നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോണ്‍ അനുവദിച്ചില്ല; പീഡനക്കേസില്‍ കുടുക്കി മര്‍ദ്ദനം; എസ്.പി നിശാന്തിനിക്ക് എതിരായ കേസ് 18.5 ലക്ഷം നല്‍കി ഒത്തുതീര്‍പ്പാക്കി

  ലോണ്‍ അനുവദിച്ചില്ല; പീഡനക്കേസില്‍ കുടുക്കി മര്‍ദ്ദനം; എസ്.പി നിശാന്തിനിക്ക് എതിരായ കേസ് 18.5 ലക്ഷം നല്‍കി ഒത്തുതീര്‍പ്പാക്കി

  ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററില്‍ ജൂലൈ 12-ന് നഷ്ടപരിഹാരത്തുക കൈമാറി. ഇക്കാര്യം പേഴ്സി ജോസഫ് NEWS 18 നോട് സ്ഥിരീകരിച്ചു. 

  നിശാന്തിനി

  നിശാന്തിനി

  • Share this:
   കൊച്ചി: ബാങ്ക് മാനേജരെ പീഡനക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.പി നിശാന്തിനിക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കി. കോടതിക്ക് പുറത്ത് നടത്തിയ ചര്‍ച്ചയില്‍ 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖാ മാനേജര്‍ പേഴ്‌സി ജോസഫ് ഡസ്മണ്ടാണ് നിശാന്തിനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി നിശാന്തിനിയും പൊലീസുകാരും രംഗത്തെത്തിയത്. ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററില്‍ ജൂലൈ 12-ന് നഷ്ടപരിഹാരത്തുക കൈമാറി. ഇക്കാര്യം പേഴ്സി ജോസഫ് NEWS 18 നോട് സ്ഥിരീകരിച്ചു.

   2011-ല്‍ ആരംഭിച്ച നിയമ പോരാട്ടം

   2011 ജൂലൈ 26-നാണ് പേഴ്‌സി ജോസഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. വനിതാ പൊലീസുകാരിയെ അപമാനിച്ചെന്ന പരാതിയിലായിരുന്നു ഇത്. തുടർന്ന് എ.എസ്.പിയായിരുന്ന നിശാന്തിനിയും പൊലീസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനിലയിലായ പേഴ്‌സിയുടെ അറസ്റ്റ് രേഖപ്പെടുത്തി പിറ്റേദിവസം കോടതിയില്‍ ഹാജരാക്കി. പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് ഡോക്ടറോടും മജിസ്‌ട്രേറ്റിനോട് പേഴ്‌സി പരാതിപ്പെട്ടു. കോടതി ജാമ്യം അനുവദിച്ചു.

   ഇതിനു പിന്നാലെയാണ് നിശാന്തിനിക്കും പൊലീസുകാര്‍ക്കുമെതിരെ പേഴ്‌സി ജോസഫ് നിയമപോരാട്ടം ആരംഭിച്ചത്. നിശാന്തിനിയെ കൂടാതെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വി.ഡി പ്രമീള, പൊലീസ് ഡ്രൈവര്‍ ടി.എം സുനില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.എ ഷാജി, നൂര്‍ സമീര്‍, വിരമിച്ച എസ്.ഐ കെ.വി മുരളീധരന്‍ എന്നിവര്‍ക്കെതിരെയാണ് മർദ്ദിച്ചതിന്  കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള  18 പേരെ പ്രതികളാക്കിപേഴ്സി മാനനഷ്ട കേസും ഫയല്‍ ചെയ്തു.

   സംഭവം ഇങ്ങനെ

   തൊടുപുഴ ശാഖയുടെ മാനേജരായി ചുമതലയേറ്റയുടന്‍ വായ്പാ കുടിശിക പിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് പേഴ്‌സി തുടക്കമിട്ടു. ഇതിനിടെ തൊടുപുഴയിലെ ഒരു വനിതാ നേതാവിന്റെ ഭര്‍ത്താവുമായി തര്‍ക്കമുണ്ടായി. ഇയാള്‍ ഭീഷണിപ്പെടുത്തിയ ശേഷമാണ് ബാങ്കില്‍ നിന്നും മടങ്ങിയത്. തൊട്ടടുത്തദിവസം വായ്പ ആവശ്യപ്പെട്ട് ഒരു സ്ത്രീയെത്തി. എന്നാല്‍ അവര്‍ക്ക് വായ്പ നല്‍കാനാകില്ലെന്ന് മാനേജര്‍ അറിയിച്ചു. പിറ്റേന്ന് മറ്റൊരു സ്ത്രീയും വായ്പ സംബന്ധിച്ച വിവരങ്ങള്‍ തിരക്കാനെത്തി. ഇതിനു പിന്നാലെ പേഴ്‌സി ജോസഫിനെ എ.എസ്.പിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. വായ്പ ആവശ്യപ്പെട്ടെത്തിയ സ്ത്രീയെ അപമാനിച്ചെന്നായിരുന്നു പരാതി. സ്ത്രീകളെ അപമാനിക്കുമോയെന്ന് ചോദിച്ച് എ.എസ്.പി നിശാന്തിനിയും പൊലീസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പേഴ്‌സി നല്‍കിയ പരാതിയിലെ പ്രധാന ആരോപണം.

   വായ്പ തേടിയെത്തിയത് പ്രമീള

   വനിതാ നേതാവിന്റെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ സിവില്‍ പൊലീസ് ഓഫീസറായ പ്രമീളയാണ് വായ്പ  ആവശ്യപ്പെട്ട് തൊടുപുഴയിലെ യൂണിയന്‍ ബാങ്കിലെത്തിയത്. മാനേജര്‍ തന്റെ കൈയ്യില്‍ കയറി പിടിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചെന്നുമാണ് പ്രമീള നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്.

   പൊലീസിനെ ന്യായീകരിച്ച് എസ്.പി ജോര്‍ജ് ജോസഫ്

   നിശാന്തിനിക്കും പൊലീസുകാര്‍ക്കും എതിരായ പരാതിയില്‍ അന്നത്തെ ഇടുക്കി എസ്.പിയായിരുന്ന ജോര്‍ജ് ജോസഫ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പൊലീസുകാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് എസ്.പി സമര്‍പ്പിച്ചത്. മനുഷ്യാവകാശ കമ്മിഷന്‍ ഈ റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും അന്വേഷണം നടത്തി. പേഴ്‌സി ജോസഫിനെ കെണിയില്‍പ്പെടുത്തിയതാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നിശാന്തിനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വകുപ്പ്തല നടപടി എടുക്കണമെന്നും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി 2017 ല്‍ ഉത്തരവിട്ടു.

   ഒത്തുതീര്‍പ്പും മാപ്പ് പറയലും തിരിച്ചടി ഉറപ്പായതോടെ

   കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് നിശാന്തിനിയും പൊലീസുകാരും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചത്. മധ്യസ്ഥ ചര്‍ച്ചയില്‍ 18.5 ലക്ഷം രൂപ നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. നഷ്ടപരിഹാരം ലഭിച്ചതിനെ തുടര്‍ന്ന് നിശാന്തിനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിച്ചെന്ന് പേഴ്‌സി ജോസഫ്  NEWS 18 നോട് പറഞ്ഞു. അതേസമയം വകുപ്പ്തല നടപടി ഒഴിവാക്കണമോയെന്നതില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതായിരിക്കും. നിലവില്‍ എസ്.പിയായ നിശാന്തിനി വിദേശത്തെ ഉപരിപഠനത്തിനായി അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

   Also Read കടൽ കടന്ന് 'ജോളി'; കൂടത്തായി കൊലപാതക പരമ്പര ഫുൾപേജ് വാർത്തയാക്കി 'ദി ന്യൂയോർക്ക് ടൈംസ്'

   First published:
   )}