തിരുവനന്തപുരം: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട (Jasna case) കേസിൽ നോട്ടീസ് പുറത്തുവിട്ട് സിബിഐ(CBI). 2018 മാർച്ച് മുതലാണ് പത്തനംതിട്ടയിൽ നിന്നും ജസ്നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ്.
2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. കാണാതായി നാല് വർഷം പിന്നിടുമ്പോഴും ജസ്നയെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയായിരുന്നു ജസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല.
Also Read-
രണ്ടാം വർഷ ബി.കോം വിദ്യാർഥിനി ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാലുവർഷം; എങ്ങുമെത്താതെ അന്വേഷണം
വീട്ടിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയുള്ള മുക്കൂട്ടുതറയിൽ നിന്നാണ് ബസ് കയറി മുണ്ടക്കയത്തേക്ക് പോകുന്നത്. ഒരു ഓട്ടോറിക്ഷയിലാണ് കോട്ടയം ജില്ലയിൽപ്പെടുന്ന മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. അവിടെ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള എരുമേലി വഴി പോകുന്ന ബസിൽ ജസ്ന കയറിയതായി മാത്രമാണ് പൊലീസിന് ലഭിച്ച തെളിവ്. പിന്നീട് ജസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പിന്നീട് വെച്ചുച്ചിറ പോലീസിലും പരാതി നൽകി.
Also Read-
ജസ്ന മരിയ ജെയിംസ് എവിടെ ? സിബിഐ അന്വേഷിക്കാൻ എന്ത് ദുരൂഹതയാണ് ഇതിൽ ഉള്ളത് ?
ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അതിനു ശേഷം ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയ കേസ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സിബിഐയ്ക്ക് വിടാൻ ഹൈക്കോടതി ഉത്തരവിടുന്നത്. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരൻ ജയ്സ് ജയിംസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിതുമാണ് ഹർജി സമർപ്പിച്ചത്.
Also Read-
ജസ്നയെ തട്ടിക്കൊണ്ട് പോയതാകാമെന്ന് സിബിഐ FIR; കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു
ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എരുമേലി വരെ ജസ്ന പോയതായി സി സി ടി വി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡി ജി പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.