കൊച്ചി:കോണ്‍ഗ്രസിന്റെ(Congress) ദേശീയപാത ഉപരോധ സമരത്തിനിടെ മാസ്ക് ധരിയ്ക്കാതെ പ്രതിഷേധവുമായി എത്തിയ നടന് ജോജു ജോര്‍ജിനെനെതിരെ(Joju George)പോലീസ് കേസെടുത്തു. മരട് പോലീസാണ് കേസെടുത്തത്. ജോജു ജോര്‍ജ്ജ് 500 രൂപ പിഴ അടയ്ക്കണം.
ഇന്ധന വില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയ പാത ഉപരോധ സമരത്തിനിടെയായിരുന്നു വൈറ്റിലയില്‍ പ്രതിഷേധവുമായി നടന് ജോജു ജോര്‍ജ്ജ് എത്തിയത്. വഴി തടഞ്ഞുള്ള സമരത്തെ ചോദ്യം ചെയ്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. ഈ സമയത്ത് ജോജു ജോര്‍ജ്ജ് മാസ്ക് ധരിച്ചിരുന്നില്ല.
ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന് കൊച്ചി ഡിസിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഡിസിപി ഈ പരാതി മരട് സി ഐയ്ക്ക് കൈമാറുകയായിരുന്നു. ദ്യശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് പോലീസ് ജോജുവിനെതിരെ കേസെടുത്തത്.
500 രൂപയാണ് പിഴ അടയ്ക്കേണ്ടത്. ഈ തുക പോലീസ് സ്റ്റേഷനില്‍ അടച്ചാല്‍ മതി. നേരിട്ട് അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേയ്ക്ക് കൈമാറും.
ജോജു ജോര്‍ജ്ജ് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ജോജു ജോര്‍ജിനെതിരെ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
എന്നാല്‍ കേസെടുക്കുന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. ജോജുവിനെതിരെ കേസെടുക്കാത്തതിനെതിരെ മരട് പോലീസ് സ്റ്റേഷനിലേയ്ക്ക് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ 8 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതി ചേര്‍ത്താണ് പോലീസ് കേസെടുത്തിരുന്നത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയ്ക്കടക്കം 7 പേര്‍ക്കും കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. 37500 രൂപ വീതം കെട്ടിവെയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. 50000 രൂപയുടെ രണ്ട് ആള് ജാമ്യവും കോടതി വ്യവസ്ഥയായി വെച്ചിരുന്നു.
ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത ജോസഫിന് കോടതി ഇതുവരെയും ജാമ്യം അനുവദിച്ചിട്ടില്ല. ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ച്ചത്തേയ്ക്ക് മാറ്റിയിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും പിന്നീട് പരാജയപ്പെട്ടിരുന്നു. ഒത്തുതീര്‍പ്പ് നീക്കം പരാജയപ്പെട്ടത് പിന്നില്‍ സിപിഎം നേത്യത്വം ഇടപെട്ടതിനെത്തുടര്‍ന്നായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Joju george