തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിന് അനുവദിച്ചിരിക്കുന്ന ഓഫീസ് ആറു മാസം കൂടി നീട്ടി കൊടുത്തു. കാസർകോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ രണ്ടു മുറികളാണ് സിബിഐക്ക് ക്യാമ്പ് ഓഫീസായി ആറുമാസത്തേക്ക് അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ആറുമാസം കൂടി കാലാവധി ദീർഘിപ്പിച്ച് നൽകണമെന്ന് സി.ബി.ഐ. സർക്കാരിന് അപേക്ഷ നൽകി. ഇത് പരിഗണിച്ചാണ് കാസർഗോഡ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ രണ്ടു മുറികൾ ക്യാമ്പ് ഓഫീസിന് ആയി ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകി ഉത്തരവ് ഇറക്കിയത്.
പരമാവധി ആറു മാസം വരെയോ അല്ലെങ്കിൽ കേസന്വേഷണം തീരുന്നതുവരെയോയാണ് മുറികൾ അനുവദിച്ചത്. എ.സി. സൗകര്യം ഉള്ളതും ഇല്ലാത്തതുമായ രണ്ടു മുറികളാണ് ക്യാമ്പ് ഓഫീസ് പ്രവർത്തനത്തിന് നേരത്തെ സർക്കാർ അനുവദിച്ചിരുന്നത്. ഈ ഓഫീസ് കേന്ദ്രമാക്കിയാണ് സി.ബി.ഐ. സംഘം പെരിയ കേസ് അന്വേഷണം നടത്തി വരുന്നത്. ആറു മാസത്തേക്ക് കൂടി ഓഫീസ് സൗകര്യത്തിന് കാലാവധി ദീർഘിപ്പിച്ച് ചോദിച്ചതിനാൽ കേസ് അന്വേഷണം ഇനിയും നീളുമെന്നാണ് സൂചന.
ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ. ഏറ്റെടുത്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. എന്നാൽ സുപ്രീം കോടതി അപ്പീൽ നിരസിച്ചു. കേസ് രേഖകൾ സിബിഐക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. തുടർന്നാണ് സി.ബി.ഐ. സംഘം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ച് അന്വേഷണം തുടങ്ങിയത്.
ആദ്യഘട്ട അന്വേഷണം സി.ബി.ഐ. പൂർത്തിയാക്കി എന്നാണ് സൂചന. ബന്ധപ്പെട്ടവരിൽ നിന്നും മൊഴിയെടുത്തു, കൊലപാതകസംഭവം കൃത്രിമമായി സൃഷ്ടിച്ച് സി.ബി.ഐ. സംഘം നേരത്തെ തെളിവെടുത്തിരുന്നു.
2019 ഫെബ്രുവരി 17നാണ് ഇരട്ട കൊലപാതകം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ക്രിപേഷും ശരത്ത് ലാലും ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഇരുവരെയും റോഡിൽ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രദേശത്തെ സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. 14 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ആദ്യം സംസ്ഥാന ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.
പ്രാദേശിക പ്രശ്നങ്ങൾ മാത്രമല്ല, സിപിഎമ്മിന്റെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരുടെയും ബന്ധുക്കൾ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
എന്നാൽ തുടക്കം മുതൽ സി.ബി.ഐ. അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർക്കുകയായിരുന്നു. സി.ബി.ഐ. വരാതിരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ ഹാജരാക്കിയത് വിവാദമായിരുന്നു. 80 ലക്ഷത്തിലധികം രൂപയാണ് അഭിഭാഷകർക്ക് ആയി സർക്കാർ ചെലവഴിച്ചത്. ഹൈക്കോടതി സി.ബി.ഐ. അന്വേഷണം അനുവദിച്ചെങ്കിലും സർക്കാർ സുപ്രീം കോടതിയിൽ പോയി. അപ്പീൽ സുപ്രീം കോടതിയും നിരാകരിച്ചതോടെയാണ് സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ വഴങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.