കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തവണ കത്തോലിക്കാ സഭയുടേതായി ഇടയലേഖനം ഉണ്ടാവില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സംയുക്ത ഇടയലേഖനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പഠനങ്ങളിലൂടെയും പ്രസ്തവനകളിലൂടെയും വിശ്വാസികളെ പ്രബുദ്ധരാക്കി അവരുടെ ആവശ്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്ക്കൊള്ളിയ്ക്കുന്നതിനുള്ള ശ്രമങ്ങളാവും ഉണ്ടാവുക.
സഭ തെരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട്ബാങ്ക് ആയി മാറില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. മുമ്പ് ഉപാധിരഹിതമായ പിന്തുണ ആര്‍ക്കും നല്‍കിയിട്ടില്ല. വിഷയങ്ങള്ക്കനുസൃതമായാണ് തീരുമാനമെടുത്തത്. ഇത്തവണയും വിഷയങ്ങളെ അടിസ്ഥാനമാക്കിയാവും പിന്തുണ. ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങളൊന്നും നിര്‍മ്മിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സഭയ്ക്ക് പ്രത്യേക നിലപാടില്ല. വിവാദങ്ങളും ചര്‍ച്ചകളും മുറുകും വഴിയ്ക്ക് സഭാ നിലപാട് വ്യക്തമാക്കും. തെരഞ്ഞെടുപ്പു നയരൂപീകരണവുമായി ബന്ധപ്പെട്ട് കെ.സി.ബി.സി. പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.
രാജ്യത്തെ കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ചില വിദേശ രാജ്യങ്ങള്‍ കര്‍ഷകരെ സൈനികര്‍ക്കൊപ്പമാണ് കണക്കാക്കുന്നത്. കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നത് യുദ്ധകാല പ്രാധാന്യത്തില്‍ നടപടികള്‍ കൈക്കൊള്ളണം എന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വൈദികര്‍, പോഷകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും രണ്ടു ദിവസങ്ങളിലായി നടക്കുന്ന പഠന ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സഭാ സര്‍ക്കത്തില്‍ നിയമനിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ നിലപാട് കടുപ്പിച്ച് നേരത്തെ യാക്കോബായ സഭ രംഗത്തെത്തിയിരുന്നു. അരമനകളില്‍ രാഷ്ട്രീയക്കാരെയും സ്ഥാനാര്‍ത്ഥികളെയും പ്രവേശിപ്പിയ്ക്കില്ലെന്ന് സഭാ നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. സഭയെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ അവഗണിച്ചുവെന്ന് നേതൃത്വം കുറ്റപ്പെടുത്തി. ഈ വേദന തെരഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കും.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് അകന്നത് തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് കാരണമായതായി യു.ഡി.എഫ്. വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ കൊച്ചിയില്‍ സഭാ ആസ്ഥാനത്തെത്തി കര്‍ദ്ദിനാളുമായി ചര്‍ച്ചയും നടത്തിയിരുന്നു.
Highlights
- പഠനങ്ങളിലൂടെയും പ്രസ്തവനകളിലൂടെയും വിശ്വാസികളെ പ്രബുദ്ധരാക്കി അവരുടെ ആവശ്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്ക്കൊള്ളിയ്ക്കുന്നതിനുള്ള ശ്രമങ്ങളാവും ഉണ്ടാവുക
- വിഷയങ്ങളെ അടിസ്ഥാനമാക്കിയാവും പിന്തുണ
- സഭ തെരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട്ബാങ്ക് ആയി മാറില്ല
- വിവാദങ്ങളും ചര്‍ച്ചകളും മുറുകും വഴിയ്ക്ക് സഭാ നിലപാട് വ്യക്തമാക്കും
- കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നത് യുദ്ധകാല പ്രാധാന്യത്തില്‍ നടപടികള്‍ കൈക്കൊള്ളണം എന്ന് കര്‍ദ്ദിനാള്‍
- സഭയെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ അവഗണിച്ചുവെന്ന് യാക്കോബായ സഭ നേതൃത്വം
Summary: The Catholic Church announces its stand prior to the upcoming Assembly Polls. This time around, the church may put in efforts towards inclusion of the needs and wants of its people in the manifesto rather than going ahead with the publication of an open letterഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.