• HOME
  • »
  • NEWS
  • »
  • kerala
  • »
  • ISRO ഗൂഢാലോചന കേസ്: നമ്പി നാരായണനെതിരെ ആർ ബി ശ്രീകുമാർ വ്യക്തിവിരോധം തീർത്തു; സിബിഐ ഹൈക്കോടതിയിൽ

ISRO ഗൂഢാലോചന കേസ്: നമ്പി നാരായണനെതിരെ ആർ ബി ശ്രീകുമാർ വ്യക്തിവിരോധം തീർത്തു; സിബിഐ ഹൈക്കോടതിയിൽ

പോലീസുദ്യോഗസ്ഥരായ എസ് വിജയൻ തമ്പി, എസ്.ദുർഗാഗത്ത്, സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ എന്നിവർക്കെതിരെ നമ്പി നാരായണനടക്കമുള്ള സാക്ഷികളുടെ മൊഴികൾ സിബിഐ എതിർ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

News18 malayalam

News18 malayalam

  • Last Updated :
  • Share this:
കൊച്ചി: ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരായ  ഐഎസ്ആർഒ ചാരക്കേസ്  ഗൂഢാലോചനയിൽ  സിബിഐ  ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിയ്ക്കാനിരിക്കെയാണ് സി.ബി.ഐ സത്യവാങ്മൂലം സമർപ്പിച്ചത്.

പോലീസുദ്യോഗസ്ഥരായ എസ് വിജയൻ തമ്പി, എസ്.ദുർഗാഗത്ത്, സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ എന്നിവർക്കെതിരെ നമ്പി നാരായണനടക്കമുള്ള സാക്ഷികളുടെ മൊഴികൾ സിബിഐ എതിർ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആര്‍ബി ശ്രീകുമാര്‍ തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കുന്നതിനായി ചാരക്കേസ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന്  സത്യവാങ്മൂലത്തിൽ നമ്പി നാരായണൻ വ്യക്തമാക്കുന്നു.  തുമ്പ വിഎസ്എസിയില്‍ കമാന്റന്‍ഡ് ആയി ശ്രീകുമാര്‍ ജോലി നോക്കിയിരുന്നു. അക്കാലത്ത് ബന്ധുവിന് വിഎസ്എസ്സിയില്‍ നിയമനത്തിനായി തന്നെ സമീപിച്ചു. താന്‍ ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായി. ആർബി ശ്രീകുമാര്‍ തന്റെ ഓഫീസിലെത്തി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും നമ്പി നാരായണന്‍ മൊഴിയിൽ പറയുന്നു.

പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ താന്‍ ക്രൂര പീഡനത്തിനിരയായതായി. പീഡനം നടക്കുമ്പോള്‍ സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും പോലീസ് ക്ലബ്ബിലുണ്ടായിരുന്നു. താന്‍ നിലവിളിക്കുമ്പോള്‍ ഇരുവരും പരിഹസിച്ച് ചിരിക്കുകയാണുണ്ടായത്‌. ജയപ്രകാശ്, പൊന്നന്‍ എന്നിവരും മറ്റു ചിലരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
ആർ.ബി.ശ്രീകുമാറടക്കമുള്ള കോടതിയെ സമീപിച്ച നാലു പ്രതികളെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.കേസിൽ ഏഴാം പ്രതിയാണ് ശ്രീകുമാർ. നേരത്തെ ഗുജറാത്ത് ഹൈക്കോടതി ശ്രീകുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നമ്പി നാരായണനെ താൻ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീകുമാറിന്റെ വാദം.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിനാധാരമെന്നും ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ഇടപെടൽ ഉണ്ടോയെന്ന പരിശോധന തുടരുന്നതിനാൽ ഇടക്കാല ഉത്തരവിടരുതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. ക്രയോജനിക് സാങ്കേതിക വിദ്യ തടസ്സപ്പെടുത്തിയതിന്റെ ഗൂഢാലോചനയിൽ ശ്രീകുമാർ പങ്കാളിയായെന്ന് സി.ബി.ഐ. കോടതിയിൽ വാദിച്ചു. ഇതോടെ മറ്റു പ്രതികളുടെ ഹർജികൾ കേൾക്കുന്നത് വരെ അറസ്റ്റ് ചെയ്യില്ല എന്ന് ഉറപ്പു നൽകാൻ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. അറസ്റ്റുണ്ടാവില്ലെന്ന ഉറപ്പ്  നൽകാനാവില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതോടെ തിങ്കളാഴ്ച വരെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

നേരത്തെ കേസിലെ ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്ത്, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവരുടെ അറസ്റ്റ്  ഹൈക്കോടതി തടഞ്ഞിരുന്നു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ജാമ്യത്തിൽ വിടണമെന്നും രണ്ടാഴ്ചത്തേയ്ക്ക് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾ കേസ് അന്വേഷണവുമായി സഹകരിക്കണം എന്ന നിർദേശവും കോടതി നൽകിയിരുന്നു.

ഐഎസ്ആർഒ ചാരക്കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയാണു ചെയ്തതെന്നാണ് പ്രതികൾ ഹൈക്കോടതിയിൽ വാദിച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കിയതിനു പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥരെ ഇവർ കൈക്കൂലി നൽകി സ്വാധീനിച്ചതാണെന്നും ആരോപിച്ചു.

കേസ് അന്വേഷണം പൂർത്തിയായതിനു പിന്നാലെ പ്രതിയായിരുന്ന നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥരുമായി നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകളും ഗൂഢാലോചനക്കേസ് പ്രതികൾ കോടതിയിൽ ഹാജരാക്കിയിരുന്നു. സിബിഐ ‍ഡിഐജി രാജ്നാഥ് കൗൾ, മുൻ ഡിജിപി രമൺ ശ്രീവാസ്തവയുടെ ഭാര്യ അ‍ഞ്ജലി ശ്രീവാസ്തവ എന്നിവരുമായി  നമ്പിനാരായണൻ ഭൂമി ഇടപാടുകൾ നടത്തി എന്നതിൽ അന്വേഷണം വേണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.
Published by:Rajesh V
First published: