദ്യം വിതരണം ചെയ്യുന്നതിന്റെ ദൃശ്യം ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. "മദ്യവും പണവും ഒഴുക്കി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ചവറയിൽ ജനവിധി അട്ടിമറിക്കാൻ നോക്കുകയാണെന്ന് അഞ്ചു വർഷം മുൻപേ യുഡിഎഫ് പറഞ്ഞതാണ്‌. ഇന്നത് തെളിവുകൾ സഹിതം പുറത്തു വന്നിരിക്കുന്നു. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ സ്വന്തം ബാറുകളിൽ നിന്നും വോട്ടർമാർക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണ്. ബാറിന് മുൻപിൽ സൗജന്യമായി കൂപ്പൺ വിതരണം ചെയ്യുന്നതും, ആ കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി മദ്യം വാങ്ങുന്നതും, ആളുകൾ പുറത്ത് നിന്ന് കൊണ്ടുവന്ന കുപ്പികളിൽ മദ്യം ഒഴിച്ചു കൊടുക്കുന്നതും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമായി കാണാം. ഇത്തരത്തിൽ സീല് പൊട്ടിച്ച് കുപ്പികളിൽ ഒഴിച്ച് കൊടുത്തു വിടുന്ന മദ്യത്തിന് എന്ത് സുരക്ഷിതത്വം ആണ് ഉള്ളത്.? ഇതേ ബാറിൽ നിന്നും മദ്യപിച്ച് വന്ന സാമൂഹിക വിരുദ്ധരാണ് കഴിഞ്ഞ ദിവസം ബിയർ കുപ്പികൊണ്ട് യുഡിഎഫ് പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചത്.


അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് ഈ മൂന്ന് ബാറുകളിലും നടക്കുന്നത് എന്നതിനും ഈ ദൃശ്യങ്ങൾ തെളിവാണ്. ഇത് മനുഷ്യാന്തസ്സിനെതിരെയുള്ള വെല്ലുവിളി ആണ്. ജനാധിപത്യത്തോടുള്ള തുറന്ന യുദ്ധപ്രഖ്യാനമാണ്. ഒരു രാഷ്ട്രീയ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെയല്ല. ഇത് ഞങ്ങൾക്ക് കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല. ഈ രാഷ്ട്രീയ മര്യാദകേടിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കയ്യിൽ കള്ളും പണവും ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വരെ അട്ടിമറിക്കാമെന്ന ഇവരുടെ ധാരണ എന്ത് വിലകൊടുത്തും നമ്മൾ ചവറക്കാർ തിരുത്തിക്കും. ഏതറ്റം വരെ പോയിട്ടാണെങ്കിലും ഈ നെറികെട്ട രാഷ്ട്രീയത്തിന് പുറകിലുള്ളവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരും." ഷിബു ഫേസ്ബുക്കിൽ കുറിച്ചു.

Published by: Anuraj GR
First published: April 5, 2021, 7:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories