കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ (Governor Arif Mohammad Khan) സുന്നി യുവജനസംഘം സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ (Abdul Hameed Faizy Ambalakkadavu) വര്‍ഗീയ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് (K Surendran). ആരിഫ് മുഹമ്മദ് ഖാന് ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമര്‍ശം മത സാഹോദര്യം തകര്‍ക്കുന്നതാണ്. കേരളത്തിലെ മതേതരത്വത്തിന്റെ ഏറ്റവും പ്രധാന മാതൃകയായ ശബരിമലയെ വര്‍ഗീയമായി കാണുന്നത് ദുഷ്ടലാക്കോടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികള്‍ക്കും പ്രചോദനമാവുന്നത്. ഭരണഘടനാ പദവിയായ ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. തങ്ങളുടെ അഴിമതിയെ ചോദ്യം ചെയ്താല്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുമെന്നാണ് സിപിഎം സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ ഖജനാവ് കൊള്ളയടിക്കുന്നത് ഗവര്‍ണര്‍ എതിര്‍ത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണം. ഭരണപക്ഷത്തിന്റെ ഏറാമൂലികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണയ്ക്കുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് യഥാര്‍ത്ഥ ഇസ്ലാം മത വിശ്വസി അല്ലെന്നും ഇതരമതസ്ഥരുടെ ആചാരവും വേഷവും സ്വീകരിച്ചാല്‍ ഇസ്ലാമില്‍ നിന്ന് പുറത്താണെന്നുമായിരുന്നു സുന്നി യുവ ജനസംഘം സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാന് ഇസ്ലാമില്‍ നിന്ന് പുറത്താണ്. ആരിഫ് മുഹമ്മദ് ഖാന്റെ ശബരിമല സന്ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
'ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം കൂടുതല്‍ വലിയ പദവികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരിഫ് മുഹമ്മദ് ഖാന് ഇസ്ലാമിനെ പരിഹസിച്ചും പുച്ഛിച്ചും രംഗത്ത് വന്നിരിക്കുന്നു. ഒരു മുസ്ലിം ഇതര മതസ്ഥരുടെ ദേവാലയങ്ങളിലേക്ക് പോവുകയോ ആചാരങ്ങള്‍ പിന്തുടരുകയോ വേഷം ധരിക്കുകയോ ചെയ്താല്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ്. ഹിജാബ് വിഷയത്തിൽ ഗവർണർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് അകത്ത് നിന്ന് കൊണ്ടല്ല ഇസ്ലാമിന് പുറത്തേക്കുള്ള വാതിലില്‍ നിന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍,' ഹമീദ് ഫൈസി പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.