നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Walayar Case | 'വാളയാറിൽ പെൺകുട്ടികൾ ക്രൂര പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്തു'; കൊലപാതകമെന്ന ആരോപണം തള്ളി സിബിഐയും

    Walayar Case | 'വാളയാറിൽ പെൺകുട്ടികൾ ക്രൂര പീഡനത്തിനൊടുവിൽ ആത്മഹത്യ ചെയ്തു'; കൊലപാതകമെന്ന ആരോപണം തള്ളി സിബിഐയും

    പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ടുകുട്ടികളും മരണത്തിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു

    Walayar_Girls

    Walayar_Girls

    • Share this:
      തിരുവനന്തപുരം: വാളയാറിൽ (Walayar Case) പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് സിബിഐ (CBI) കുറ്റപത്രം. പൊലീസ് പ്രതിചേര്‍ത്തവരെ തന്നെ പ്രതികളാക്കിയാണ് സിബിഐയും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പെൺകുട്ടികൾ ക്രൂര പീഡനത്തിനൊടുവിൽ ആത്മഹത്യ (Suicide) ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകമാണെന്ന ആരോപണം തള്ളിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. അതേസമയം സിബിഐ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ പെൺകുട്ടികളുടെ അമ്മ രംഗത്തെത്തി. മുൻ അന്വേഷണ സംഘത്തിൻ്റെ തെറ്റ് CBl ആവർത്തിക്കുന്നു. കുട്ടികളെ കൊലപ്പെടുത്തിയത് തന്നെയാണ്. അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും
      ഹൈക്കോടതിയെ സമീപിയ്ക്കുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

      നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന പൊലീസിന്റെ നിഗമനം തന്നെയാണ് സിബിഐയും ആവര്‍ത്തിക്കുന്നത്. ബലാത്സംഗം, പോക്‌സോ കേസ്, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവരാണ് പ്രതികള്‍. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്. ഇളയ കുട്ടിയുടെ മരണത്തില്‍ വലിയ മധുവും, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയുമാണ് പ്രതികള്‍. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

      വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത് 2017 ലാണ്. ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 52 ദിവസത്തിനുശേഷം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ ഒമ്പതുവയസുകാരിയായ സഹോദരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദ്യത്തെ കുട്ടിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി ആയിരുന്നു ഇളയകുട്ടി. സഹോദരിയുടെ മരണദിവസം മുഖം മറച്ചുകൊണ്ട് രണ്ടുപേര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് താന്‍ കണ്ടതെന്ന് ഇളയ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. നിര്‍മാണത്തൊഴിലാളികളായ മാതാപിതാക്കളും മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ചു. എന്നാല്‍ ഇത് അവഗണിച്ച പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പിന്നാലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും അതേമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

      പിന്നീട് പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രണ്ടുകുട്ടികളും മരണത്തിന് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് വാളയാർ കേസ് കേരളത്തിന്‍റെ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിലേക്ക് വരുന്നത്. കുട്ടികൾ പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ ആദ്യ കുട്ടിയുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ശക്തമായി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തി. തുടര്‍ന്ന് ആരോപണവിധേയനായ വാളയാര്‍ എസ്ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. അതിനുശേഷം അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം ജെ സോജന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം മുന്നോട്ടുകൊണ്ടുപോയി.

      Also Read- Kodiyeri | 'കിഴക്കമ്പലം സംഘർഷത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്': കോടിയേരി ബാലകൃഷ്ണൻ

      തുടർന്ന് പാമ്ബാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്. മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി കൂടി അറസ്റ്റിലായി. കേസിലെ ഒന്നും നാലും പ്രതികള്‍ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കള്‍ ആയിരുന്നു. ഇതിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന യുവാവ് തൂങ്ങിമരിച്ചു.

      2017 ജൂണ്‍ 22 ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വാളയാര്‍ സഹോദരിമാരുടേത് ആത്മഹത്യയാണെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. വലിയ മധു എന്നറിയപ്പെടുന്ന ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശി ഷിബു, മൂന്നാം പ്രതി ചേര്‍ത്തല സ്വദേശി പ്രദീപ്, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവരെ പ്രതിചേർത്താണ് അന്ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇവർക്കെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

      എന്നാൽ വിചാരണയ്ക്കൊടുവിൽ 2019 ഒക്ടോബര്‍ ഒമ്പതിന് പുറത്തുവന്ന കേസിലെ ആദ്യ വിധിയില്‍ മൂന്നാം പ്രതി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെവിട്ടു. ഒക്ടോബര്‍ 25ന് വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. പ്രതികള്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കാന്‍ പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെവിട്ടത്. ഇതേത്തുടർന്ന് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഒപ്പം സെക്രട്ടേറിയറ്റിന് മുന്നിൽ സമരവും ആരംഭിച്ചു. 2020 നവംബര്‍ 4 ന് മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു.

      2021 ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. 2021 എപ്രില്‍ ഒന്നിന് കേസ് സിബിഐക്ക് വിട്ടു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ഉള്‍പ്പെടെ നൂറുപേരെ ചോദ്യം ചെയ്തു. രേഖകള്‍ അടക്കം 125 ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. തുടര്‍ന്നാണ് ഇരുവരുടെയും മരണ കാരണം ആത്മഹത്യതന്നെയെന്ന നിഗമനത്തിലേക്ക് സിബിഐയും എത്തിയത്. രണ്ടാമത്തെ കുട്ടിയുടെ മരണം ആത്മഹത്യയാണോയെന്ന് പരിശോധിക്കാൻ സിബിഐ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.
      Published by:Anuraj GR
      First published: