ന്യൂഡൽഹി: ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹർജികൾ അടിയന്തരമായി പരിഗണിച്ച് വിചാരണ അതിവേഗം പൂർത്തിയാക്കണമെന്ന നിലപാട് സ്വീകരിച്ച സിബിഐ വീണ്ടും വീണ്ടും സാവകാശം തേടുകയാണ്. വെളളിയാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് രേഖകൾ ഹാജരാക്കാൻ രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതി പട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ഹർജികളുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. കേസിലെ 3 പ്രതികളെ വിചാരണക്കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തരാക്കിയതിനാൽ സുപ്രീംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് വ്യക്തമാക്കിയിരുന്നു.
ശക്തമായ കാരണങ്ങളുണ്ടെന്നും, രേഖാമൂലം സമർപ്പിക്കാമെന്നുമായിരുന്നു സിബിഐയുടെ വാദം. സമഗ്രമായ കുറിപ്പ് സമർപ്പിച്ചെങ്കിലും അനുബന്ധ രേഖകൾ തയ്യാറാക്കാൻ സി ബി ഐക്ക് സാധിച്ചിരുന്നില്ല. അന്തിമവാദം ആരംഭിക്കാനിരിക്കെ രണ്ടാഴ്ചത്തേക്ക് കേസ് മാറ്റിവയ്ക്കണമെന്ന് ഒക്ടോബർ 16 ന് സിബിഐ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് കേസ് പരിഗണിക്കുന്നത് നവംബർ ആറിലേക്ക് മാറ്റിയത്. നാളെ കേസ് പരിഗണിക്കാനിരിക്കേയാണ് വീണ്ടും നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
You may also like: 'ലാവ്‌ലിന്‍ കേസിൽ സിബിഐയുടെ ചുവടുമാറ്റം ദുരൂഹം; CPM-BJP അന്തര്‍ധാര സജീവം': മുല്ലപ്പള്ളി രാമചന്ദ്രൻ
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കൺസൾട്ടന്റായി സംസ്ഥാന വൈദ്യുതി ബോർഡ് കാനഡയിലെ എസ്.എൻ.സി ലാവലിനുമായി ധാരണാപത്രം ഒപ്പിട്ടത് 1995 ഓഗസ്റ്റിലാണ്. ലാവലിനുമായി അന്തിമ കരാർ ഒപ്പിടുന്നതിന് മുന്നോടിയായി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംഘം കാനഡ സന്ദർശിക്കുന്നത് 1996 ഒക്ടോബറിലാണ്. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രോസിക്യൂഷന്റെ കേസ്. 1995-96കാലഘട്ടത്തിൽ നടന്ന സംഭവത്തിൽ വിചാരണ നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cbi, Cm pinarayi vijayan, Lavlin case, Snc lavlin, Supreme court