തിരുവനന്തപുരം: നിർമാണ മേഖലയ്ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് സിമന്‍റിന് കൊള്ള വില. 50 കിലോ വരുന്ന ഒരു പാക്കറ്റ് സിമന്‍റിന് ഒറ്റയടിക്ക് 40 മുതൽ 50 രൂപ വരെയാണ് വിവിധ കമ്പനികൾ വർധിപ്പിച്ചത്. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും സിമന്‍റ് വിലയിൽ 100 രൂപയോളം കുറവാണ്. കേരളത്തിൽ 50 രൂപ വരെ വർധിപ്പിച്ച സിമന്‍റ് കമ്പനികൾ അവിടങ്ങളിൽ പരമാവധി 20 രൂപ വരെയാണ് കൂട്ടിയത്. സിമന്‍റ് വില പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്. സർക്കാരിന്‍റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്‍റ്സ് 20 രൂപയാണ് കൂട്ടിയത്.
മുണ്ടുടുത്ത് ജോലിക്കെത്തിയ ഓവർസീയറെ സബ് എൻജിനീയർ മർദിച്ചതായി പരാതി
സിമന്‍റ് വില കൂടുമ്പോൾ അധികമായി ലഭിക്കുന്ന നികുതി വരുമാനത്തിൽ കണ്ണുവെച്ചാണ് സർക്കാർ ഇടപെടാത്തതെന്ന് ആക്ഷേപമുണ്ട്. ഒരു പാക്കറ്റ് സിമന്‍റിന് 50 രൂപ കൂടുമ്പോൾ സർക്കാരിന് നികുതി വരുമാനമായി 14 രൂപ അധികം ലഭിക്കും. ഇത്തരത്തിൽ പ്രതിമാസം 20 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സിമന്‍റ് വിറ്റഴിക്കാനും നീക്കം നടക്കുന്നുണ്ട്.
കേരളത്തിൽ 290 മുതൽ 340 രൂപ വരെ വിലയുണ്ടായിരുന്ന വിവിധ കമ്പനികളുടെ സിമന്‍റ് പാക്കറ്റിന് ഇപ്പോൾ 390 മുതൽ 440 രൂപ വരെയാണ് വില. തമിഴ് നാട്ടിൽ സർക്കാർ മേഖലയിലുള്ള അമ്മ സിമന്‍റ് 200 രൂപയ്ക്കാണ് വിൽക്കുന്നത്. സിമന്‍റ് വില വർധന ചെറുകിട നിർമാണ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇടത്തരക്കാരുടെ വീട് നിർമാണത്തിനാണ് സിമന്‍റ് വില വർധന കനത്ത ആഘാതമേൽപ്പിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cement price hike, Construction zone in kerala, സിമന്റ് വില, സിമന്‍റ് വില കൂടി, സിമന്‍റ് വില കേരളത്തിൽ